ന്യൂഡൽഹി: യാത്രക്കാരെ ദുരിതത്തിലാക്കിയ സമരത്തിന് കടിഞ്ഞാണിടാൻ 30 കാബിൻ ക്രൂ അംഗങ്ങളെ എയർ ഇന്ത്യ എക്‌സപ്രസ് പുറത്താക്കി. സിക്ക് ലീവെടുത്ത് ഫോണും ഓഫാക്കി 300 ഓളം ജീവനക്കാർ പണി മുടക്കിയതോടെയാണ് വലിയതോതിൽ വിമാനങ്ങൾ മുടങ്ങിയത്. കൂടുതൽ പേരെ പിരിച്ചുവിടാൻ സാധ്യതയുണ്ട്. ഇന്ന് നാല് മണിക്കകം ജോലിക്ക് ഹാജരായില്ലെങ്കിൽ നടപടി വരുമെന്നാണ് മാനേജ്‌മെന്റ് നൽകിയ അന്ത്യശാസന. 200 കാബിൻ ക്രൂ അംഗങ്ങൾക്ക് എയർ ഇന്ത്യ എക്സ്‌പ്രസ് പിരിച്ചുവിടൽ നോട്ടീസ് നൽകിയതായാണ് സൂചന. ഇതിൽ ഭൂരിഭാഗം പേരും മലയാളികളാണ്.

85 ഫ്‌ളൈറ്റുകൾ ഇന്നുറദ്ദാക്കിയതോടെ, വിമാനം മുടങ്ങൽ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്‌സപ്രസിന് സമ്പൂർണ പ്രതിസന്ധിയായി മാറി. പുതിയ ജോലി വ്യവസ്ഥകൾക്കെതിരെയാണ് എയർ ഇന്ത്യ എക്സ്‌പ്രസ് ജീവനക്കാരുടെ പ്രതിഷേധം. ജീവനക്കാരെ തുല്യമായി പരിഗണിക്കുന്നതിലെ വീഴ്ചയാണ് മുഖ്യകാരണം. സീനിയർപദവിക്കായി ഇന്റർവ്യു പാസായെങ്കിലും ചില ജീവനക്കാർക്ക് താഴ്ന്ന ജോലിവാഗ്ദാനങ്ങളാണ് കിട്ടിയതെന്ന് ജീവനക്കാർ ആരോപിക്കുന്നു. നഷ്ടപരിഹാര പാക്കേജിലെ ഭേദഗതികളെയും കാബിൻ ക്രൂ അംഗങ്ങൾ വിമർശിക്കുന്നു. എഐഎക്‌സ് കണക്റ്റുമായുള്ള ( നേരത്തെ എയർ ഏഷ്യ ഇന്ത്യ) ലയനനീക്കത്തിന്റെ മധ്യേയാണ് പുതിയ സംഭവവികാസങ്ങൾ.

എയർ ഇന്ത്യ ഇന്ന് നടത്തേണ്ടിയിരുന്നത് 285 സർവീസുകളാണ്. ഇതിൽ 85 സർവീസുകൾ റദ്ദാക്കി. മുടങ്ങിയ 20 റൂട്ടുകളിൽ എയർ ഇന്ത്യ സർവീസ് നടത്തും. മൂന്നു മണിക്കൂറിൽ കൂടുതൽ വിമാനം വൈകിയിട്ടുണ്ടെങ്കിൽ യാത്രക്കാർക്ക് റീഫണ്ടിന് നൽകുകയോ പുതുക്കിയ തീയതിയിൽ യാത്ര ചെയ്യാനുള്ള സൗകര്യം നൽകുകയോ ചെയ്യും. നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് ഇന്നു രാവിലെ 8.50നു മസ്‌കറ്റിലേക്കും ഉച്ചയ്ക്ക് 2 മണിക്ക് കൊൽക്കത്തയിലേക്കുമുള്ള വിമാനങ്ങൾ റദ്ദാക്കി. ഒരാഴ്ചത്തേക്കുള്ള സർവീസുകളാണ് ഇപ്പോൾ എയർ ഇന്ത്യ മാനേജ്‌മെന്റ് പുനഃക്രമീകരിച്ചത്.

പ്രശ്‌നപരിഹാരത്തിനു മാനേജ്‌മെന്റും എയർ ഇന്ത്യ എക്സ്‌പ്രസ് എംപ്ലോയീസ് യൂണിയനുമായി ഇന്ന് ലേബർ വകുപ്പ് ചർച്ച നടത്തുന്നുണ്ട്. സമരം ചെയ്യുന്ന മുഴുവൻ പേർക്കും ബുധനാഴ്ച തന്നെ പിരിച്ചുവിടൽ നോട്ടിസ് നൽകിയെന്ന് വിമാനക്കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി. ഇന്നത്തെ ചർച്ചയിൽ ഈ പിരിച്ചുവിടൽ വിഷയവും ഉയർന്നേക്കും.

കേരളത്തിലാണ് എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ആസ്ഥാനം. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ ഉപഗ്രൂപ്പാണ് എയർ ഇന്ത്യ എക്സ്‌പ്രസ്. ഇതിലെ സീനിയർ കാബിൻ ക്രൂ അംഗങ്ങളിൽ ഭൂരിഭാഗവും മലയാളികളാണ്. കാബിൻ ക്രൂവിലെ ഏറ്റവും മുതിർന്ന തസ്തികകളിലൊന്നായ എൽ1 വിഭാഗത്തിൽ പെടുന്നവരാണ് സമരക്കാരിൽ കൂടുതലും. ഒരു വിമാനം സർവീസ് നടത്തണമെങ്കിൽ എൽ1 ക്രൂ അംഗത്തിന്റെ നേതൃത്വത്തിലുള്ള 4 കാബിൻ ക്രൂ അംഗങ്ങളാണ് വേണ്ടത്. എൽ1നെ ഒഴിവാക്കി വിമാന സർവീസ് നടത്താനും സാധിക്കില്ല. അതുകൊണ്ടു തന്നെ 200 പേരെ ഒറ്റയടിക്ക് പിരിച്ചുവിടുക അത്ര എളുപ്പമല്ല.

നിരവധി പ്രശ്‌നങ്ങൾ ഉന്നയിച്ച് വിസ്താര ജീവനക്കാർ സർവീസുകൾ മുടക്കി ഒരുമാസം പിന്നിടും മുമ്പേയാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വിമാന കമ്പനി പ്രതിസന്ധിയിലേക്ക് നീങ്ങിയത്. വിസ്താരയിൽ വേതന പാക്കേജ് അടക്കമുള്ള വിഷയങ്ങളിലെ അസംതൃപ്തിയായിരുന്നു പ്രശ്‌നം. എയർ ഇന്ത്യ എക്സ്‌പ്രസ് ക്യാബിൻ ക്രൂ അംഗങ്ങളുടെ ആശങ്ക അകറ്റാൻ ചർച്ചയ്ക്ക് തയ്യാറാണെന്നും ചില വ്യക്തികളുടെ പ്രവൃത്തി തങ്ങളുടെ ആയിരക്കണക്കിന് അതിഥികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചതിനാൽ അത്തരക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും മാനേജ്‌മെന്റ് അറിയിപ്പൽ പറയുന്നുണ്ട്.