- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേദാന്ത ലിമിറ്റഡിന്റെയും തായ്വാനിലെ ഫോക്സ്‌കോണിന്റെയും ചിപ്പുകൾ നിർമ്മിക്കുന്ന ശതകോടികളുടെ നിക്ഷേപം മഹാരാഷ്ട്രയെ മറികടന്ന് നേടിയ ഗുജറാത്തിന് മറ്റൊരു പദ്ധതി കൂടി; ഇന്ത്യൻ സൈന്യത്തിന് ഗതാഗത വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള പദ്ധതിയുമായി ടാറ്റയും എയർബസും ഗുജറാത്തിലേക്ക്; മോദി ഉദ്ഘാടകനാകും; തെരഞ്ഞെടുപ്പിന് മുമ്പ് ഗുജറാത്തിന് 21935 കോടിയുടെ നേട്ടം കൂടി
അഹമ്മദാബാദ്: ഇനി വിമാനങ്ങളും ഇന്ത്യയിൽ നിർമ്മിക്കും. മെയ്‌ക് ഇൻ ഇന്ത്യാ പദ്ധതിക്ക് പുതിയ തലം കൈവരുകയാണ്. ഇന്ത്യൻ സൈന്യത്തിന് ഗുജറാത്തിൽ ഗതാഗത വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള പദ്ധതിയുമായി ടാറ്റയും എയർബസും. 22,000 കോടി രൂപ ചെലവിലാണ് പദ്ധതി ആരംഭിക്കുന്നത്. ഇന്ത്യയിൽ ഒരു സ്വകാര്യകമ്പനി സൈനിക വിമാനം നിർമ്മിക്കുന്ന ആദ്യ പദ്ധതിയാണിത്.
21,935 കോടിയാണ് പദ്ധതിയുടെ ആകെ ചെലവ്. സിവിലിയൻ ആവശ്യങ്ങൾക്കും വിമാനങ്ങൾ ഉപയോഗിക്കാമെന്നും പ്രതിരോധ സെക്രട്ടറി ഡോ. അജയ്കുമാർ പറഞ്ഞു. നിർമ്മാണപ്ലാന്റിന്റെ ഉദ്ഘാടനം ഞായറാഴ്ച വഡോദരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. സംസ്ഥാനം തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോഴാണ് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന പുതിയ പദ്ധതിയെന്നത് ശ്രദ്ധേയം. ഗുജറാത്തിലെ വികസന കുതിപ്പിൽ നിർണ്ണായകമാകും ഈ പദ്ധതി. ഈ പദ്ധതിയുടെ ഉദ്ഘാടനത്തിന് വേണ്ടിയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്നതെന്നും സൂചനയുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായാൽ പെരുമാറ്റ ചട്ടം നിലവിൽ വരും. അങ്ങനെ വന്നാൽ ഉദ്ഘാടനം നീട്ടി വയ്‌ക്കേണ്ടി വരുമായിരുന്നു. ഇതിന് വേണ്ടിയാണ് ഹിമാചലിനൊപ്പം ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തത്.
മെയ്ക്ക് ഇൻ ഇന്ത്യയുടെ വലിയ നേട്ടമായാണ് ടാറ്റ എയർബസ് പദ്ധതിയെ കാണുന്നത്. എയർബസിൽനിന്ന് 56 ഗതാഗത വാഹനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. ഇതിൽ 16 എണ്ണം പൂർണസജ്ജമാക്കി നൽകും. 2023 സെപ്റ്റംബറിനും 2025 ഓഗസ്റ്റിനുമിടയിൽ ഇവ ലഭിക്കും. ബാക്കി 40 എണ്ണം ഇന്ത്യയിൽ നിർമ്മിക്കും. രാജ്യത്ത് നിർമ്മിക്കുന്ന ആദ്യ വിമാനം 2026 സെപ്റ്റംബറിൽ പുറത്തിറങ്ങും. ഇന്ത്യൻ എയർഫോഴ്‌സിന്റെ ആവ്‌റോ വിമാനത്തിന് പകരമായിരിക്കും പുതിയ സി-295 വിമാനങ്ങൾ ഉപയോഗിക്കുക.
ഗുജറാത്തിൽ വൻ പദ്ധതിയുമായി ടാറ്റയും എയർബസും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനത്ത് സൈന്യത്തിന് ഗതാഗത വിമാനങ്ങൾ നിർമ്മിക്കുന്നതാണ് പദ്ധതി. 22,000 കോടി രൂപ ചെലവിലാണ് പദ്ധതി ആരംഭിക്കുന്നത്. സ്വകാര്യ കമ്പനി ഇന്ത്യയിൽ സൈനിക വിമാനം നിർമ്മിക്കുന്ന ആദ്യ പദ്ധതിയാണിതെന്നും പദ്ധതിയുടെ ആകെ ചെലവ് 21,935 കോടിയാണെന്നും വിമാനം സിവിലിയൻ ആവശ്യങ്ങൾക്കും ഉപയോഗിക്കാമെന്നും പ്രതിരോധ സെക്രട്ടറി ഡോ അജയ് കുമാർ പറഞ്ഞു. നിർമ്മാണ പ്ലാന്റ് ഞായറാഴ്ച വഡോദരയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ആയിരക്കണക്കിന് തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതാണ് പുതിയ പദ്ധതി. തെരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പ്രഖ്യാപനം. വാർത്താ ഏജൻസികളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
വേദാന്ത ലിമിറ്റഡിന്റെയും തായ്വാനിലെ ഫോക്സ്‌കോണിന്റെയും സംയുക്ത സംരംഭമായ ചിപ്പുകൾ നിർമ്മിക്കുന്ന 19.5 ബില്യൺ ഡോളറിന്റെ പദ്ധതി നിക്ഷേപം മഹാരാഷ്ട്രയെ മറികടന്ന് ഗുജറാത്ത് നേടിയെടുത്തതിന് പിന്നാലെയാണ് മറ്റൊരു വമ്പൻ പദ്ധതിയും ഗുജറാത്തിന് ലഭിക്കുന്നത്. അഹമ്മദാബാദിനടുത്താണ് പ്ലാന്റുകൾ സ്ഥാപിക്കുക. പദ്ധതി ഒരുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് വാഗ്ദാനം. വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യത്തിന് സർക്കാർ സബ്‌സിഡി നൽകും.
യൂറോപ്പിലെ വൻകിട വിമാനനിർമ്മാതാക്കളായ എയർബസും ടാറ്റയുടെ പ്രതിരോധനിർമ്മാണവിഭാഗമായ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും സംയുക്തമായാണ് സി-295 ഇന്ത്യയിൽ നിർമ്മിക്കുക. ആദ്യമായാണ് ഈ വിമാനം യൂറോപ്പിനുപുറത്ത് നിർമ്മിക്കുന്നതെന്ന് പ്രതിരോധസെക്രട്ടറി അജയ് കുമാർ പറഞ്ഞു. സൈനികവിമാനങ്ങൾ നിർമ്മിച്ചുകഴിഞ്ഞാൽ ഈ കേന്ദ്രത്തിൽ മറ്റു വിമാനങ്ങൾ ഉണ്ടാക്കാനും ഭാവിയിൽ കയറ്റുമതിയുൾപ്പെടെ നടത്താനുമാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ ആദ്യമായാണ് സ്വകാര്യകമ്പനി സൈനികവിമാനം നിർമ്മിക്കുന്നത്. രാജ്യത്തെ വ്യോമയാനമേഖലയിൽ വൻകുതിപ്പേകുന്ന പദ്ധതിയാണിത്.
സേനയ്ക്കു കരുത്തുപകരാൻ സി-295യ്ക്ക് കഴിയും. 40-45 പാരാട്രൂപ്പർമാരെ അല്ലെങ്കിൽ 70 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള സൈനികവിമാനമാണ് എയർബസ് സി-295. 5-10 ടൺ ഭാരം വഹിക്കാൻ ശേഷിയുണ്ട്. നവീനസാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ വിഭാഗത്തിലുള്ള മറ്റു വിമാനങ്ങളെക്കാൾ ശേഷിയിലും പ്രകടനത്തിലും മുന്നിലാണ് ഇവ.
മറുനാടന്‍ മലയാളി ബ്യൂറോ