തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്‌പ്രസ് ജീവനക്കാരുടെ സമരം മൂലം, മസ്‌കറ്റിൽ അത്യാസന്ന നിലയിലായിരുന്ന ഭർത്താവിനെ കാണാൻ കഴിയാതെ പോയ അമൃതയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനാവില്ലെന്ന് വിമാന കമ്പനി. മസ്‌കറ്റിൽ മരിച്ച തിരുവനന്തപുരം കരമന സ്വദേശി നമ്പി രാജേഷിന്റെ കുടുംബത്തിന്റെ ആവശ്യത്തോട് വിമാന കമ്പനി അനുകൂലമായി പ്രതികരിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായി.

ഇക്കാര്യത്തിൽ നമ്പി രാജേഷിന്റെ കുടുംബത്തിന് എയർലൈൻസ് അധികൃതർ മറുപടി നൽകി. എയർലൈൻസ് സമരം കാരണം നമ്പി രാജേഷിന്റെ ഭാര്യക്കും അമ്മയ്ക്കും വിദേശത്തേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. നമ്പി രാജേഷിന്റെ മരണത്തിന് ഉത്തരവാദിയല്ലെന്ന് കാട്ടിയാണ് വിമാനകമ്പനി കുടുംബത്തിന്റെ ആവശ്യം നിരാകരിച്ച് ഇ മെയിലിലൂടെ പ്രതികരിച്ചത്.

അമൃതയുടെ കുടുംബത്തിന് നഷ്ടപരിഹാരം പരിഗണിക്കുന്നതായി വിമാന കമ്പനി നേരത്തെ പറഞ്ഞിരുന്നു. നഷ്ട പരിഹാരം നൽകുന്നത് പരിഗണനയിൽ ആണെന്നും ഇതിനായി കുറച്ച് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് എയർ ഇന്ത്യ എക്സ്‌പ്രസ് നമ്പി രാജേഷിന്റെ കുടുംബത്തിന് ഇ-മെയിൽ സന്ദേശം അയച്ചിരുന്നത്. നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം നേരത്തെ എയർ ഇന്ത്യ എക്സ്‌പ്രസിന് മെയിൽ അയച്ചിരുന്നു.

നേരത്തെ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരവും മനുഷ്യത്വ രഹിതവുമായ വീഴ്ചയെന്ന് ചൂണ്ടികാട്ടി നമ്പി രാജേഷിന്റെ ഭാര്യ അമൃത, മുഖ്യമന്ത്രിക്കും ഗവർണർക്കും പ്രതിപക്ഷ നേതാവിനുമടക്കം പരാതി നൽകിയിരുന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഭാഗത്ത് നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാൻ ഇടപെടണമെന്നതടക്കമുള്ള കാര്യങ്ങളാണ് കുടുംബം ആവശ്യപ്പെട്ടത്. ഇതനുസരിച്ച് മുഖ്യമന്ത്രിയടക്കമുള്ളവർ വ്യോമയാന മന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാമൊടുവിലാണ് ഇപ്പോൾ നമ്പി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകില്ലെന്ന് വ്യക്തമാക്കി എയർ ഇന്ത്യ എക്സ്‌പ്രസ് അധികൃതർ രംഗത്തെത്തിയത്

മെയ് ഏഴാം തീയതിയാണ് നമ്പി രാജേഷ് അത്യാസന്ന നിലയിലാണെന്ന് അമൃത അറിയുന്നത്. ആദ്യം കിട്ടിയ ഫ്ളൈറ്റിന് ടിക്കറ്റ് ബുക്ക് ചെയ്തു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി വിമാനം കയറുന്നതിനു തൊട്ടുമുൻപ് ഫ്ളൈറ്റ് റദ്ദാക്കികൊണ്ടുള്ള അറിയിപ്പ് വന്നു. എയർ ഇന്ത്യാഎക്സ്‌പ്രസ് പ്രസ് ജീവനക്കാരുടെ സമരമായിരുന്നു കാരണം. പലരെയും കണ്ടുകരഞ്ഞപേക്ഷിച്ച് ഒടുവിൽ അടുത്ത ദിവസത്തേക്ക് ടിക്കറ്റ് നേടി. പക്ഷേ സമരം മൂലം അന്നും യാത്ര നടന്നില്ല. ഒടുവിൽ അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനിൽക്കാതെ നമ്പി രാജേഷ് യാത്രയായി.

ഹൃദയ ശസ്ത്രക്രിയയെ തുടർന്നാണ് നമ്പി രാജേഷ് മരിച്ചത്. അമൃത നൽകിയ പരാതിയിൽ എയർ ഇന്ത്യയുടെ നോഡൽ ഓഫിസറാണ് നേരത്തെ മറുപടി അയച്ചത്. കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കുന്നതായും ദുഃഖത്തിൽ പങ്കുചേരുന്നതായും കമ്പനി അറിയിച്ചിരുന്നു. നമ്പി രാജേഷിന്റെ മൃതദേഹവുമായുള്ള കുടുംബത്തിന്റെ പ്രതിഷേധത്തെ തുടർന്ന് ആവശ്യം വ്യക്തമാക്കി ഇമെയിൽ അയയ്ക്കാൻ എയർ ഇന്ത്യ ഉദ്യോഗസ്ഥർ കുടുംബത്തോട് നിർദ്ദേശിച്ചിരുന്നു.

അഞ്ചും മൂന്നും വയസുള്ള രണ്ടു കുട്ടികളുണ്ടെന്നും കുടുംബത്തിന്റെ ഏക വരുമാനമാർഗമായിരുന്ന ഭർത്താവിന്റെ അകാല വിയോഗത്തെ തുടർന്ന് ജീവിതം വഴിമുട്ടിയെന്നും നഷ്ടപരിഹാരം അനുവദിക്കണമെന്നും എയർ ഇന്ത്യയ്ക്ക് അയച്ച മെയിലിൽ അമൃത ആവശ്യപ്പെട്ടു. തന്റെ സാമീപ്യവും പരിചരണവും ലഭിച്ചിരുന്നെങ്കിൽ ഭർത്താവിന് ഈ ഗതി വരില്ലായിരുന്നുവെന്നും അമൃത മെയിലിൽ പറഞ്ഞിരുന്നു.