ഇസ്താബൂള്‍: തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന്റെ കാര്‍ഗോയില്‍ കുടുങ്ങി എയര്‍പോര്‍ട്ട് വിമാനജീവനക്കാരന്‍. വിമാനത്തിന്റെ കാര്‍ഗോയില്‍ മൈനസ് 26 ഡിഗ്രി തണുപ്പാണ് ഉണ്ടായിരുന്നത്. ഒരു മണിക്കൂറോളം സമയമാണ് അലി സെലിക്ടണ്‍ എന്ന 29 കാരനായ ജീവനക്കാരന്‍ ഇതിനുള്ളില്‍ കുടുങ്ങിപ്പോയത്. ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ 321-200 ഇനത്തില്‍ പെട്ട വിമാനത്തിലാണ് സംഭവം നടന്നത്. വിമാനത്തിലെ ലഗേജ് സ്റ്റോറേജിനുളളില്‍ കയറി യാത്രക്കാരുടെ ബാഗേജുകള്‍ ഉറപ്പാക്കുകയായിരുന്നു ഇയാള്‍.

എന്നാല്‍ വിമാനത്തിലെ ജീവനക്കാര്‍ അലി ലഗേജ് സ്റ്റോറേജിനുള്ളില്‍ ഉണ്ടെന്ന കാര്യം ശ്രദ്ധിക്കാതെ അതിന്റെ വാതിലുകള്‍ അടയ്ക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിന്റെ എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്തു. അലി വാതിലില്‍ ഇടിച്ച് നിലവിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും വിമാനത്തിന്റെ എന്‍ജിന്റെ ശബ്ദവും കാറ്റും കാരണം ആരും അയാളുടെ നിലവിളി കേട്ടില്ല. തുടര്‍ന്ന് പറയന്നുയര്‍ന്ന

വിമാനം ലക്ഷ്യസ്ഥനമായ ഗ്രീസിലേക്ക് പറക്കാന്‍ തുടങ്ങി.

വിമാനം 36000 അടി ഉയരത്തില്‍ പറക്കുന്ന സമയത്ത് കാര്‍ഗോയിലെ തണുപ്പും ക്രമാതീതമായി കുറഞ്ഞു. കുടുങ്ങിപ്പോയ ജീവനക്കാരന്‍ പല തരത്തിലും വിമാനജീവനക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആരും അക്കാര്യം മനസിലാക്കിയില്ല. കൊടും തണുപ്പില്‍ നിന്ന് രക്ഷ നേടാനായി അലി പിന്നെ ചെയ്തത് കാര്‍ഗോയില്‍ ഉണ്ടായിരുന്ന യാത്രക്കാരുടെ ബാഗേജുകള്‍ പരിശോധിക്കുകയായിരുന്നു. ആരുടെയെങ്കിലും ബാഗില്‍ നിന്ന് പുതയ്ക്കാന്‍ എന്തെങ്കിലും ലഭിക്കുമോ എന്നാണ് അയാള്‍ അന്വേഷിച്ചത്. ഈ സമയത്ത് കാര്‍ഗോയിലെ തണുപ്പ്

മൈനസ് 26ഡിഗ്രി സെല്‍ഷ്യസായിരുന്നു.

അതേസമയം ഇസ്താംബൂള്‍ വിമാനത്താവളത്തിലെ അലിയുടെ സഹപ്രവര്‍ത്തകര്‍ ആരും തന്നെ അയാളുടെ

അസാന്നിധ്യം ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ വളരെ നേരം അയാളെ കാണാത്തതിനെ തുടര്‍ന്ന് സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് അലി വിമാനത്തിന്റെ കാര്‍ഗോയിലേക്ക് കയറുന്നതായി മനസിലാക്കുന്നത്. അബദ്ധം മനലിസാക്കിയ വിമാനത്താവള അധികൃതര്‍ പെട്ടെന്ന് തന്നെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. വിമാനത്തിനോട് അടിയന്തരമായി തിരിച്ച് വിടാന്‍ അവര്‍ ആവശ്യപ്പെട്ടു. ഇതിനോടകം ഒരു മണിക്കൂറോളം വിമാനം പറന്നിരുന്നു. നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൈലറ്റ് അടിന്തരമായി തുര്‍ക്കിയിലെ ഇസ്മിര്‍ വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.

തുടര്‍ന്ന് കാര്‍ഗോയില്‍ അവശ നിലയില്‍ അലിയെ ജീവനക്കാര്‍ കണ്ടെത്തി. കാര്‍ഗോയിലെ കഠിനമായ തണുപ്പ് കാരണം അയാളുടെ കാലുകള്‍ ഗുരുതരമായി മരവിച്ച് പോയിരുന്നു. ഇയാള്‍ക്ക് കാലുകള്‍ നഷ്ടപ്പെടുമോ എന്നും ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു. തനിക്ക് കാര്‍ഗോക്കുള്ളില്‍ കരയാനല്ലാതെ മറ്റെന്താണ് ചെയ്യാന്‍ കഴിയുമായിരുന്നത് എന്നാണ ്അലി ചോദിക്കുന്നത്. ഏതായാലും അലിക്ക് ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്. മനപൂര്‍വ്വമാണ് കാര്‍ഗോക്കുള്ളില്‍ ഇരുന്നത് എന്ന ആരോപണവും അലി തള്ളിക്കളയുകയാണ്.

രാജ്യം വിടാന്‍ വേണ്ടിയാണ് അലി ഇക്കാര്യം ചെയ്തത് എന്നാണ് പലരും ആരോപിക്കുന്നത്. രണ്ടാഴ്ച മുമ്പ് ഒരു യാത്രക്കാരന്റെ ഫോണ്‍ വിമാനത്തിനുള്ളില്‍ നഷ്ടപ്പെട്ടതിന്റെ പേരില്‍ ഒരു എയര്‍ ഫ്രാന്‍സ് വിമാനം യാത്രയുടെ കാല്‍ഭാഗത്തോളം പറന്നതിന് ശേഷം നിലത്തിറക്കുകയായിരുന്നു. സുരക്ഷയുടെ ഭാഗമായിട്ടാണ് ഈ നടപടി ഉണ്ടായത് എന്നാണ് വിമാനക്കമ്പനി പിന്നീട് വ്യക്തമാക്കിയത്.