ലണ്ടൻ: ആയിരക്കണക്കിന് ആളുകളുടെ യാത്ര മുടക്കിക്കൊണ്ട്, വ്യോമഗതാഗതം ഏതാണ്ട് നിലയ്ക്കുന്ന അവസ്ഥയിൽ വരെ എത്തിച്ചത് ബ്രിട്ടീഷ് എയർ ട്രാഫിക് കൺട്രോളിന്റെ പഴയ കമ്പ്യുട്ടിങ് സിസ്റ്റം കാരണമാണെന്ന് വിദഗ്ദ്ധർ പറയുന്നു. വളരെ പഴകിയ ഒരു കമ്പ്യുട്ടിങ് സിസ്റ്റത്തിൽ ഏതോ അലസനായ ഒരു ഓപ്പറേറ്റർ ഒരു ഫ്ളറ്റിനെ കുറിച്ചുള്ള തെറ്റായ വിവരം ഫീഡ് ചെയ്തതാവം പ്രശ്നത്തിനു കാരണമെന്ന് രണ്ട് പതിറ്റാണ്ടിലേറെയായി എയർ ട്രാഫിക് കൺട്രോളിൽ ജോലി ചെയ്ത് പരിചയമുള്ള മിഷേൽ റോബ്സൺ സ്‌കൈ ന്യുസ് ഡെയ്ലിയുടെ പോഡ്കാസ്റ്റിൽ പറഞ്ഞു.

യൂറോപ്യൻ ഭൂഖണ്ഡത്തിനെയാകെ ബാധിച്ച ഈ കോലാഹലം നിരവധി പേരുടെ ഒഴിവുകാല യാത്രയെന്ന ആഗ്രഹം തകർക്കുക മാത്രമല്ല, ഭൂഖണ്ഡത്തിലാകെ ബ്രിട്ടീഷ് നിലവാരത്തെ ഉയർത്തി കാണിക്കുകയും ചെയ്തിരുന്നു. വിമാനത്താവള ടെർമിനലുകളിൽ സ്യുട്ട്കേസുകളുമായി നിലത്ത് ഉറങ്ങുന്ന നിരവധി യാത്രക്കാരുടെ ചിത്രങ്ങളായിരുന്നു പുറത്ത് വന്നത്. തങ്ങൾക്ക് പോകേണ്ടിടത്തേക്ക് പോകാൻ കഴിയുമോ എന്നുപോലും ഉറപ്പില്ലാതെയായിരുന്നു അവരിൽ പലരും വിമാനത്താവളങ്ങളിൽ മണിക്കൂറുകൾ ചെലവഴിച്ചത്.

ഇതിനു മുൻപ് എപ്പോഴൊക്കെ സിസ്റ്റം തകരാറുകൾ ഉണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ അത് തെറ്റായ വിവരങ്ങൾ തെറ്റായ ഫോർമാറ്റിൽ ഫീഡ് ചെയ്യുക വഴി സംഭവിച്ചതാണെന്ന് വ്യോമയാന മേഖലയിൽ രണ്ട് പതിറ്റാണ്ടിലേറെ അനുഭവ പരിജ്ഞാനമുള്ള റോബ്സൺ പറയുന്നു. വളരെ പഴയ സിസ്റ്റമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. നിരവധി വർഷങ്ങളായി ഇത് ഉപയോഗിച്ചു വരുന്നു. ഇതുവരെ കാര്യമായ തകരാറുകൾ സംഭവിക്കാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്.

മറ്റു ചില സന്ദർഭങ്ങളിൽ സിസ്റ്റം തെറ്റായി ഫോർമാറ്റ് ചെയ്യപ്പെടുന്നതിനാൽ ഫ്ളൈറ്റ് പ്ലാൻ കമ്പ്യുട്ടറുകൾ പ്രതീക്ഷിക്കാത്ത രീതിയിൽ പ്രവർത്തിക്കുന്നു. ഇത് സിസ്റ്റത്തെ മുഴുവനായും തകരാറിലാക്കും. അവർ ചൂണ്ടിക്കാട്ടി. ഈ സിസ്റ്റം തകരാറ് സംഭവിച്ചത് ഏതെങ്കിലും ഒരു ഓപ്പറേറ്ററിൽ നിന്നാകാനാണ് സാധ്യത എന്നും അവർ പറയുന്നു. ബ്രിട്ടീഷ് എയർവേയ്സിൽ നിന്നും നേരിട്ടാകാൻ സാധ്യതയില്ല.