- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സേവനത്തിനൊപ്പം ജീവകാരുണ്യ പ്രവർത്തനം; യുപിയിൽ രക്ഷിച്ചത് രണ്ട് മലയാളികളെ; കോട്ടയത്തുകാരൻ നഴ്സ് അജീഷിന് കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് സാമൂഹിക സേവനത്തിന് അവാർഡ്
കോട്ടയം: പുതുപ്പള്ളിക്കാരനായ അജേഷ് മണിക്ക് യുപിയിലെ കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ സാമൂഹിക സേവനത്തിനുള്ള അവാർഡ് ലഭിച്ചു. ലക്നൗ കിങ് ജോർജ് മെഡിക്കൽ കോളജിൽ നഴ്സാണ് അജേഷ്. തന്റെ ജോലിക്കൊപ്പം സാമൂഹിക സേവനവും ചെയ്തു വരുന്നു. ഉറ്റവരും ഉടയവരുമില്ലാതെ മരണം മുഖാമുഖം കണ്ട രണ്ടു മലയാളികൾക്കും അജേഷ് രക്ഷകനായിരുന്നു.
അജേഷിന്റെ സാമൂഹിക പ്രതിബദ്ധത നേരിട്ടറിയാമായിരുന്ന ഹോസ്പിറ്റലിലെ ന്യൂറോസർജറി ഹെഡ് ഡോ. ബികെ ഓജയാണ് പുരസ്‌കാരത്തിനായി നിർദേശിച്ചത്. കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അടൽ ബിഹാരി വാജ്പെയ് സയന്റിഫിക്ക് കൺവെൻഷൻ സെന്ററിൽ നടന്ന സ്ഥാപക ദിനാചരണ ചടങ്ങിൽ അജേഷിന് എസ്ഡികെ ഡിസ്റ്റിങ്വിഷ്ഡ് നഴ്സ് അവാർഡ് കൈമാറി. ത്രിപുര മുഖ്യമന്ത്രി മണിക്ക് സാഹ മുഖ്യ അതിഥിയായ ചടങ്ങിൽ ഉത്തർ പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജെഷ് പാഠക്ക്, കെ.ജി.എം.യു വൈസ് ചാൻസിലർ പ്രാഫ സോണിയ നിത്യാനന്ദ്, മുൻ വൈസ് ചാൻസിലർ റിട്ട.ലെഫ്റ്റനന്റ് ജനറൽ പ്രഫ ബിപിൻ പുരി, കെ.ജി.എം.യു ചീഫ് മെഡിക്കൽ സൂപ്രണ്ട് ന്യൂറോസർജറി വിഭാഗം തലവനുമായ പ്രഫ.ബി.കെ.ഓജ, കെജിഎംയു പ്രോക്ടർ പ്രഫ ചെതിജ് ശ്രീവാസ്തവ എന്നിവർ സംബന്ധിച്ചു.
അടൂർ പന്നിവിഴക്കാരൻ ജോബിനെ 2017 ൽ നാട്ടിൽ എത്തിച്ചത് അജീഷിന്റെ ശ്രമഫലമായിട്ടായിരുന്നു. ജോബ് അജേഷ് ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ വാഹനാപകടത്തെ തുടർന്നാണ് എത്തിയത്. മലയാളി ആണെന്നറിഞ്ഞ നിമിഷം മുതൽ അജേഷും മലയാളി സുഹൃത്തുക്കളും ജോബിന് സഹായവുമായി നിന്നു. അദ്ദേഹത്തെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ ഇവർക്ക് കഴിഞ്ഞു. ഡിസ്ചാർജ് ആകുന്ന സമയത്താണ് ജോബിന് ബന്ധുക്കൾ ഇല്ലെന്നും മാനസിമായി തകർന്ന നിലയിലാണെന്നും അറിയുന്നത്. 35 വർഷം മുമ്പ് കുടുംബത്തെ ഉപേക്ഷിച്ചു നാടുവിട്ട ആളായിരുന്നു മുൻ സൈനികൻ കൂടിയായ ജോബ്. ജോബിന്റെ ബന്ധുക്കളെ തേടി സോഷ്യൽ മീഡിയ വഴി പ്രചാരണം ആരംഭിച്ചു. പന്നിവിഴയിൽ നടത്തിയ അന്വേഷണത്തിൽ പെട്രോൾ പമ്പിന് സമീപം താമസിച്ചിരുന്ന ഫെലിക്സ് എന്ന ജോബിന്റെ മകനും കുടുംബവും സ്ഥലമൊക്കെ വിറ്റ് എങ്ങോട്ടോ പോയെന്ന് മനസിലായി. ബന്ധുക്കളെ കണ്ടെത്താൻ കഴിയാതെ വന്നതോടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ സഹായത്തോടെ കോട്ടയത്തെ നവജീവനിൽ ജോബിനെ എത്തിക്കാൻ അജേഷിന് കഴിഞ്ഞു.
യുപിയിൽ നിന്ന് മാനസിക നില ഭദ്രമല്ലാത്ത ഒരു മനുഷ്യനെ നാട്ടിലെത്തിക്കാൻ അജേഷ് ഏറ്റെടുത്ത ദൗത്യം വലുതായിരുന്നു. കേരളത്തിലേക്ക് വരാൻ ഒട്ടും താല്പര്യമില്ലായിരുന്നു ജോബിന്. അജേഷിന്റെ സഹപ്രവർത്തകനായ യു.പിക്കാരനും ട്രെയിനിൽ ജോബിന് ഒപ്പം വന്നു. കണ്ണടയ്ക്കാതെ മൂന്ന് ദിവസം ട്രെയിനിൽ . ഇടക്ക് ട്രെയിനിൽ നിന്നിറങ്ങിപ്പോകാൻ വരെ ശ്രമിച്ച ജോബിനെ അവസാനം സുരക്ഷിതമായി കോട്ടയത്ത് എത്തിച്ചു. ഇപ്പോഴും നവജീവനിൽ അന്തേവാസിയാണ് ജോബ്.
2020 ലെ കോവിഡ് കാലത്തുകൊല്ലം സ്വദേശിയായ ശശിധരൻ പിള്ളയ്ക്കും അജേഷ് തുണയായി. രാംപൂരിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ അധികൃതർ ആംബുലൻസിൽ കൊണ്ട് വന്ന് ആശുപത്രി പരിസരത്തു ഉപേക്ഷിച്ചു കടന്ന് കളയുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഹോസ്പിറ്റലിൽ അഡ്‌മിഷൻ പോലും കിട്ടാത്ത വന്ന ശശിധരന് വേണ്ടി അടുത്ത ജില്ലയായ റായ്ബറേലിയിൽ നിന്നുള്ള സുഹൃത്തുക്കളാണ് അജേഷിനെ ബന്ധപ്പെട്ടത്, സഹായത്തിനായി അവർക്കും വരാൻ സാധിച്ചിരുന്നില്ല. ഗുരുതര രോഗങ്ങളുള്ള ശശിധരൻ പിള്ളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസ നൽകി. അജേഷ് അടക്കമുള്ള മലയാളി നഴ്സുമാരുടെ പരിചരണങ്ങളാൽ പിള്ള സുഖപ്പെട്ടു. അതിനു ശേഷമാണ് ഹൃദ്രോഗം അടക്കമുള്ള ഈ മനുഷ്യനും യു.പിയിൽ താമസിക്കാൻ വീട് പോലുമില്ല എന്ന യാഥാർത്ഥ്യം മനസിലായത്. പിന്നീട് ഒരു മുറി ശരിയാക്കി താമസിപ്പിക്കുകയും ഭക്ഷണം അടക്കം നൽകി സംരക്ഷിക്കുകയും ചെയ്തു.
വീണ്ടും അജേഷ് സോഷ്യൽ മീഡിയയുടെ സഹായം തേടി. പിള്ളയുടെ കഥ പ്രമുഖ മാധ്യമങ്ങളിൽ അടക്കം പ്രത്യക്ഷപ്പെട്ടു. ഇതോടെ ശശിധരൻ പിള്ളയുടെ ബന്ധുക്കളെ കണ്ടെത്തി. അദ്ദേഹത്തെ യു.പിയിൽ നിന്ന് നാട്ടിലേക്കെത്തിക്കാൻ ശ്രമങ്ങൾ ആരംഭിച്ചു. മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ സഹായത്തോടെ ട്രെയിൻ ടിക്കറ്റ് സംഘടിപ്പിക്കുകയും അദ്ദേഹത്തെ സുരക്ഷിതമായി നാട്ടിൽ കുടുംബത്തിന്റെ അടുത്തേക്ക് എത്തിക്കുകയും ചെയ്തു. അജേഷിന്റെ ഈ സാമൂഹിക പ്രതിബദ്ധത അറിയുകയും പല കാര്യങ്ങളിൽ സഹായിക്കുകയും ചെയ്ത ഡോ. ഓജയാണ് പുരസ്‌കാരത്തിനായി അദ്ദേഹത്തെ നിർദ്ദേശിച്ചത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്