- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി വിമാനത്തിനായി കൂട്ടായ ശ്രമം; ശ്രമിച്ചു നോക്കാൻ ബ്രിട്ടീഷ് എയർവെയ്‌സും വിർജിൻ എയർലൈൻസും; ഉർവശി ശാപം ഉപകാരമാകുമോ? എയർ ഇന്ത്യ റൂട്ട് ഉപേക്ഷിച്ചതിന് കാരണം അജ്ഞാതം; സൗജന്യങ്ങൾ നൽകിയ സിയാലിനെ പോലും അറിയിക്കാത്ത ധിക്കാരം; ഇതാണോ ടാറ്റ മോഡൽ പ്രൊഫെഷനലിസം ?
ലണ്ടൻ: നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞ കൊച്ചി - ലണ്ടൻ ഡയറക്റ്റ് സർവീസ് പിടിച്ചു നിർത്താൻ കൂട്ടായ ശ്രമം . വിഷയത്തിൽ അടിയന്തരമായി ഇടപെട്ട ലോക കേരള സഭക്കൊപ്പം കേരളത്തിൽ നിന്നും നോർക്കയും എയർ ഇന്ത്യയോട് വിമാനം നിർത്തരുതെന്നു അഭ്യര്ഥിച്ചിരിക്കുകയാണ് . ഇക്കാര്യത്തിൽ വേണ്ടിവന്നാൽ രാഷ്ട്രീയമായും ഒന്നിച്ചു നിൽക്കണമെന്ന് കേരളത്തിലെ മുഴുവൻ എംപിമാരോടും ലോക കേരള സഭ അഭ്യർത്ഥിച്ചിട്ടുണ്ട്.
എന്നാൽ മുൻകൂട്ടി യാത്ര ബുക്ക് ചെയ്തവർക്ക് മുംബൈ , ഡൽഹി വഴി റൂട്ട് മാറ്റിയും അല്ലാത്തവർക്ക് മുഴുവൻ പണവും നല്കാൻ തയാറായിക്കഴിഞ്ഞ എയർ ഇന്ത്യ ആകട്ടെ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക വിശദീകരണം നല്കാൻ തയ്യാറായിട്ടുമില്ല . ഫലത്തിൽ ലാഭകരമായി പറന്നു കൊണ്ടിരുന്ന ഒരു വിമാന സർവീസിൽ നിന്നും പ്രത്യേകിച്ച് കാരണം ഒന്നും പറയാതെ മുഴുവൻ യുകെ മലയാളികളെയും പിടിച്ചിറക്കി വിട്ട സമീപനമാണ് എയർ ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് . ഇതോടെ ഇതാണോ ടാറ്റായുടെ പ്രൊഫഷണലിസം എന്ന ചോദ്യവും ഉയർന്നു കഴിഞ്ഞു . ഇതിനിടെ വിമാനം റദ്ദാക്കില്ലെന്ന സൂചനകളും പുറത്തു വരുന്നു.
അതിനിടെ സമാന നീക്കവുമായി ലണ്ടനിൽ നിന്നുള്ള മറ്റു റൂട്ടുകളിലും എയർ ഇന്ത്യ പരിഷ്‌കരണം വരുത്തിയതോടെ വിമാനം പൂർണമായും ഇല്ലാതായേക്കില്ല എന്ന പ്രതീക്ഷയും ട്രാവൽ ഏജൻസികൾ നൽകുന്നുണ്ട് . എന്നാൽ റൂട്ട് പരിഷ്‌കരണം ആണെങ്കിൽ എന്തിനു മുൻകൂർ ബുക്ക് ചെയ്തവർക്കു പണം മടക്കി നൽകണം എന്ന സംശയത്തിന് ഉത്തരം നല്കാൻ ആരുമില്ല എയർ ഇന്ത്യയിൽ . ഇക്കാര്യത്തിൽ ലണ്ടൻ റീജിയണൽ ഓഫീസിനും മാധ്യമ വാർത്തകളിൽ കണ്ടതിനു അപ്പുറം ഒന്നും പറയാനില്ല .
എയർ ഇന്ത്യക്കായി വഴി വിട്ടു ഒട്ടേറെ സൗകര്യങ്ങളും സൗജന്യങ്ങളും നൽകിയ നെടുമ്പാശേരി അന്താരഷ്ട്ര വിമാനത്താവളത്തിനു ഇതുവരെ എയർ ഇന്ത്യയിൽ നിന്നും ഔദ്യോഗികമായി കൊച്ചി - ലണ്ടൻ റൂട്ടിനെ പറ്റി ഒരു വിവരവും നല്കാനായിട്ടില്ലെന്നും കഴിഞ്ഞ ദിവസം വിമാനത്താവളം മാനേജിങ് ഡയറക്ടർ സുഹാസ് ഐ എ എസ വ്യക്തമാക്കിയിരുന്നു .
എന്നാൽ നിർണായകമായ മറ്റൊരു നീക്കത്തിൽ ബ്രിട്ടീഷ് എയർവെയ്‌സും വിർജിൻ എയർലൈൻസും കൊച്ചിയിലേക്കുള്ള സാദ്ധ്യതകൾ തേടുകയാണിപ്പോൾ . വിൽഷെയർ മലയാളിയും ചാനൽ വ്ളോഗറുമായ രാജൻ കുര്യൻ നടത്തിയ ഇടപെടലിലാണ് ഇരു സ്വകര്യ വിമാനക്കമ്പനികളും കൊച്ചിയുടെ സാദ്ധ്യതകൾ തേടി എത്തുന്നത് . എയർ ഇന്ത്യ വരുന്നതിനു മുൻപ് തന്നെ ഈ റൂട്ടിൽ പറന്നു കൂടെ എന്ന അന്വേഷണവുമായി രാജൻ ബ്രിട്ടീഷ് എയർവെയ്‌സിനെ സമീപിച്ചിരുന്നു .
പിന്നീട് എയർ ഇന്ത്യ വന്നതോടെ ഈ കാംപയിഗിന് അദ്ദേഹം ഉപേക്ഷിക്കുക ആയിരുന്നു . എന്നാൽ എയർ ഇന്ത്യ റൂട്ട് ഉപേക്ഷിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ ഇത്രയും ലാഭകരമായ റൂട്ട് പ്രയോജനപ്പെടുത്തിക്കൂടേ എന്നാണ് ഇപ്പോൾ ഇരു വിമാനക്കമ്പനികൾക്കും കത്തെഴുതി രാജൻ ചോദിച്ചിരിക്കുന്നത് . ഇതോടെ കൂടുതൽ വിശദംശങ്ങൾക്കായി ഒരാഴ്ചക്കകം നേരിട്ട് വിളിക്കാം എന്ന മറുപടിയാണ് ഇരു കമ്പനികളിൽ നിന്നും ലഭിച്ചിരിക്കുന്നത് .
എയർ ഇന്ത്യ ലാഭകരമായി പറന്നതിന്റെ സ്ഥിതി വിവര കണക്കുകൾ ബ്രിട്ടീഷ് എയർവെയ്‌സിനെയും വിർജിൻ എയർലൈൻസിനേയും ബോധ്യപ്പെടുത്തിയാൽ ഒരു പക്ഷെ ലണ്ടൻ - കൊച്ചി റൂട്ടിൽ പറക്കാൻ ഇരു കമ്പനികളും താല്പര്യം എടുത്തേക്കാം . ഇപ്പോൾ ദക്ഷിണ ഇന്ത്യയിൽ ചെന്നൈ മാത്രമാണ് ബ്രിട്ടീഷ് എയർവേയ്സ് നേരിട്ട് പറക്കുന്നത് . ഈ റൂട്ടിൽ ഏറെനാളായി കുത്തക സർവീസാണ് ബ്രിട്ടീഷ് എയർവേയ്സ് നടത്തുന്നത് . വിർജിൻ എയർലൈൻസ് ഡൽഹി അടക്കമുള്ള റൂട്ടിലേക്കും ലണ്ടനിൽ നിന്നും സർവീസ് നടത്തുന്നുണ്ട് .
ചെന്നൈയിലേതിനേക്കാൾ കൂടുതൽ യാത്രക്കാർ കൊച്ചി സർവീസിന് ലഭിക്കും എന്ന കണക്കുകളാണ് ബ്രിട്ടീഷ് എയർവേസിന് മുന്നിൽ തെളിയിക്കേണ്ടി വരുക . എയർ ഇന്ത്യ ലാഭകരമായി പറക്കുന്നത് ചൂണ്ടിക്കാട്ടി സിയാൽ എയർപോർട്ട് അധികൃതരും ഒന്ന് രണ്ടു തവണ ബ്രിട്ടീഷ് എയർവെയ്‌സിനെ കൊച്ചിയിൽ എത്തിക്കാൻ ശ്രമം നടത്തിയിരുന്നു . എയർ ഇന്ത്യക്ക് നൽകിയ സൗജന്യങ്ങൾ എല്ലാം ബ്രിട്ടീഷ് എയർവെയ്‌സിനും നൽകാമെന്നും അന്നും വാഗ്ദാനം ചെയ്തിരുന്നതാണ് . എന്നാൽ പിന്നീട് ഈ നീക്കത്തിന് ഗതിവേഗം ഉണ്ടായില്ല എന്നതാണ് വാസ്തവം .
ഇപ്പോൾ നോർക്ക ഈ വിമാനം യുകെ മലയാളികൾക്ക് അത്യന്താപേക്ഷിതം ആണെന്ന് എയർ ഇന്ത്യക്ക് കത്തെഴുതിയതിനെ തുടർന്ന് എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചു മറുപടി നൽകാം എന്നാണ് എയർ ഇന്ത്യ പറയുന്നത് . പക്ഷെ മധ്യവേനൽ അവധിയുടെ ബുക്കിങ് ആരംഭച്ചിട്ടും ഉള്ള സർവീസ് നിർത്തിപ്പോകുന്നത് അല്ലാതെ അതിനുള്ള കാരണം എന്തെന്ന് ഇനിയും എയർ ഇന്ത്യ കണ്ടുപിടിച്ചിട്ടില്ല എന്ന് വേണം അനന്തമായി നീളുന്ന മൗനത്തിൽ നിന്നും ഊഹിക്കാൻ . മുൻപ് ഈ സർവീസ് നിലനിർത്താൻ യുകെ മലയാളിയായ ഈസ്റ്റ് ഹാമിലെ സുഭാഷ് നായർ ഓൺലൈൻ വഴി ഒപ്പുശേഖരണം നടത്തി എയർ ഇന്ത്യ സി ഇ ഓ ക്ക് നൽകിയിരുന്നതാണ് . ഈ നീക്കത്തിൽ യുകെയിലെ പൊതു സമൂഹം ഒന്നാകെ പിന്തുണയുമായി എത്തിയിരുന്നു .
അതേസമയം തന്നെ സൗത്താളിലെ അഭിഭാഷക ആയ ഷൈമ അമ്മാൾ സർവീസ് തുടരാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണം എന്ന ഹർജിയുമായി കൊച്ചിയിൽ ഹൈക്കോടതിയിലും എത്തിയിരുന്നു . തുടർന്ന് കോടതി നിരീക്ഷണം എത്തും മുൻപ് തന്നെ സർവീസ് ആരംഭിച്ചാണ് സർക്കാരും എയർ ഇന്ത്യയും അന്ന് തലയൂരിയത് . പക്ഷേ സർക്കാർ അധീനതയിൽ നിന്നും സ്വകാര്യ സംരഭം ആയി മാറിക്കഴിഞ്ഞ എയർ ഇന്ത്യയിൽ ഇനി രാഷ്ട്രീയ സമ്മർദ്ദത്തിനും പരിമിതിയുണ്ട് . ഇത് തന്നെയാണ് ഈ സർവീസു മടങ്ങി വരുന്നതിനെ കുറിച്ച് ആശങ്ക കൂട്ടുന്നതും . അത്യാവശ്യ ഘട്ടങ്ങളിൽ ഏറ്റവും വേഗത്തിൽ നാടണയാൻ ഈ ഒരൊറ്റ വിമാനം മാത്രമാണ് യുകെ മലയാളികൾക്ക് ആശ്രയമായി ഉണ്ടായിരുന്നത് .
അതിനാൽ തന്നെ ഉയർന്ന നിരക്ക് പോലും നോക്കാതെ ഈ വിമാനത്തിൽ ടിക്കറ്റ് എടുക്കാൻ ഓഫ് സീസണിൽ പോലും തിരക്കായിരുന്നു . എന്നിട്ടും എന്തിനു ഈ ക്രൂരത യുകെ മലയാളികളൊട് കാട്ടുന്നു എന്നാണ് പ്രൊഫഷണലിസത്തിൽ പേരുകേട്ട ടാറ്റയോട് ചോദിക്കാൻ ബാക്കിയാകുന്നതും.
മറുനാടന് മലയാളി ബ്യൂറോ