- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആദ്യ കുട്ടി മരിച്ചു; ഏറെ കാത്തിരുന്നുണ്ടായ രണ്ടാമത്തെ കുട്ടിയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍; ചികില്‍സയ്ക്ക് ഉള്ളതെല്ലാം വിറ്റു; ആറു മാസം മുമ്പ് ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയത് കുടുംബത്തിന് താങ്ങും തണലുമായി നാട്ടില്‍ തുടരാന്‍; അതിനിടെ അപ്രതീക്ഷിതമായി രക്താര്‍ബുദ സ്ഥിരീകരണം; അജീഷും കുടുംബവും താന്നിയില്‍ സങ്കടക്കടല്‍ തീര്‍ക്കുമ്പോള്‍
കൊല്ലം: താന്നി കാരിക്കുഴിയില്‍ കുടുംബത്തോടൊപ്പം ജീവനൊടുക്കിയ അജീഷിനെ വേദനിപ്പിച്ചത് എന്ത്? അജീഷിന് രക്താര്‍ബുദമാണെന്ന് സ്ഥിരീകരിച്ചതാവാം മരണകാരണമെന്നോര്‍ത്ത് പൊട്ടിക്കരയുകയാണ് അജീഷിന്റെ അമ്മ ലൈലാകുമാരി. ഗള്‍ഫില്‍ പോയി സ്വന്തമായി നല്ലൊരു വീടുണ്ടാക്കിയിരുന്നു. കടബാധ്യതവന്നപ്പോള്‍ അതു വിറ്റ് കടം തീര്‍ത്ത് വാടകവീട്ടിലേക്കു മാറിയതാണ്. അസുഖവിവരം നാട്ടുകാര്‍ പോലും ഇപ്പോഴാണ് അറിയുന്നത്. കല്യാണം കഴിച്ച് കുറേനാള്‍ കഴിഞ്ഞാണ് ഇവര്‍ക്ക് കുട്ടിയുണ്ടാകുന്നത്. ആദ്യത്തെ കുട്ടി മരിച്ചുപോയിരുന്നു. പിന്നീട് ആദി ജനിച്ചത് മാസംതികയാതെ ആയതുകൊണ്ട് ആദ്യ കാലചികിത്സയ്ക്ക് കുറേ പണം ചെലവായി. ഭാര്യയും ഭര്‍ത്താവും നല്ല സ്നേഹത്തിലുമായിരുന്നു. നാട്ടില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു അജീഷ്.
രക്താര്‍ബുദ ചികിത്സയ്ക്ക് ഏറെ പണം വേണ്ടിവരുമെന്നതും അതു ബാധ്യതയായി മാറുമെന്ന ആശങ്കയുമാകാം ഇങ്ങനെയൊരു കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നായിരുന്നു ബന്ധുക്കളുടെ നിഗമനം. കാന്‍സറാണെന്നകാര്യം ആരോടും പറയരുതെന്ന് പറഞ്ഞിരുന്നെന്നും അമ്മ പറയുന്നു. അജീഷിന്റെ അമ്മയും സഹോദരി അനിലയും അച്ഛന്‍ അനില്‍ കുമാറും നൊമ്പരക്കാഴ്ചയാണ് നാട്ടുകാര്‍ക്ക്. ഇവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് ആര്‍ക്കും അറിയില്ല. ഇന്നലെയാണ് രണ്ടരവയസ്സുള്ള കുഞ്ഞിനെ കൊന്ന് അച്ഛനും അമ്മയും ജീവനൊടുക്കിയത്. താന്നി കാരിക്കുഴി ടെലിഫോണ്‍ എക്സ്‌ചേഞ്ചിനുസമീപം വലിയവിള നഗറില്‍ ചെന്തച്ചനഴികത്ത് ഭാസ്‌കരവിലാസത്തില്‍ വാടകയ്ക്കു താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (34), മകന്‍ ആര്‍ദ്രിദ് എന്ന ആദി എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. അജീഷും സുലുവും തൂങ്ങിമരിച്ചനിലയിലും കുഞ്ഞ് കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു.
ബുധനാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം പുറത്തറിയുന്നത്. അജീഷിന്റെ അമ്മ ലൈലാകുമാരിയും അച്ഛന്‍ അനില്‍കുമാറും ഇതേ വീട്ടിലാണ്. അച്ഛന്‍ രാവിലെ ജോലിക്കു പോയിരുന്നു. പത്തരയായിട്ടും അജീഷിനെയും ഭാര്യയെയും കുഞ്ഞിനെയും മുറിക്കുപുറത്തേക്ക് കാണാത്തതിനാല്‍ ലൈലാകുമാരി തട്ടിവിളിച്ചു. പ്രതികരണമില്ലാതായപ്പോള്‍ ബഹളംവെച്ചു. സുലുവിന്റെ അച്ഛനമ്മമാരെ വിളിച്ചുവരുത്തി. പരിസരവാസികളും വന്ന് കതക് തള്ളിത്തുറന്ന് നോക്കിയപ്പോഴായിരുന്നു മരണ വിവരം അറിഞ്ഞത്. പ്രവാസിയായിരുന്ന അജീഷ് ആറുമാസം മുന്‍പാണ് നാട്ടിലെത്തിയത്.
ഇപ്പോള്‍ കൊല്ലത്ത് വക്കീല്‍ഗുമസ്തനായി ജോലി ചെയ്തുവരികയായിരുന്നു. സാമ്പത്തിക ബാധ്യതയുണ്ടായിരുന്ന അജീഷിന് രണ്ടാഴ്ച മുന്‍പ് രക്താര്‍ബുദം സ്ഥിരീകരിച്ചിരുന്നു. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് കാണിച്ചുള്ള ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. വലിയവിള സുലു ഭവനില്‍ സുരേഷ്ബിന്ദു ദമ്പതികളുടെ മകളാണ് സുലു. ആദിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ വിശദവിവരം അറിയാന്‍ കഴിയൂ എന്നാണു പൊലീസ് പറയുന്നത്.
തിരുവനന്തപുരം ആര്‍സിസിയില്‍ നടത്തിയ പരിശോധനയില്‍ അജീഷിന് രക്താര്‍ബുദം സ്ഥിരീകരിച്ചത് രണ്ടാഴ്ച മുന്‍പാണ്.തുടര്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകേണ്ടിയിരുന്നു. കുഞ്ഞിന് തലയില്‍ മുഴയും മറ്റു രോഗങ്ങളും ഉണ്ടായിരുന്നു. സിറ്റി പൊലീസ് കമ്മിഷണര്‍ കിരണ്‍ നാരായണന്‍ ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് സംഘം സംഭവ സ്ഥലത്ത് എത്തിയിരുന്നു. ഇരവിപുരം എസ്എച്ച്ഒ കെ.രാജീവിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.
വൈകിട്ടോടെ വലിയവിളയിലെ സുലുവിന്റെ വീട്ടില്‍ എത്തിച്ച മൃതദേഹങ്ങള്‍ പോളയത്തോട് ശ്മശാനത്തില്‍ സംസ്‌കരിച്ചു. എല്ലാവരുമായി വളരെ സ്നേഹത്തില്‍ നല്ലരീതില്‍ ജീവിച്ച സാധാരണ കുടുംബമായിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവിടെ വാടയ്ക്കാണ് കുടുംബം താമസിക്കുന്നത്.