കൊച്ചി: ജീവനക്കാരുടെ സമരത്തെ തുടർന്ന് എയർഇന്ത്യാ എക്സ്‌പ്രസ് വിമാനങ്ങൾ റദ്ദാക്കി. വിദേശ സർവ്വീസുകളാണ് റദ്ദാക്കിയത്. ഇതോടെ യാത്രക്കാർ പ്രതിഷേധത്തിലായി. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും റദ്ദാക്കലുണ്ടായി. മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്‌പ്രസ്സ് വിമാനങ്ങൾ റദ്ദാക്കിയതോടെ ഇതോടെ നൂറുകണക്കിന് യാത്രക്കാർ കണ്ണൂർ- നെടുമ്പാശ്ശേരി- തിരുവനന്തപുരം വിമാനത്താവളങ്ങളിൽ പെട്ടുപോയി. കണ്ണൂരിൽ നിന്ന് അബുദാബി, ഷാർജ, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കായി പോകേണ്ട മൂന്ന് വിമാനങ്ങളുടെ സർവീസാണ് ആദ്യം റദ്ദാക്കിയത്. ഇതിന് ശേഷമാണ് നെടുമ്പാശ്ശേരിയിലും നാല് വിമാന സർവീസുകളും റദ്ദാക്കിയ വിവരം പുറത്തുവരുന്നത്.

നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റ് രണ്ട് വിമാനങ്ങൾ റദ്ദാക്കി. പുലർച്ചെ 2.05ന് പുറപ്പെടേണ്ട ഷാർജ വിമാനവും രാവിലെ 8.50ന് പുറപ്പെടേണ്ട മസകറ്റ് വിമാനവുമാണ് റദ്ദാക്കിയത്. ജീവനക്കാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചതാണ് വിമാനം റദ്ദാക്കാൻ കാരണമെന്നാണ് യാത്രക്കാരെ അറിയിച്ചിരിക്കുന്നത്. പകരം സംവിധാനം ഏർപ്പെടുത്താത്തതിനെതിരെ യാത്രക്കാർ പ്രതിഷേധിക്കുകയാണ്.

നെടുമ്പാശേരിയിലേക്ക് എത്തേണ്ട നാല് വിമാനവും റദ്ദാക്കിയിട്ടുണ്ട്. ഇന്നലെ അർധരാത്രി മുതലാണ് എയർ ഇന്ത്യ ജീവനക്കാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്. രാവിലെ 11.30ന് എത്തേണ്ട ഷാർജ വിമാനം, വൈകിട്ട് 5.45ന് എത്തേണ്ട മസ്‌കറ്റ് വിമാനം, വൈകിട്ട് 6.30ന് എത്തേണ്ട ബഹ്റൈൻ വിമാനം, വൈകിട്ട് 7.10ന് എത്തേണ്ട ദമ്മാം വിമാനം എന്നിവയാണ് റദ്ദാക്കിയത്.

വിമാനം റദ്ദാക്കിയതിനെതിരെ കണ്ണൂർ വിമാനത്താവളത്തിലും യാത്രക്കാർ പ്രതിഷേധിച്ചു. യാത്രക്കാരെല്ലാം ചെക്ക് ഇൻ നടത്താനായി എത്തിയതിന് ശേഷമാണ് ജീവനക്കാരുടെ സമരം മൂലം വിമാനം റദ്ദാക്കിയെന്ന് എയർ ഇന്ത്യ അറിയിച്ചത്. മറ്റു ദിവസത്തേക്ക് ടിക്കറ്റ് നൽകാമെന്ന് യാത്രക്കാരെ അറിയിച്ചു. കരിപ്പൂരിൽനിന്ന് രാത്രി ദമാമിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കിയിരുന്നു. യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ദുബൈ, മസ്‌ക്കറ്റ് വിമാനങ്ങൾ സർവീസ് നടത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ നാല് വിമാനങ്ങൾ റദ്ദാക്കി. മസ്‌ക്കറ്റ്, ഷാർജ, ദുബായ്, അബുദാബി സർവീസുകളാണ് റദ്ദാക്കിയത്.

ഷാർജ, മസ്‌കറ്റ്, ബഹൈറൈൻ, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് നെടുമ്പാശ്ശേരിയിൽ റദ്ദാക്കിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട ആറ് എയർ ഇന്ത്യ എക്സ്‌പ്രസ് സർവീസുകൾ കൂടി റദ്ദാക്കി. ദുബായ്, റാസൽഖൈമ, ജിദ്ദ, ദോഹ, ബഹ്‌റൈൻ, കപവൈറ്റ് വിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. വിമാന സർവീസുകൾ റദ്ദാക്കിയ വിവരം അറിഞ്ഞതോടെ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. മണിക്കൂറുകളോളം തങ്ങളെ കാത്തുനിർത്തിച്ചുവെന്നും മോശമായ രീതിയാണിതെന്നും ഇവർ പ്രതികരിച്ചു.

രണ്ട് മണിക്കൂർ മുമ്പ് മാത്രമാണ് ഇങ്ങനെയൊരു അറിയിപ്പുണ്ടായത് എന്നാണ് ജീവനക്കാർ അറിയിച്ചത്. അതേസമയം ജീവനക്കാരുടെ മിന്നൽ പണിമുടക്കാണ് സർവീസുകൾ മുടങ്ങാൻ കാരണമെന്നാണ് അനൗദ്യോഗിക വിവരം. അലവൻസ് അടക്കമുള്ള ആവശ്യങ്ങൾ ഉയർത്തിക്കാട്ടി എയർ ഇന്ത്യ ജീവനക്കാർ രാജ്യവ്യാപകമായി നടത്തിയ പണിമുടക്കാണെന്നാണ് വിവരം.

കണ്ണൂരിൽ നാളെ മുതലുള്ള വിമാനങ്ങളിൽ ടിക്കറ്റ് നൽകാമെന്ന ഉറപ്പിൽ യാത്രക്കാർ പ്രതിഷേധം അസവസാനിപ്പിച്ചു. മുൻഗണനാ ക്രമത്തിൽ ടിക്കറ്റ് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.