- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഉമ്മന്‍ചാണ്ടി താലോലിച്ച രാജ്യാന്തര വിമാന സര്‍വ്വീസ് എന്ന സ്വപ്‌നം! നൂലാമാലകളില്‍ പ്രവാസികള്‍ക്ക് വേണ്ടിയുള്ള പദ്ധതി തകര്‍ന്നടിഞ്ഞു; വര്‍ഷങ്ങള്‍ക്ക് ശേഷം പ്രവാസി മലയാളികള്‍ ആകാശയാത്രയ്ക്ക് കമ്പനി തുടങ്ങിയപ്പോള്‍ അതിന്റെ പേര്‍ 'എയര്‍ കേരള'; ജൂണില്‍ ആഭ്യന്തര സര്‍വ്വീസ് കൊച്ചിയില്‍ നിന്നും; 2026ല്‍ അന്താരാഷ്ട്ര സര്‍വ്വീസും; കേരളത്തിനും ഇനി വിമാനക്കമ്പനി
കൊച്ചി: എയര്‍ കേരളാ സ്വപ്‌നം പൂവണിയും എയര്‍ കേരളയുടെ ആദ്യ വിമാനം ജൂണില്‍ കൊച്ചിയില്‍നിന്ന് പറന്നുയരും. എയര്‍ കേരളയുടെ ആലുവയിലുള്ള കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം 15-ന് നടക്കും. ഈ വര്‍ഷം അവസാനത്തോടെ സ്ഥാപനത്തില്‍ 750-ലധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് എയര്‍ കേരള മാനേജ്മെന്റ് അറിയിച്ചു. ആദ്യ ഘട്ടത്തില്‍ ആഭ്യന്തര സര്‍വീസ് ആരംഭിക്കുന്ന എയര്‍ കേരള വൈകാതെ അന്താരാഷ്ട്ര സര്‍വീസിനും തുടക്കമിടും.
അഞ്ച് വിമാനങ്ങള്‍ പാട്ടത്തിനെടുക്കും. ഐറിഷ് കമ്പനികളുമായി കരാറായിട്ടുണ്ട്. വിമാനങ്ങള്‍ സ്വന്തമായി വാങ്ങാനും പദ്ധതിയുണ്ട്. തുടക്കത്തില്‍ ഇന്ത്യയിലെ ചെറുകിട നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ചായിരിക്കും എയര്‍ കേരള സര്‍വീസുകള്‍. 76 സീറ്റുകളുള്ള എടിആര്‍ വിമാനങ്ങളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. എല്ലാം ഇക്കോണമി ക്ലാസ് സീറ്റുകളായിരിക്കും. മുമ്പ് കേരളാ സര്‍ക്കാര്‍ ഇത്തരത്തിലൊരു പദ്ധതിയെ കുറിച്ച് ആലോചിച്ചിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് 'എയര്‍ കേരള' എന്ന ആശയവുമായി എത്തിയത്. എന്നാല്‍ സാങ്കേതിക നൂലാമാലകളെ തുടര്‍ന്ന് കഴിഞ്ഞില്ല. ഇപ്പോള്‍ പ്രവാസി മലയാളികളാണ് പുതിയ പ്രോജ്ക്ടുമായി എത്തുന്നത്.
കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രക്കാരെ ലക്ഷ്യമിട്ട് മൈസൂരു വിമാനത്താവളത്തില്‍ നിന്ന് സര്‍വ്വീസ് തുടങ്ങാന്‍ പ്രവാസി മലയാളികളുടെ വിമാന കമ്പനിയായ എയര്‍ കേരള ആലോചിക്കുന്നുണ്ട്. അടുത്ത ജുണില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന എയര്‍ കേരളയുടെ മാനേജ്‌മെന്റ് മൈസൂരു വിമാനത്താവളവുമായി ധാരണയിലെത്തിയിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളവുമായി ധാരണാപത്രം ഒപ്പു വച്ചതിന് പിന്നാലെയാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള മൈസൂരു വിമാനത്താവളവുമായി ധാരണയിലെത്തിയത്. കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് ഏറെ അടുത്താണ് മൈസൂരു വിമാനത്താവളം. മൈസൂരുവില്‍ നിന്ന് ബംഗളൂരുവിലേക്ക് റോഡ്, ട്രെയിന്‍ കണക്ടിവിറ്റിയും മെച്ചപ്പെട്ടതാണ്. മൈസൂരുവില്‍ ഏവിയേഷന്‍ അക്കാദമി ആരംഭിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
കുറഞ്ഞ നിരക്കുകളില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുന്നതിനൊപ്പം വിമാനങ്ങള്‍ കൃത്യസമയത്ത് സര്‍വ്വീസ് നടത്തുന്നുവെന്ന് ഉറപ്പാക്കുമെന്ന് എയര്‍ കേരള സി.ഇ.ഒ ഹരീഷ് കുട്ടി പറയുന്നു. ആദ്യ ഘട്ടത്തില്‍ എടിആര്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്ന എയര്‍ കേരള, കുറഞ്ഞ ദൂരത്തിലുള്ള വിമാനത്താവളങ്ങളെയാകും ആഭ്യന്തര സെക്ടറില്‍ ബന്ധിപ്പിക്കുന്നത്. മാതൃ കമ്പനിയായ സെറ്റ്ഫ്ളൈക്ക് വ്യോമയാന മന്ത്രാലയത്തിന്റെ നിരാക്ഷേപ പത്രം നേരത്തെ ലഭിച്ചിരുന്നു.
കേരളത്തില്‍ നിന്ന് ഏറെ യാത്രാ തിരക്കുള്ള റൂട്ടാണ് ബെംഗളൂരുവിലേക്കുള്ളത്. ട്രെയിനുകള്‍ കുറവായതിനാല്‍ ഉയര്‍ന്ന നിരക്കുകള്‍ നല്‍കി വലിയൊരു ശതമാനം പേര്‍ ബസിലാണ് യാത്ര. ലക്ഷ്വറി ബസുകളോടാണ് തങ്ങളുടെ മല്‍സരമെന്ന് നേരത്തെ എയര്‍ കേരള മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് മൈസൂരു വിമാനത്താവളത്തിലേക്കുള്ള ആകാശദൂരം 102 കിലോമീറ്ററാണ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 146 കിലോമീറ്ററും. മൈസൂരു ടൗണില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം.
അന്താരാഷ്ട്ര റൂട്ടില്‍ അനുമതി കിട്ടിയാല്‍ തായ്ലന്‍ഡ്, വിയറ്റ്നാം, മലേഷ്യ, യുഎഇ, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ റൂട്ടുകള്‍ക്ക് മുന്‍ഗണന നല്‍കാനാണ് കമ്പനി അധികൃതരുടെ തീരുമാനം. ആഭ്യന്തരമായി ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവയെ ടയര്‍-രണ്ട് നഗരങ്ങളുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.