തിരുവനന്തപുരം: 'ഇരുമ്പ് കമ്പിൽ തുണി ചുറ്റി പുറത്തു മർദ്ദിച്ചു. ഇരുമ്പ് ഭാരക്കട്ടി തോർത്തിൽ ചുറ്റി നട്ടെല്ലിലും രണ്ടു ഇടിപ്പിലും മർദ്ദിച്ചു. ബൂട്ടിട്ട് നെഞ്ചത്തും വയറ്റിലും ചവിട്ടി. തലയിൽ കൈവെച്ച് മർദ്ദിച്ചു. രണ്ടുപേർ ഇയാളെ എടുത്ത് ഉയർത്തി നിലത്തിട്ടു.... ' - മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ 2015 ഓഗസ്റ്റ് ഒന്നിന് സ്വന്തം കൈപ്പടയിൽ എഴുതി തയ്യാറാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റിലെ വാക്കുകളാണിത്. ഈ വരികൾ ഒടുവിൽ നീതിയാകുന്നു.

ആനവേട്ടകേസിൽ തിരുവനന്തപുരത്തുനിന്ന് അറസ്റ്റിലായ അജി ബ്രൈറ്റിന്റെ (34) ദേഹപരിശോധന നടത്തിയ ശേഷമാണ് ഡോക്ടർ ഇങ്ങിനെ കുറിച്ചത്. ആനവേട്ട കേസിലെ മുഖ്യപ്രതിയെന്ന് പറഞ്ഞ് വനംവകുപ്പ് അധികൃതർ 2015ൽ പിടികൂടിയ അജി മൂന്നുവർഷത്തോളം ജയിലിൽ കഴിഞ്ഞു. കോടതിയുടെ കാരുണ്യംകൊണ്ട് മാത്രമാണ് അജിക്ക് പുറത്തിറങ്ങാൻ സാധിച്ചത്. പക്ഷേ, ഇന്നിയാളുടെ അവസ്ഥ ദൈന്യമാണ്. സ്വന്തമായി ജോലി ചെയ്ത് കുടുംബംപോറ്റാൻ ആകാത്തവിധം ഇയാൾ അവശനാണ്. താൻ നേരിട്ട ക്രൂരതകളെക്കുറിച്ച് അജി മറുനാടനോട് പറഞ്ഞിരുന്നു. ഈ കേസിലെ കുറ്റക്കാർ ഒടുവിൽ കുടുങ്ങുകയാണ്. കേസിലെ പ്രതികൾക്ക് ക്രൈംബ്രാഞ്ചിന് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരാകേണ്ട അവസ്ഥ. അന്ന് ഡി.എഫ്.ഒ. ആയിരുന്ന ടി.ഉമ, ഭർത്താവും വനം ഡെപ്യൂട്ടി കൺസർവേറ്ററും ആയിരുന്ന ആർ.കമലഹാർ എന്നിവരാണ് ക്രൈംബ്രാഞ്ചിന് മുമ്പിൽ ഹാജരാകുക. മാധ്യമ പ്രവർത്തകനായ അനിൽ ഇമാനുവലാണ് ഇരുവരും ഇന്ന് ക്രൈംബ്രാഞ്ചിന് മുമ്പിലെത്തുമെന്ന് ഫെയ്‌സ് ബുക്കിലൂടെ വിശദീകരിക്കുന്നത്.

പിഞ്ചുകുഞ്ഞുങ്ങളെ പോലും ക്രൂരമായി കടിച്ചുകീറുന്ന തെരുവുനായകൾക്കുവേണ്ടി കരയാൻ ഇവിടെ മൃഗസ്നേഹികളുണ്ട്. എന്നാൽ അതിദാരുണമായ മൂന്നാംമുറക്ക് ഇരയായ ഒരു ചെറുപ്പക്കാരന്റെയോ അയാളുടെ കുടുംബത്തിന്റെയോ വേദന ആർക്കും വിഷയമല്ല. അവരുടെ ദുരവസ്ഥ മാധ്യമങ്ങളിൽ നിറയുന്നില്ല. അജിക്കുവേണ്ടി പോരാടാൻ സഹോദരൻ ഷാജി ബ്രൈറ്റ് മാത്രമാണുള്ളത്. അജിയെ അന്വേഷിച്ച് തിരുവനന്തപുരം ഒരുവാതിൽകോട്ടയിലെ വീട്ടിലെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അമ്മ ലീലയെ (78) വലിച്ചിഴച്ച് കൊണ്ടുപോയ കഥ പറയുമ്പോൾ ഷാജിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അജി ബ്രൈറ്റിനൊപ്പം ഷാജിയും ചേർന്ന് നടത്തിയ പോരാട്ടമാണ് വിജയത്തിലേക്ക് അടുക്കുന്നത്.

ഒരുമകന് താങ്ങാവുന്നതിനും അപ്പുറത്തെ കാര്യങ്ങളാണ് താൻ നേരിടുന്നത്. എന്റെ അനുജൻ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അവനെ ശിക്ഷിച്ചോളൂ. പക്ഷേ, അത് നിയമപ്രകാരം ആയിക്കൂടേ. എന്തിന് ഇങ്ങിനെ കൊല്ലാക്കൊല ചെയ്യുന്നു. ആരും അവനുവേണ്ടി സംസാരിക്കുന്നില്ല. ഞാൻ രണ്ടുപ്രാവശ്യം ഹൃദയാഘാതം വന്നിട്ടുള്ള ആളാണ്. ഏതുസമയവും എന്തും സംഭവിക്കാം. എനിക്കെന്തെങ്കിലും പറ്റിയാൽ എന്റെ അമ്മക്ക് അനുജൻ മാത്രമാണ് ഉള്ളത്. പക്ഷേ, അവനെ അവർ കൊല്ലാക്കൊല ചെയ്തു. സ്വന്തമായി ജോലിചെയ്ത് കുടുംബംപോറ്റാനുള്ള ആരോഗ്യംപോലും ഇന്നവനില്ല - ഷാജി മുമ്പ് മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയാണ്

ഫോറസ്റ്റുകാരുടെ ക്രൂരതയെക്കുറിച്ച് അജി പറഞ്ഞത് ചുവടെ

തിരുവനന്തപുരം മുൻ ഡി.എഫ്.ഒ. ടി. ഉമ ആരെയും വകവെയ്ക്കാത്ത ധിക്കാരിയായ ഉദ്യോഗസ്ഥയെന്നാണ് അറിയാൻ സാധിച്ചത്. ഫോറസ്റ്റുകാർ തന്നെ ഇതുരഹസ്യമായി സമ്മതിക്കുന്നുണ്ട്. പക്ഷേ, അവരെ ഭയന്ന് ആരും ഒന്നും തുറന്നുപറയില്ല.

2015 ജൂലൈ 11 നാണ് എന്നെ ഫോറസ്റ്റുകാർ കസ്റ്റഡിയിലെടുക്കുന്നത്. ഫോറസ്റ്റ് ആസ്ഥാനത്ത് എത്തിയതുമുതൽ ഉമയും സംഘവും എന്നെ തെറിയഭിഷേകം നടത്തുകയായിരുന്നു. ഉമ ഇംഗ്ലീഷിലായിരുന്നു തെറിവിളിച്ചത്. എന്തിനാണ് എന്നെ കസ്റ്റഡിയിലെടുത്തതെന്ന് ചോദിച്ചപ്പോൾ മർദ്ദനമായിരുന്നു മറുപടി. എന്നെ കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് അവർ എന്റെ അമ്മയെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. ആ വിവരം അറിഞ്ഞ ഞാൻ എന്നെ ഫോണിൽ ബന്ധപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് മോശമായി സംസാരിച്ചു. അമ്മയെ വീട്ടിൽനിന്നും അവർ വലിച്ചിഴച്ചുകൊണ്ടുപോയ രീതി അത്രക്രൂരമായിരുന്നു. ആരായാലും അത്തരമൊരുസാഹചര്യം നേരിട്ടാൽ മോശമായി സംസാരിച്ചുപോകും. അതാണ് ഉമയെ ചൊടിപ്പിച്ചത്. ഞാൻ എന്തിന് അവരോട് മോശമായി പെരുമാറി എന്നതിനായിരുന്നു അവർക്ക് മറുപടി വേണ്ടത്. ആനവേട്ടയെക്കുറിച്ചോ ആനക്കൊമ്പിനെക്കുറിച്ചോ ഒന്നുമല്ല അവർക്ക് ചോദിക്കാനുണ്ടായിരുന്നത്.

ഒരുരാത്രി പുലരുവോളം ഫോറസ്റ്റ് ആസ്ഥാനത്തെ ഇരുട്ടറയ്ക്കുള്ളിലിട്ട് ഉമയുടെ ആഞ്ജാനുവർത്തികൾ എന്നെ മർദ്ദിച്ചവശനാക്കി. ഇതെല്ലാം ഒരുക്രൂരവിനോദം പോലെ കണ്ട് ഉമ രസിക്കുന്നുണ്ടായിരുന്നു. ഒരു സ്ത്രീ എന്ന നിലയിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത പെരുമാറ്റമാണ് അവരുടെ ഭാഗത്തുനിന്നും ഉണ്ടായത്. നമ്മൾ തമിഴ്സിനിമയിലെ വില്ലത്തിവേഷം ചെയ്യുന്ന നടിമാരെയൊക്കെ കണ്ടിട്ടുണ്ട്. അതിനെപ്പോലും വെല്ലുന്ന വിധത്തിലായിരുന്നു അവരുടെ പ്രകടനം. ഉമ ഒരു മേശയെടുത്ത് എന്റെ കാൽനഖത്തിന് മുകളിലേക്കിട്ടു. എന്നിട്ട് അവർ മേശയ്ക്ക് മുകളിൽ കയറിഇരുന്നു. വേദനകൊണ്ട് പുളഞ്ഞ എന്റെ മുഖത്ത് നോക്കി അവർ ചിരിച്ചു. പിന്നെ തെറിയഭിഷേകം തുടർന്നു. ഇടയ്ക്കെപ്പൊഴോ ആണ് അവരുടെ ഭർത്താവ് കമൽഹാർ അവിടെത്തുന്നത്. പിന്നെ അദ്ദേഹത്തിന്റെ വകയായി മർദ്ദനം. അന്നവിടെ വെച്ച് മരിച്ചാൽ മതിയെന്ന് തോന്നിപ്പോയി എനിക്ക്. അത്രയേറെ വേദന ഞാൻ സഹിച്ചു.

മോശം പെരുമാറ്റത്തിനായിരുന്നു ആദ്യഘട്ടമർദ്ദനം. അതുകഴിഞ്ഞതോടെ കേസിലേക്ക് കടന്നു. ഞാൻ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത പലയിടങ്ങളിലും ചെന്ന് ആനവേട്ട നടത്തിയെന്ന് സമ്മതിക്കാൻ നിർബന്ധിച്ചു. ജയിൽ ഇടിഞ്ഞാലും പുറത്തുവരാത്തത്രയും കേസുകൾ ചുമത്തി എന്നെ അകത്തിടാനായിരുന്നു അവരുടെ പദ്ധതി. പക്ഷേ, ഞാൻ വഴങ്ങിയില്ല. ഞാൻ നിലപാടിൽ ഉറച്ചുനിന്നതോടെ അവർ മൂന്നാംമുറ തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ ചത്തുപോകുമെന്ന അവസ്ഥ വന്നപ്പോൾ അവർ എന്നെ കോടതിയിൽ ഹാജരാക്കി. കൂട്ടിൽ തളർന്നുവീണ എന്നെ മജിസ്ട്രേറ്റിന്റെ നിർദ്ദേശപ്രകാരം ആശുപത്രിയിലെത്തിച്ചു. ഇതോടെയാണ് ഇവരുടെ ക്രൂരകൃത്യങ്ങൾ പുറംലോകം അറിയുന്നത്. പക്ഷേ, എല്ലാവരെയും അവർ സ്വാധീനിച്ചു. വാർത്തകൾ നൽകുന്ന മാധ്യമങ്ങളെപ്പോലും കൂച്ചുവിലങ്ങിട്ട് നിർത്താൻ അവർക്ക് സാധിച്ചു. പക്ഷേ, എന്നെ കൊല്ലാക്കൊല ചെയ്തവർക്കെതിരെ ഞാൻ നിയമനടപടിയുമായി മുന്നോട്ടുപോയി. അങ്ങിനെയാണ് അവർക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് വരുന്നത്.

അനിൽ ഇമാനുവലിന്റെ കുറിപ്പ് ചുവടെ

മൂന്നാംമുറ: ഐ എഫ് എസ് ദമ്പതികൾ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകുന്നു.

നീതിനിഷേധങ്ങൾക്കെതിരെ വല്ലാത്ത പോരാട്ടവീര്യം പ്രകടിപ്പിക്കുന്ന കുറച്ചധികം പേരെ കണ്ടുമുട്ടിയിട്ടുണ്ട്, ജേർണലിസ്റ്റ് ആയി ജോലിചെയ്ത 22 വർഷങ്ങളിൽ. അവരിലധികം പേരും സാധാരണക്കാരോ അതിസാധാരണക്കാരോ ആയിരുന്നു. അതുകൊണ്ട് തന്നെ മിക്കവാറും എല്ലാവരേയും അങ്ങേയറ്റംവരെ പിന്തുണയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്. അവരിൽ തന്നെ 95 ശതമാനം പേരും സ്വാഭാവികമായും അവരുടെ നിശ്ചയദാർഢ്യത്തിന്റെ ഫലം എടുത്തിട്ടുണ്ട്. സമൂഹത്തിൽ ഏറ്റവുമധികം അധികാരം കയ്യാളുന്ന പൊലീസ് അടക്കം ഭരണസംവിധാനങ്ങളുടെ അതിക്രമങ്ങളോട് എതിരിട്ട് അവർ വിജയം വരിക്കുന്നത് ഞാൻ അങ്ങേയറ്റം ആനന്ദത്തോടെ നോക്കികണ്ടിട്ടുണ്ട്. അവരിൽപെട്ട ഒരാളാണ് തിരുവനന്തപുരം പേട്ടയിലെ അജി ബ്രൈറ്റ്. ഇടമലയാർ ആനവേട്ടക്കേസിലെ പ്രതിയാണ്; കുറ്റകൃത്യത്തിലെ പങ്ക് ഏറ്റുപറഞ്ഞിട്ടുമുണ്ട്, ഉദ്യോഗസ്ഥർ പറയുന്നത്ര തോതിൽ അല്ലെങ്കിൽപോലും.

2015 ജൂലൈയിൽ അറസ്റ്റിലായ ശേഷം തിരുവനന്തപുരം വഴുതക്കാട്ടെ വനംവകുപ്പ് ആസ്ഥാനത്ത് വച്ച് പ്രയോഗിച്ച മൂന്നാംമുറ പീഡനത്തിൽ വാരിയെല്ല് തകർന്നത് ഉൾപ്പെടെ ഗുരുതര പരിക്കേറ്റ് ജീവിതം വഴിമുട്ടിയ അജി, (സ്‌കാൻ റിപ്പോർട്ട് പകർപ്പും, മർദനമുറകളുടെ ഞെട്ടിക്കുന്ന വിവരണവും ഒപ്പംചേർക്കുന്നു) അവിടെ നിന്നങ്ങോട്ട് നടത്തിയ പോരാട്ടം ഏറെക്കുറെ ഫലംകാണുന്ന പ്രതീതിയാണ് ഇന്നുണ്ടാകുന്നത്. സംരക്ഷിച്ചുനിർത്താൻ പൊലീസിലെയും വനംവകുപ്പിലെയും ഉന്നതരെല്ലാം ഉണ്ടായിട്ടും, അതിനെല്ലാം സർക്കാരിന്റെ പിന്തുണ ഉണ്ടായിട്ടും, പ്രധാനപ്രതികൾ രണ്ടുപേരും ഇന്നിപ്പോൾ ആദ്യമായി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകേണ്ടി വന്നിരിക്കുന്നു.

അന്ന് ഡി.എഫ്.ഒ. ആയിരുന്ന ടി.ഉമ, ഭർത്താവും വനം ഡെപ്യൂട്ടി കൺസർവേറ്ററും ആയിരുന്ന ആർ.കമലഹാർ. (പ്രതിപ്പട്ടിക ഉള്ളടക്കം ചെയ്യുന്നു) എഴു വർഷത്തിനിടെ ഒരിക്കൽ പോലും അന്വേഷണത്തിന് വഴങ്ങാതെ, ഹൈക്കോടതി നിർദ്ദേശിച്ച തിരിച്ചറിയൽ പരേഡിൽ നിന്ന് പോലും ക്രൈംബ്രാഞ്ചിലെ അന്നത്തെ ഉന്നതരുടെ സഹായത്തോടെ ഒഴിവായ, ഇതേസമയത്ത് തന്നെ കേസ് തീർക്കാൻ പലവിധ സമ്മർദങ്ങൾ പരാതിക്കാർക്ക് മേൽ പരോക്ഷമായി പ്രയോഗിച്ച് നിരന്തരം പീഡിപ്പിച്ച പ്രതികളാണ്, ഇന്നിപ്പോൾ ഗത്യന്തരമില്ലാതെ നിയമവഴിയേ വരുന്നത്. ഇവരുടെ ആജ്ഞപ്രകാരം അജി ബ്രൈറ്റ് അടക്കം സകല പ്രതികൾക്കും മേൽ കിരാത മർദനമുറകൾ പ്രയോഗിച്ച കീഴുദ്യോഗസ്ഥരെ ബലികൊടുത്ത് രക്ഷപെടാൻ ശ്രമിച്ചതും പൊളിഞ്ഞ ശേഷമുള്ള സീൻ ആണിത്. (എഫ്‌ഐആറിലെ കുറ്റചുരുക്കം ചുവടെ ചേർക്കുന്നു)

ഓൾ ഇന്ത്യാ സർവീസിലെ സഹപ്രവർത്തകരെ രക്ഷപെടുത്താൻ സദാ ജാഗരൂകരായിരുന്ന പൊലീസ്, ക്രൈംബ്രാഞ്ച് മേധാവികൾ തന്റെ തലയ്ക്കുമേലിരിക്കെ തന്നെ, വസ്തുതകളിൽ വെള്ളം ചേർക്കാതെ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയ പ്രശാന്തൻ കാണി എന്ന എസ്‌പിയുടെ നിശ്ചയദാർഢ്യവും, അതിന്റെ ഉള്ളുകളികൾ നന്നായി മനസിലാക്കി കർശനമായി ഇടപെട്ട ഹൈക്കോടതിയുമാണ് നിയമവ്യവസ്ഥയെക്കുറിച്ചുള്ള ധൈര്യം വീണ്ടും സാധാരണക്കാരന്റെ മനസിൽ ഉറപ്പിക്കുന്നത്. ശാരീരികമായി പാടേ തകർന്നെങ്കിലും, മനസ് തളരാതെ കേസ് നടത്തുന്ന അജിയെ മുന്നിൽ നിന്ന് നയിക്കുകയാണ് ചേട്ടൻ ഷാജി ബ്രൈറ്റ്.
രാവിലെ പത്തുമണിയോടെ ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുമെന്നാണ് പ്രതികൾ ബോധിപ്പിച്ചിരിക്കുന്നത്.

മാധ്യമങ്ങളിൽ നിന്ന് ഇവരെ ഒളിച്ചുപിടിക്കാൻ നിർലോഭം സഹകരണം എല്ലാ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് ഉറപ്പാണല്ലോ. അതുകൊണ്ട് കൂടിയാണ് ഈ കുറിപ്പ്. മാധ്യമങ്ങളിൽ തന്നെ ഒരു വലിയ വിഭാഗം ഈ വാർത്തയെ വേണ്ട ഗൗരവത്തിൽ കണ്ടിട്ടില്ല എന്നതും യാഥാർഥ്യമാണ്. ചിലരെല്ലാം ഉദ്യോഗസ്ഥപക്ഷം പിടിച്ചും കൈകാര്യം ചെയ്യാൻ ശ്രമിച്ചിരുന്നു. പക്ഷെ അവർക്കാർക്കും ഈ പ്രതികളെ ഇനി സഹായിക്കാൻ കഴിഞ്ഞേക്കില്ല എന്ന ഘട്ടത്തിലാണ് കേസ് എത്തിനിൽക്കുന്നത്. 

ആ: കേസ് റദ്ദാക്കാനുള്ള ഉമയുടെയും കമലഹാറിന്റെയും അപേക്ഷ രണ്ടാഴ്ച മുമ്പ് ഹൈക്കോടതി തള്ളിയിട്ടുണ്ട്. നിലവിൽ അറസ്റ്റിനും വിലക്കൊന്നുമില്ല