ഡൽഹി: അഹമ്മദാബാദിൽ നടന്ന വിമാന ദുരന്തത്തിന്റെ അന്വേഷണ തിയറികൾ ഇപ്പോൾ പല രീതിയിലാണ് പോകുന്നത്. പൈലറ്റിന്റെ അനാസ്ഥ മൂലമാണ് ഇത് സംഭവിച്ചത് എന്ന തരത്തിലേക്ക് കാര്യങ്ങൾ പോകുന്നു. അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കപ്പെട്ടെങ്കിലും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ് ഇനിയും അവശേഷിക്കുന്നത്. വിമാനത്തിന്റെ എൻജിനുകളിലേക്കുള്ള ഇന്ധന സ്വിച്ചുകൾ ഓഫായിരുന്നുവെന്ന പ്രാഥമികാന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ വിവിധ തരത്തിലുള്ള ഊഹാപോഹങ്ങൾക്ക് വഴി തുറന്നിരുന്നു. മാനുഷിക ഇടപെടലിലൂടെ മാത്രമേ ഇന്ധന സ്വിച്ചുകളിൽ മാറ്റം വരുത്താനാകൂ എന്ന വിദ​ഗ്ധ അഭിപ്രായത്തിന് പിന്നാലെ പൈലറ്റുമാർക്കെതിരെയും വിവിധ ആരോപണങ്ങൾ വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു.

ഇപ്പോഴിതാ, 'പൈലറ്റിന്റെ ആത്മഹത്യ' എന്ന തരത്തിലുള്ള വാദങ്ങളെ പൂർണമായും തള്ളിയിരിക്കുകയാണ് ഇന്ത്യൻ കൊമേഴ്‌സ്യൽ പൈലറ്റ്സ് അസോസിയേഷൻ (ഐസിപിഎ). അപൂർണവും പ്രാഥമികവുമായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇത്തരം പരാമർശങ്ങൾ നിരുത്തരവാദപരമാണെന്നും അടിസ്ഥാനരഹിതമാണെന്നും സംഘടന പ്രസ്താവനയിൽ വ്യക്തമാക്കി. മാധ്യമ സ്ഥാപനങ്ങളോടും പൊതു നിരീക്ഷകരോടും സംയമനത്തോടെയും സഹാനുഭൂതിയോടെയും നിയമപരമായ നടപടിക്രമങ്ങളോടുള്ള ബഹുമാനത്തോടെയും പെരുമാറണമെന്ന് സംഘടന അഭ്യർത്ഥിച്ചു. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ അവരുടെ പരിശീലനത്തിനും ഉത്തരവാദിത്വങ്ങൾക്കും അനുസരിച്ച് ജീവനക്കാർ പ്രവർത്തിച്ചു. ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ള അപകീർത്തിപ്പെടുത്തലല്ല, പിന്തുണയാണ് അവർ അർഹിക്കുന്നത്. എഐ 171 വിമാനത്തിലെ പൈലറ്റുമാർക്ക് അചഞ്ചലമായ പിന്തുണ പ്രഖ്യാപിക്കുന്നു. ഐസിപിഎ പറഞ്ഞു.

അഹമ്മദാബാദിൽനിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ എയർ ഇന്ത്യ ബോയിങ് 787 വിമാനത്തിന്റെ രണ്ട് എഞ്ചിനുകളിലേക്കുമുള്ള ഇന്ധന വിതരണം നിലച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ സെക്കൻഡുകൾക്കുള്ളിൽ 'റൺ' എന്ന നിലയിൽ നിന്ന് 'കട്ട്ഓഫ്' സ്ഥാനത്തേക്ക് മാറിയതായി റിപ്പോർട്ടിലുണ്ട്. പുറത്തുവന്ന പൈലറ്റുമാരുടെ സംഭാഷണത്തിൽ, എന്തിനാണ് ഇന്ധന സ്വിച്ച് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിക്കുന്നുണ്ട്. താനല്ല ഓഫ് ചെയ്തതെന്ന് അയാൾ മറുപടി പറയുന്നു. ഏതു പൈലറ്റാണ് ഇത്തരത്തിൽ മറുപടി പറഞ്ഞതെന്ന് വ്യക്തമല്ല. ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് പൈലറ്റ് ഇൻ കമാൻഡിന്റെ നിരീക്ഷണത്തിൽ കോപൈലറ്റാണ് വിമാനം നിയന്ത്രിച്ചിരുന്നത്. പ്രധാന പൈലറ്റ് അത് നിരീക്ഷിക്കുകയായിരുന്നു. രണ്ട് എൻജിനിലേക്കുമുള്ള സ്വിച്ചുകൾ ഒരു സെക്കൻഡ് വ്യത്യാസത്തിലാണ് ഓഫ് പൊസിഷനിലേക്ക് മാറിയത്. ഇതോടെ വിമാനത്തിന് പറന്നുയരാനുള്ള ശക്തി നഷ്ടപ്പെട്ടു എന്നും റിപ്പോർട്ടിൽ പറയുന്നു.

പക്ഷെ ഈ ചെറിയ സംഭാഷണത്തിന് മുമ്പും പിമ്പുമുള്ള പൈലറ്റുമാർക്കിടയിലുള്ള സംഭാഷണത്തിന്റെ വിശദാംശങ്ങൾ ലഭിച്ചിട്ടില്ല. കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ റെക്കോർഡിങ് പൂർണമായി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇന്ധന നിയന്ത്രണ സ്വിച്ചുകൾ 'റൺ' എന്ന നിലയിൽ നിന്ന് 'കട്ട്ഓഫ്' സ്ഥാനത്തേക്ക് മാറിയെന്ന് മാത്രമാണ് റിപ്പോർട്ട് പറയുന്നത്. ഇത് ഏതെങ്കിലും ഒരു പൈലറ്റ് മാറ്റിയതാണെന്ന് റിപ്പോർട്ട് പറയുന്നില്ല. പ്രാഥമിക റിപ്പോർട്ടിലെ പരിമിതമായ വിവരങ്ങളെ മാത്രം അടിസ്ഥാനമാക്കി അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ ഏതെങ്കിലും നിഗമനത്തിലെത്തുന്നത് ഉചിതമായിരിക്കില്ലെന്ന് വ്യോമയാന മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധരും വാദിക്കുന്നു. പൈലറ്റിന്റെ ആത്മഹത്യയെക്കുറിച്ചുള്ള വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല. അപൂർണമോ പ്രാഥമികമോ ആയ വിവരങ്ങളെ അടിസ്ഥാനമാക്കി ഇത്രയും ഗൗരവമായ ആരോപണം ഉന്നയിക്കുന്നത് നിരുത്തരവാദപരമാണ്. ഐസിപിഎ ചൂണ്ടിക്കാട്ടി.

വിമാനാപകടം സംബന്ധിച്ച കാരണങ്ങളെക്കുറിച്ച് വിദഗ്ധർക്ക് പല അഭിപ്രായങ്ങളാണ്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) വിശദ അന്വേഷണത്തിൽമാത്രമേ എന്താണ് സംഭവിച്ചതെന്നതിൽ വ്യക്തത വരൂ. ശനിയാഴ്ച, എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും റിപ്പോർട്ടിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ റിപ്പോർട്ടെന്ന് ആമുഖത്തിൽത്തന്നെ വിശദീകരിച്ചിട്ടുണ്ട്.

വിവരങ്ങൾ പ്രാഥമികമാണെന്നും പിന്നീട് മാറ്റമുണ്ടായേക്കാമെന്നും എഎഐബി വ്യക്തമാക്കുന്നു. ഭാവിയിൽ അപകടങ്ങൾ തടയുന്നതിനപ്പുറം മറ്റെന്തെങ്കിലും കാര്യങ്ങൾക്ക് ഈ റിപ്പോർട്ട് ഉപയോഗിക്കുന്നത് തെറ്റായ വ്യാഖ്യാനങ്ങൾക്ക് വഴിവെച്ചേക്കുമെന്നും എഎഐബി പ്രത്യേകം ഓർമ്മിപ്പിക്കുന്നു. എന്നിട്ടും പൈലറ്റുമാർക്കെതിരെ ഉയരുന്ന പ്രചരണങ്ങൾക്കെതിരെ പൈലറ്റ് സംഘടനകൾ ശക്തമായി അപലപിച്ചു.

അതേസമയം, അഹമ്മദാബാദ് വിമാനാപകടത്തെ കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ടിനെതിരെ പൈലറ്റുമാരുടെ സംഘടന കടുത്ത അമര്‍ഷത്തില്‍. പൈലറ്റുമാരില്‍ എല്ലാ കുറ്റവും ചാരാനുള്ള ആസൂത്രിത ശ്രമം നടക്കുന്നു എന്നാണ് ഉയരുന്ന ആരോപണം. അന്വേഷണ റിപ്പോര്‍ട്ട് തള്ളണം എന്നതാണ് പൈലറ്റുമാരുടെ സംഘടനയുടെ ആവശ്യം.

പുലര്‍ച്ചെ ഒന്നരയോടെ റിപ്പോര്‍ട്ട് പുറത്തുവന്നത് അസാധാരണമാണെന്നും ഒരു ഒപ്പ് പോലും ഇല്ലാതെ നിരുത്തരവാദപരമായാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നതെന്നുമാണ് വിമര്‍ശനം. പൈലറ്റുമാരില്‍ എല്ലാ കുറ്റവും അടിച്ചേല്‍പിക്കാനാണ് റിപ്പോര്‍ട്ടിലൂടെ ശ്രമിക്കുന്നതെന്നും ഇത് അട്ടിമറിയാണെന്നും എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ ആരോപിച്ചു.

എഎഐബി പുറത്തുവിട്ട പ്രാഥമിക റിപ്പോര്‍ട്ടില്‍, പൈലറ്റുമാരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് ദുരന്തത്തിലേക് വഴിവെച്ചതെന്നതരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് പൈലറ്റുമാരുടെ സംഘടന ആശങ്ക രേഖപ്പെടുത്തിയത്. അന്വേഷണം ഏകപക്ഷീയമാണെന്നും സുതാര്യത ഉറപ്പാക്കാനായിട്ടില്ലെന്നുമാണ് അസോസിയേഷന്റെ പ്രധാന ആരോപണം. അന്വേഷണത്തിന്റെ രഹസ്യസ്വഭാവം പല സംശയങ്ങള്‍ക്കും കാരണമാക്കുന്നു.

അനുഭവസമ്പത്തുള്ള പൈലറ്റുമാര്‍ ഇതുവരെ അന്വേഷണസംഘത്തിന്റെ ഭാഗമായിട്ടില്ലെന്നതും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. അന്വേഷണറിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുമ്പ് മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതും ദുരൂഹമാണെന്ന് സംഘടന ആരോപിച്ചു.