കൊച്ചി: കൊച്ചിയില്‍ വിമാന ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. നെടുമ്പാശ്ശേരിയില്‍ അടിയന്തിര ലാന്‍ഡിങ് നടത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി. ലാന്‍ഡിങ് ഗിയറിലെ തകരാറിനെ തുടര്‍ന്നാണ് വിമാനം അടിയന്തിരമായി ഇറക്കിയത്. വിമാനത്തില്‍ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ജിദ്ദയില്‍ നിന്ന് കരിപ്പൂരില്‍ ഇറങ്ങേണ്ട എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് സിയാല്‍ അറിയിച്ചു.

ജിദ്ദയില്‍നിന്ന് കരിപ്പൂരില്‍ ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഐഎക്‌സ് 398 ആണ് വഴിതിരിച്ചുവിട്ട് കൊച്ചിയില്‍ ഇറങ്ങിയത്. ലാന്‍ഡിങ് ഗിയറില്‍ സാങ്കേതിക പ്രശ്‌നം ഉണ്ടായതിനെത്തുടര്‍ന്നാണ് കൊച്ചിയിലേക്ക് അടിയന്തര ലാന്‍ഡിങ്ങിന് വിമാനം ശ്രമിച്ചത്. 160 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. 9.07ന് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി സിയാല്‍ (കൊച്ചി വിമാനത്താവള അതോറിറ്റി) അറിയിച്ചു. ലാന്‍ഡിങ്ങിനു ശേഷമുള്ള പരിശോധനയിലാണ് ടയറുകള്‍ പൊട്ടിത്തെറിച്ചത് കണ്ടെത്തിയത്. ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചെങ്കിലും വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

ലാന്‍ഡിങ് ഗിയറിന് തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വിമാനം നെടുമ്പാശേരിയിലേക്ക് തിരിച്ചുവിടുകയായിരുന്നു. റണ്‍വേയില്‍ ഇറങ്ങുന്നതിനിടെ വിമാനത്തിന്റെ വലതുവശത്തെ രണ്ട് ടയറുകള്‍ പൊട്ടിത്തെറിച്ചു. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ഫയര്‍ ഫോഴ്‌സും ആംബുലന്‍സുകളും റണ്‍വേയ്ക്ക് സമീപം നിലയുറപ്പിച്ചിരുന്നു.