- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എയർ ഇന്ത്യാ എക്സ്പ്രസ് വമ്പൻ പ്രതിസന്ധിയിൽ
തിരുവനന്തപുരം: എയർ ഇന്ത്യാ എക്സ്‌പ്രസിലെ പ്രതിസന്ധി തീരുന്നില്ല. ജീവനക്കാരുടെ സമരത്തെ തുടർന്ന് തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്ന് പുലർച്ചെ പുറപ്പെടേണ്ട മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിക്കുമ്പോൾ യാത്രക്കാർ പ്രതിഷേധത്തിലാണ്. രാജ്യത്താകെ വിമാനയാത്രക്കാരെ വലച്ചത് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ കൂട്ട അവധിയാണ്. ജീവനക്കാർ ഇപ്പോഴും പ്രതിഷേധത്തിലാണ് എന്നതാണ് പുതിയ റദ്ദാക്കലുകളും വ്യക്തമാക്കുന്നത്.
തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 1.10 ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട വിമാനവും കണ്ണൂരിൽ നിന്ന് മസ്‌കറ്റിലേക്ക് പുലർച്ചെ പോകേണ്ട വിമാനവും കണ്ണൂരിൽ നിന്ന് ദമാമിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നിന്ന് രാത്രി 10.10 ന് ദമാമിലേക്ക് പോകേണ്ട വിമാനവും റദ്ദാക്കിയിരുന്നു. വിമാനത്താവളത്തിലേക്ക് വരുന്നതിന് മുൻപ് യാത്രക്കാർ വിമാനമുണ്ടോയെന്ന് വിളിച്ച് ചോദിക്കണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്‌മെന്റ് അറിയിച്ചു.
നിരവധി ആഭ്യന്തര- അന്താരാഷ്ട്ര സർവ്വീസുകൾ റദ്ദാക്കി. ഇന്ന് ജോലിക്കെത്തേണ്ടവരും വീസ കാലാവധി തീരുന്നവരും പെരുവഴിയിലായി. വരും ദിവസങ്ങളിലും സർവീസ് മുടങ്ങുമെന്ന് എയർ ഇന്ത്യ എംഡി അറിയിച്ചു. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിലും നിരവധി യാത്രക്കാർ ഇന്ന് രാവിലെ മുതൽ വലഞ്ഞു. ഇന്നലെ രാത്രി മുതലാണ് വിമാനങ്ങൾ റദ്ദ് ചെയ്തു തുടങ്ങിയത്. അലവൻസും മറ്റും ആവശ്യപ്പെട്ടാണ് എയർ ഇന്ത്യാ എക്സ്‌പ്രസിലെ ജീവനക്കാരുടെ സമരം.
കണ്ണൂരും കരിപ്പൂരും യാത്രക്കാർ ബഹളം വച്ചു. തിരുവനന്തപുരത്തും പ്രതിഷേധം ഉണ്ടായി. വിമാനത്താവളങ്ങളിൽ നിന്ന് കൃത്യമായ അറിയിപ്പോ അടിസ്ഥാന സൗകര്യങ്ങളോ ലഭിച്ചില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു. കരിപ്പൂരിൽ റദ്ദാക്കിയത് 12 സർവ്വീസുകളാണ്. തിരുവനന്തപുരത്തും കണ്ണൂരിലും അഞ്ച് വീതം സർവ്വീസുകൾ. കണ്ണൂര പ്രതിഷേധവുമായി ഏറെനേരം കാത്തു നിന്ന ചിലർക്ക് പകരം ടിക്കറ്റുകൾ ലഭിച്ചു. യാത്ര തുടരാൻ കഴിയാതെ പോയവർക്ക് ടിക്കറ്റ് തുക തിരിച്ചു നൽകുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്.
എയർ ഇന്ത്യാ എക്സ്‌പ്രസ് ജീവനക്കാരുടെ അപ്രഖ്യാപിത പണിമുടക്ക് കാരണം കേരളത്തിൽ നിന്നും ഗൾഫ് നാടുകളിലേക്കുള്ള വിമാനങ്ങൾ അവസാന നിമിഷത്തിൽ റദ്ദ് ചെയ്തത് മൂലം 100 കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി. ബദൽ സംവിധാനം രൂപപ്പെടുത്തി പ്രശ്‌നം അടിയന്തിരമായി പരിഹരിക്കുന്നതിന് പകരം വിമാന അധികൃതരുടെ ഭാഗത്ത് നിന്നുമുള്ള നിരുത്തരവാദപരമായ സമീപനം തികച്ചും അപലപനീയമാണെന്ന് പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
യാത്രക്കാരിൽ പലരും പിറ്റെ ദിവസം ജോലിക്ക് റിപ്പോർട്ട് ചെയ്യേണ്ടവരും വിസ കാലാവധി തീരുന്നവരുമായതിനാൽ ബന്ധപ്പെട്ടവർ പ്രശ്‌നം അടിയന്തിരമായി പരിഹരിക്കുന്നതിനാവശ്യമായ സത്വര നടപടികൾ സ്വീകരിച്ച് മുഴുവൻ യാത്രക്കാർക്കും ഉടനെ യാത്ര സൗകര്യമേർപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് റദ്ദാക്കിയ സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് മസ്‌കറ്റ് കെഎംസിസി പ്രസിഡന്റ് അഹമ്മദ് റഹീസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേരളത്തിലെ നാല് എയർപോർട്ടുകളിൽ നിന്നും ഇന്നലെ രാത്രിയും ഇന്നുമായി യാത്ര തുടങ്ങേണ്ട എയർ ഇന്ത്യ വിമാനങ്ങൾ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ റദ്ദാക്കിയത് ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി.
യാതൊരു മുന്നറിയിപ്പുമില്ലാതെ നടത്തിയ ജീവനക്കാരുടെ പണിമുടക്ക് മൂലം യാത്രക്കാർക്ക് വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്. അവധി കഴിഞ്ഞ് തിരിച്ചു ഗൾഫ് രാജ്യങ്ങളിലേക്ക് വരുന്ന പ്രവാസികൾ പലരും തിരിച്ച് ജോലി പ്രവേശിക്കുന്നതിനും വിസ കാലാവധി അവസാനിക്കുന്നതും ഉൾപ്പെടെ പലർക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ പോലും ഉണ്ടാകുന്നു.
ഇത്തരം പ്രതിസന്ധികൾ ഒഴിവാക്കാൻ ഗൗരവപൂർവമായ ഇടപെടലുകൾ ബന്ധപ്പെട്ട അധികാരികൾ നടത്തണമെന്നും പകര സംവിധാനം ഉൾപ്പെടെ പ്രവാസികൾക്ക് ആശ്വാസകരമായ നിലപാടുകൾ സ്വീകരിക്കാൻ സർക്കാരുകൾ മുന്നോട്ട് വരണമെന്നും മസ്‌കറ്റ് കെ എം സി സി ആവശ്യപ്പെട്ടു.