- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
റണ്‍വേ തൊടാന്‍ നിമിഷങ്ങള്‍ ബാക്കി, പെട്ടെന്ന് നിയന്ത്രണം വിട്ടു; ബാരാമതിയില്‍ കത്തിയമര്‍ന്നത് വിഐപികളുടെ ആഡംബര വിമാനം; വില്ലനായത് വിഎസ്ആര്‍ ഏവിയേഷന്റെ ബൊംബാര്‍ഡിയര്‍ ലിയര്‍ജെറ്റ് 45; മുംബൈ ആവര്‍ത്തിച്ചപ്പോള്‍ പൊലിഞ്ഞത് അഞ്ച് ജീവനുകള്‍
ബാരാമതിയില്‍ കത്തിയമര്‍ന്നത് വിഐപികളുടെ ആഡംബര വിമാനം

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കരുത്തുറ്റ സാന്നിധ്യവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ (66) അപകടത്തില്‍ പെട്ട വിമാനം ബോംബാര്‍ഡിയര്‍ ലിയര്‍ജെറ്റ് 45 ബിസിനസ് ജെറ്റായിരുന്നു. ലാന്‍ഡിംഗിനിടെ ബാരാമതി വിമാനത്താവളത്തിലെ റണ്‍വേയില്‍ തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന അജിത് പവാര്‍ ഉള്‍പ്പെടെയുള്ള അഞ്ചുപേരും മരിച്ചു.
ബാരാമതിയില്‍ അവസാനിച്ച യാത്ര
അജിത് പവാറിനെ കൂടാതെ അദ്ദേഹത്തിന്റെ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍ (PSO), ഒരു അസിസ്റ്റന്റ്, വിമാനത്തിലെ പൈലറ്റ് ഇന്‍ കമാന്‍ഡ്, ഫസ്റ്റ് ഓഫീസര്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. ലാന്‍ഡിംഗിന് തൊട്ടുമുമ്പ് വിമാനത്തിന് സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടതായാണ് പ്രാഥമിക വിവരം. വിമാനത്താവളത്തിലെ എമര്‍ജന്‍സി യൂണിറ്റുകള്‍ ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തിയെങ്കിലും ആരെയും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ വിമാനം പൂര്‍ണ്ണമായും തകര്‍ന്നു.
അപകടം വിഎസ്ആര്‍ ഏവിയേഷന്റെ വിമാനത്തിന്
ന്യൂഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ നിന്ന് 24 മണിക്കൂറും ചാര്‍ട്ടര്‍ വിമാന സര്‍വീസുകള്‍ നല്‍കുന്ന കമ്പനിയാണ് വിഎസ്ആര്‍ ഏവിയേഷന്‍. വിഎസ്ആര്‍ (VSR) ഏവിയേഷന്‍ ഗ്രൂപ്പ് പ്രവര്‍ത്തിപ്പിക്കുന്ന VT-SSK എന്ന രജിസ്ട്രേഷനിലുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ബിസിനസ്സ് യാത്രകള്‍ക്കും വിഐപി ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ഇരട്ട എന്‍ജിനുള്ള ലൈറ്റ് ജെറ്റാണിത്.
വിഎസ്ആര്‍ ഏവിയേഷന്‍ വീണ്ടും വിവാദത്തില്‍
ഇതാദ്യമായല്ല വിഎസ്ആര്‍ ഏവിയേഷനുമായി ബന്ധപ്പെട്ട വിമാനം അപകടത്തില്‍പ്പെടുന്നത്. 2023 സെപ്റ്റംബറില്‍ ഇതേ കമ്പനിയുടെ മറ്റൊരു ലിയര്‍ജെറ്റ് വിമാനം മുംബൈ വിമാനത്താവളത്തില്‍ കനത്ത മഴയ്ക്കിടെ ലാന്‍ഡിംഗിനിടെ തകര്‍ന്നിരുന്നു. അന്ന് പൈലറ്റിന് ഉള്‍പ്പെടെ പരിക്കേറ്റെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ബാരാമതിയില്‍ ആ ഭാഗ്യം അജിത് പവാറിനും സംഘത്തിനും ഉണ്ടായില്ല.
കോര്‍പ്പറേറ്റ്, വിഐപി യാത്രകള്‍ക്കായി സാധാരണയായി ഉപയോഗിക്കുന്ന ഇരട്ട എന്‍ജിനുള്ള ലൈറ്റ് ബിസിനസ് ജെറ്റാണ് ബോംബാര്‍ഡിയര്‍ ലിയര്‍ജെറ്റ് 45. ഇതിന്റെ ചെറിയ വലിപ്പവും ഉയര്‍ന്ന വേഗതയും ബാരാമതി പോലുള്ള പ്രാദേശിക വിമാനത്താവളങ്ങളിലേക്കുള്ള ഹ്രസ്വദൂര യാത്രകള്‍ക്ക് അനുയോജ്യമാണ്.
ലാന്‍ഡിംഗ് ഘട്ടത്തില്‍ വിമാനത്തിന് തകരാര്‍ സംഭവിച്ചതായാണ് പ്രാഥമിക വിവരം, എന്നാല്‍ അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്. വിമാനം തകര്‍ന്ന ഉടന്‍ തന്നെ വിമാനത്താവള ജീവനക്കാരും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തിയെങ്കിലും വിമാനം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലായിരുന്നു. വ്യോമയാന അധികൃതര്‍ പ്രദേശം വളയുകയും പ്രാഥമിക വിശകലനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അപകടകാരണം കണ്ടെത്താനായി ബ്ലാക്ക് ബോക്‌സ് (ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍), കോക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ എന്നിവ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. പൈലറ്റുമാരുടെ ആശയവിനിമയം, വിമാനത്തിലെ സംവിധാനങ്ങള്‍, ലാന്‍ഡിംഗ് സമയത്തെ കാലാവസ്ഥ എന്നിവ അന്വേഷണ സംഘം പരിശോധിക്കും.


