കവന്‍ട്രി: യുകെ മലയാളികള്‍ അധിക വിമാനത്തിനായി സമ്മര്‍ദം ഉയര്‍ത്തുന്ന സാഹചര്യത്തിലും ലഭ്യമായ അധിക സ്ലോട്ടില്‍ എയര്‍ ഇന്ത്യ പരിഗണന നല്‍കിയത് ബാംഗ്ലൂരിന്. മെട്രോ നഗരങ്ങളായ ഡല്‍ഹിക്കും മുംബൈക്കും മാത്രം നല്‍കിയ പരിഗണനയാണ് ഇപ്പോള്‍ എയര്‍ ഇന്ത്യ ബാംഗ്ലൂരിന് നല്‍കുന്നത്. ഗാട്വിക്കില്‍ വിമാനങ്ങള്‍ സ്ഥിരമായി വൈകുന്ന സാഹചര്യത്തില്‍ പരാതികള്‍ ഉയരവെയാണ് ബാംഗ്ലൂര്‍ യാത്രക്കാരെ നഷ്ടമാകാതിരിക്കാന്‍ ലഭ്യമായ ഹീത്രോ സ്ലോട്ടിലേക്ക് ഈ വിമാനങ്ങള്‍ വഴി മാറ്റുന്നത്.

എയര്‍ ഇന്ത്യ ബ്രിട്ടനിലേക്ക് നടത്തുന്ന സര്‍വീസുകളില്‍ ഏറ്റവും ലാഭം കൊണ്ടുവരുന്ന റൂട്ടായി ബാംഗ്ലൂര്‍ മാറിയിരിക്കുകയാണ്. ബാംഗ്ലൂര്‍ നേടിയ അദ്ഭുതകരമായ ബിസിനസ് വളര്‍ച്ച മൂലം ലണ്ടനില്‍ നിന്നും ബിസിനസ്, പ്രീമിയം ക്ളാസില്‍ കൂടുതല്‍ യാത്രക്കാരെ എയര്‍ ഇന്ത്യക്ക് ലഭിക്കുന്നുണ്ട്. കൊച്ചിയ്ക്കുള്ള പോരായ്മയും ഇത് തന്നെയാണ്. മുന്‍പ് ബ്രിട്ടീഷ് എയര്‍വേയ്സ് ഗൗരവമായി കൊച്ചിയിലേക്ക് നേരിട്ടുള്ള സര്‍വീസ് പരിഗണിച്ചപ്പോള്‍ അവസാനം വില്ലനായി മാറിയത് ആവശ്യത്തിന് ബിസിനസ് ക്ളാസ് യാത്രക്കാരെ ലഭിക്കില്ല എന്ന മാര്‍ക്കറ്റിംഗ് സ്റ്റഡി തന്നെ ആയിരുന്നു. നിറയെ യാത്രക്കാരുള്ള സര്‍വീസ് ആണെകില്‍ പോലും ബിസിനസ് ക്ളാസ് ഒഴിഞ്ഞു കിടന്നാല്‍ കമ്പനിയുടെ വരുമാനത്തെ സാരമായി ബാധിക്കും എന്ന തിയറിയാണ് ഇപ്പോള്‍ കൊച്ചിക്ക് പകരം ബാംഗ്ലൂരിന് എയര്‍ ഇന്ത്യ മുന്‍ഗണന നല്‍കുന്നതിലും കാരണമായി മാറുന്നത്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 27 മുതല്‍ ലഭ്യമായ സ്ലോട്ടുകളിലാണ് എയര്‍ ഇന്‍ഡ്യ ബാംഗ്ലൂര്‍ വിമാനങ്ങളെ ഗെറ്വികില്‍ നിന്നും ഹീത്രോവിലേക്ക് മാറ്റിയിരിക്കുന്നത് .വിമാനങ്ങള്‍ തുടര്‍ച്ചയായി വൈകുന്നു എന്ന് ഗാറ്റ്വിക് എയര്‍പോര്‍ട്ട് സ്ഥിരം നേരിടുന്ന പരാതിയില്‍ നിന്നും ഇതോടെ എയര്‍ ഇന്ത്യ ബാംഗ്ലൂര്‍ വിമാനങ്ങളെ രക്ഷിച്ചിരിക്കുകയാണ്. മാത്രമല്ല ആഴ്ചയില്‍ എല്ലാ ദിവസവും ഈ റൂട്ടിലേക്ക് സര്‍വീസും ആരംഭിച്ചിരിക്കുകയാണ്.ഹീത്രോവില്‍ എയര്‍ ഇന്ത്യക്ക് നല്കാന്‍ സ്ലോട്ടുകള്‍ ഇല്ലെന്നു ഹീത്രോ വിമാനത്താവളം അറിയിച്ചതോടെയാണ് ഡല്‍ഹിയും മുംബൈയും ഒഴികെയുള്ള സര്‍വീസുകള്‍ ഗാറ്റ്വിക്കിലേക്ക് മാറ്റാന്‍ അന്ന് തീരുമാനം ആയത്.

എന്നാല്‍ നോര്‍ത്തേണ്‍ വിന്റര്‍ ഷെഡ്യൂള്‍ എന്നറിയപ്പെടുന്ന ഓഫ് സീസണ്‍ പ്രതിഭാസം മൂലം സ്‌കാന്ഡിനേവിയന്‍ എയര്‍ലൈന്‍സില്‍ നിന്നും കടമായി ലഭിച്ച സ്ലോട്ടുകളാണ് എയര്‍ ഇന്ത്യ ബാംഗ്ലൂരിന് വേണ്ടി ഉപയോഗിക്കുന്നത്. ആഴ്ചയില്‍ 12 സ്ലോട്ടുകളാണ് ഇത്തരത്തില്‍ ലഭിച്ചിരിക്കുന്നത് /ആഴ്ചയില്‍ ആറു വിമാനങ്ങള്‍ക്ക് വരാനും ആറു വിമാനങ്ങള്‍ക്ക് തിരികെ പോകാനും ഉള്ളതാണ് ഈ സ്ലോട്ടുകള്‍. എന്നാല്‍ ബാംഗ്ലൂരിലേക്ക് ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസ് എന്ന് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ഏഴാമത്തെ വിമാനത്തിന് എയര്‍ ഇന്ത്യ എങ്ങനെയാണു സൗകര്യം കണ്ടെത്തിയിരിക്കുന്നത് എന്ന് വ്യക്തമല്ല. ആറുമാസത്തേക്കാണ് ഈ കടമെടുപ്പ് എങ്കിലും അതിനിടയില്‍ മറ്റെന്തെങ്കിലും വഴി കണ്ടെത്തി ബാംഗ്ലൂര്‍ വിമാനങ്ങളെ ഹീത്രോവിലേക്ക് തന്നെ സര്‍വീസ് നടത്താന്‍ ഉപയോഗിക്കാമെന്ന പ്രതീക്ഷയാണ് എയര്‍ ഇന്ത്യ മാനേജമെന്റ് പങ്കിടുന്നത്. ഒക്ടോബര്‍ 27 മുതല്‍ മാര്‍ച്ച് 28 വരെയുള്ള കരാര്‍ കാലാവധിയാണ് ഈ സ്ലോട്ടുകള്‍ക്ക് ലഭ്യമായിരിക്കുന്നത്. ബാംഗ്ലൂരില്‍ നിന്നും ഉച്ചയ്ക്ക് രണ്ടരയ്ക് പുറപ്പെടുന്ന വിമാനം വൈകിട്ടു ഏഴരയ്ക്ക് ഹീത്രോവിലെത്തും. മടക്കയാത്ര ലണ്ടനില്‍ നിന്നും രാത്രി ഒന്‍പതു മണിക്കും .ഈ വിമാനം ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ആയിരിക്കും ബാംഗ്ലൂരില്‍ എത്തുക.

ഇപ്പോള്‍ മുംബൈ - ഡല്‍ഹി - ബാംഗ്ലൂര്‍ നഗരങ്ങളിലേക്കായി എയര്‍ ഇന്ത്യ ആഴ്ചയില്‍ ഹീത്രോവിലേക്ക് എത്തിക്കുന്നത് 3584 യാത്രക്കാരെയാണ്. മറ്റു നഗരങ്ങളിലേക്കുള്ള എയര്‍ ഇന്ത്യയുടെ യാത്രക്കാരെ പരിഗണിക്കുമ്പോള്‍ ആഴ്ചയില്‍ യുകെയിലേക്ക് 5000 പേരാണ് ഏറ്റവും ചുരുങ്ങിയത് യാത്ര ചെയുന്നത്. അതിനിടെ ഇന്‍ഡോനേഷ്യന്‍ കമ്പനിയായ ഗരുഡയില്‍ നിന്നും കടമെടുത്ത സ്ലോട്ട് നഷ്ടമായതോടെ ആഴ്ചയില്‍ മൂന്നു സര്‍വീസ് നടത്തിയിരുന്ന ഒരു ഡല്‍ഹി ലണ്ടന്‍ വിമാനം എയര്‍ ഇന്ത്യക്ക് പിന്‍വലിക്കേണ്ടി വന്നിരിക്കുകയാണ്.

ബാംഗ്ലൂരിന് ലഭിക്കുന്നത് വലിയ പ്രാധാന്യം, വരുമാനം തന്നെ മുഖ്യം, കൊച്ചിയുടെ കാര്യത്തില്‍ മൗനം

കൂറ്റന്‍ കടവുമായി പറന്നിരുന്ന എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുക്കുമ്പോള്‍ പ്രഥമ ലക്ഷ്യവും കടം കുറച്ചെടുക്കുക എന്നതായിരുന്നു. യുകെ അടക്കം ലാഭം കൂടുതല്‍ ഉള്ള സ്ഥലങ്ങളിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ പ്രഖ്യാപിച്ചതും ഈ ലക്ഷ്യത്തോടെ ആയിരുന്നു. ഇന്ത്യയിലെ ഏഴു നഗരങ്ങളിലേക്ക് നേരിട്ട് എയര്‍ ഇന്ത്യ യുകെയില്‍ നിന്നും പറന്നു തുടങ്ങിയപ്പോള്‍ യാത്രക്കാര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.ഇതില്‍ ബാംഗ്ലൂര്‍ റൂട്ട് മറ്റെല്ലാ സര്‍വീസുകളെക്കാള്‍ ലാഭം എയര്‍ ഇന്ത്യക്ക് നല്‍കിയതോടെ ഇപ്പോള്‍ ആഴ്ചയില്‍ എല്ലാ ദിവസവും ലണ്ടനില്‍ നിന്നും ബാംഗ്ലൂരിലേക്ക് വിമാനം ലഭ്യമാക്കി കൂടുതല്‍ മത്സര ക്ഷമത കാട്ടുകയാണ് എയര്‍ ഇന്ത്യ. അടുത്തിടെ അമൃതസര്‍, അഹമ്മദാബാദ്, ഗോവ, എന്നിവിടങ്ങളിലേക്ക് അധിക വിമാനങ്ങള്‍ പ്രഖ്യാപിച്ചപ്പോഴും കൊച്ചി തഴയപ്പെടുക ആയിരുന്നു. ഇതിനെതിരെ യുകെ മലയാളികള്‍ വ്യാപകമായ പ്രചാരണം നടത്തിയിരുന്നു. ഒഐസിസി യുകെ എയര്‍ ഇന്ത്യക്കും ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിനും പരാതിയും നല്‍കി. കെ സുധാകരന്‍ എംപിയും യുകെ മലയാളികള്‍ക്ക് വേണ്ടി വാദിക്കാന്‍ രംഗത്തെത്തിയിരുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ എയര്‍ ഇന്ത്യ ഒരു മറുപടിയും നല്കാന്‍ തയ്യാറായിട്ടില്ല. ഗാറ്റ്വിക്കിലെ പരിമിതികള്‍ ചൂണ്ടികാട്ടുമ്പോള്‍ തന്നെ അമൃതസര്‍ പോലെയുള്ള നഗരങ്ങള്‍ക്ക് നല്‍കുന്ന പരിഗണന കൊച്ചിക്കും നല്‍കി മാഞ്ചസ്റ്റര്‍, ബര്‍മിങ്ഹാം എയര്‍പോര്‍ട്ടുകളില്‍ നിന്നും കേരളത്തിലേക്ക് ഒരു വിമാനം എന്നതാണ് ക്യാംപ്യന്‍ നടത്തുന്നവരുടെ ആവശ്യം.

ബാംഗ്ലൂരിലേക്ക് എല്ലാ ദിവസവും സര്‍വീസ് നടത്തി ബ്രിട്ടീഷ് എയര്‍വേയ്സ് 2018 ല്‍ തന്നെ എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികളെ ഞെട്ടിച്ചിരുന്നെകിലും സ്വകാര്യവത്കരണ ശേഷമാണു എയര്‍ ഇന്ത്യക്ക് ബാംഗ്ലൂരിന്റെ പ്രാധാന്യം വ്യക്തമായത്. കൂടുതല്‍ സര്‍വീസുകള്‍ ബാംഗ്ലൂരിലേക്ക് ആരംഭിക്കാന്‍ അവസരം നോക്കിയിരുന്ന എയര്‍ ഇന്ത്യക്ക് ഇപ്പോള്‍ ബ്രിട്ടീഷ് എയര്‍വേയ്‌സിനോട് വിമാനങ്ങളുടെ എണ്ണക്കാര്യത്തില്‍ മത്സരിക്കാന്‍ കഴിഞ്ഞിരിക്കുകയാണ്.

തിരുവനന്തപുരത്തേക്ക് നേരിട്ട് എയര്‍ ഇന്ത്യ പറക്കുമോ?

എന്നാല്‍ ഗാറ്റ്വിക്കിനു ബദലായി ഇംഗ്ലണ്ടിലെ വടക്കന്‍ നഗരങ്ങളായ ബര്‍മിങ്ങാം, മാഞ്ചസ്റ്റര്‍ പട്ടണങ്ങളെ കൂടി പരിഗണിക്കാമെന്ന ആവശ്യം എയര്‍ ഇന്ത്യ തത്കാലം പരിഗണിക്കാന്‍ ഇടയില്ല. വിമാനങ്ങളുടെ കുറവ് തന്നെയാണ് പ്രധാനമായും ചൂണ്ടികാണിക്കപ്പെടുന്നത്. അദാനി ഗ്രൂപ് ഏറ്റെടുത്ത തിരുവനതപുരം വിമാനത്താവളത്തില്‍ നിന്നും ലണ്ടന്‍ ഹീത്രോവിലേക്കും ഗാറ്റ്വിക്കിലേക്കും എയര്‍ ഇന്ത്യ നേരിട്ട് സര്‍വീസ് നടത്തുന്നു എന്ന പ്രചാരണവും ഇതിനിടയില്‍ ശക്തമായിട്ടുണ്ട്. പക്ഷെ ഹീത്രോവിലേക്ക് ഒരു സ്ലോട്ട് പോലും അധികമായി ലഭ്യമല്ലെങ്കില്‍ പിന്നെങ്ങനെ ഈ സര്‍വീസ് എന്ന ചോദ്യത്തിന് ഉത്തരമില്ല. എയര്‍ ഇന്ത്യ വൃത്തങ്ങള്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. എന്നാല്‍ മാര്‍ച്ച് മാസം അവസാനം ഈ വിമാനങ്ങള്‍ പറന്നു തുടങ്ങും എന്ന പ്രചാരണം ഇപ്പോഴും ശക്തമാണ്. തിരുവനന്തപുരം വിമാനത്താവള ഉദ്യോഗസ്ഥരും ഇക്കാര്യം കണ്ണടച്ച് തള്ളിക്കളയുന്നില്ല. പക്ഷെ ഹീത്രോവില്‍ അധികമായി വിമാനങ്ങള്‍ എത്താന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രയാസം തന്നെയാണ്. അതല്ലെങ്കില്‍ ഇപ്പോള്‍ സ്‌കാന്‍ഡിനേവിയന്‍ വിമാനകമ്പനിയില്‍ നിന്നും കടം ലഭിച്ചത് പോലെ എയര്‍ ഇന്ത്യക്ക് ഹീത്രോ സ്ലോട്ട് നല്കാന്‍ ഏതെങ്കിലും വിമാനകമ്പനികള്‍ തയാറാകണം. ഇത് പക്ഷെ എത്രത്തോളം പ്രാവര്‍ത്തികം ആണെന്നും വ്യക്തമല്ല .