- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മഹാരാഷ്ട്രയുടെ 'ചാണക്യന് ' പകരം ഇനി ആര്? ബാരാമതിയില്‍ പൊലിഞ്ഞത് പവാര്‍ കുടുംബത്തിന്റെ 'അമരക്കാരന്'; എന്‍സിപിയുടെ കടിഞ്ഞാണ്‍ ഇനി ആരുടെ കൈകളിലേക്ക്? പവാര്‍ കുടുംബത്തിലെ ആ 'പാലം' തകര്‍ന്നു; സുപ്രിയയുടെ 'ദാദ' പോയി, ശരദ് പവാറിന് മുന്നില്‍ വലിയ ചോദ്യചിഹ്നങ്ങള്‍; അജിത് ദാദയുടെ അന്ത്യം മഹായുതിയുടെ നെടുംതൂണ് തകര്‍ക്കുമോ?'പകരം ആരുഉപമുഖ്യമന്ത്രിയാകും?
മഹാരാഷ്ട്രയുടെ 'ചാണക്യന് ' പകരം ഇനി ആര്?

ബാരാമതി: ആറുവര്‍ഷം, നാല് മുഖ്യമന്ത്രിമാര്‍, പക്ഷേ ഒരു കസേരയ്ക്ക് മാത്രം മാറ്റമില്ലായിരുന്നു, ഉപമുഖ്യമന്ത്രി അജിത് പവാര്‍. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ തിരക്കഥകള്‍ സ്വന്തം വിരല്‍ത്തുമ്പില്‍ നിയന്ത്രിച്ചിരുന്ന ആ രാഷ്ട്രീയ വിസ്മയം ബാരാമതിയിലെ ആകാശച്ചുഴിയില്‍ എരിഞ്ഞടങ്ങിയപ്പോള്‍, സംസ്ഥാനം ഇന്ന് ഒരു വലിയ രാഷ്ട്രീയ ശൂന്യതയിലേക്ക് മിഴിതുറക്കുകയാണ്. ബുധനാഴ്ച രാവിലെ ബാരാമതി വിമാനത്താവളത്തിലുണ്ടായ ദാരുണമായ വിമാനാപകടം അജിത് പവാര്‍ എന്ന 'അജിത് ദാദ'യുടെ അന്ത്യം മാത്രമല്ല, സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളുടെയും അന്ത്യമാണ് കുറിക്കുന്നത്. അദ്ദേഹത്തിന്റെ അന്ത്യം മഹാരാഷ്ട്ര രാഷ്ട്രീയത്തെയും, പ്രത്യേകിച്ച് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ (എന്‍.സി.പി) രണ്ട് വിഭാഗങ്ങളെയും വലിയ അനിശ്ചിതത്വത്തിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്.
ഏതുരാഷ്ട്രീയ സാഹചര്യത്തിലും ഇണങ്ങാനുള്ള അസാമാന്യ കഴിവ്
ഏത് രാഷ്ട്രീയ സാഹചര്യത്തിലും ഇണങ്ങിപ്പോകാനുള്ള അസാമാന്യ കഴിവ് അജിത് പവാറിനുണ്ടായിരുന്നു. പൃഥ്വിരാജ് ചവാന്‍, ഉദ്ധവ് താക്കറെ, ഏക്‌നാഥ് ഷിന്‍ഡെ, ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരുടെ മന്ത്രിസഭകളിലായി ആറുതവണ അദ്ദേഹം ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. ഔദ്യോഗിക പാര്‍ട്ടി പേരും ചിഹ്നവുമുള്ള അദ്ദേഹത്തിന്റെ എന്‍.സി.പി വിഭാഗം നിലവില്‍ മഹാരാഷ്ട്രയിലെ ഫഡ്‌നാവിസ് സര്‍ക്കാരിന്റെ ഭാഗമാണ്. അധികാരത്തിലിരിക്കെയാണ് അദ്ദേഹം വിടവാങ്ങിയത്.
അധികാരത്തിന്റെ അച്ചുതണ്ട്
ബി.ജെ.പി, ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേന, അജിത് പവാറിന്റെ എന്‍.സി.പി എന്നിവരടങ്ങുന്ന 'മഹായുതി' സര്‍ക്കാരില്‍ അദ്ദേഹത്തിന്റെ വിയോഗം വലിയ സ്വാധീനം ചെലുത്തും. നിലവിലെ സര്‍ക്കാരില്‍ എന്‍.സി.പിക്ക് 41 എം.എല്‍.എമാരുണ്ട്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ മരണം ഏറ്റവും വലിയ ആഘാതം സൃഷ്ടിക്കുന്നത് എന്‍.സി.പിയിലായിരിക്കും. അദ്ദേഹത്തിന്റെ വിഭാഗത്തിലും അമ്മാവന്‍ ശരദ് പവാര്‍ നയിക്കുന്ന എന്‍.സി.പി (എസ്.പി) വിഭാഗത്തിലും.
41 എം.എല്‍.എമാരും ഒരു ലോകസഭാ എം.പിയുമുള്ള അജിത് പവാര്‍ വിഭാഗത്തിനാണ് ഇപ്പോള്‍ കൂടുതല്‍ രാഷ്ട്രീയ സ്വാധീനമുള്ളത്. 2023-ലാണ് അജിത് പവാര്‍ തന്റെ അമ്മാവന്‍ സ്ഥാപിച്ച എന്‍.സി.പി പിളര്‍ത്തി ബി.ജെ.പി-സേന സഖ്യത്തില്‍ ചേര്‍ന്നത്. അതിനുമുമ്പ് 2019-ലും അദ്ദേഹം ബി.ജെ.പിയുമായി ചേര്‍ന്ന് പുലര്‍ച്ചെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ അന്ന് ശരദ് പവാറിന്റെ വിളി വന്നതോടെ അദ്ദേഹം മടങ്ങിയെത്തി. എന്നാല്‍ നാല് വര്‍ഷത്തിന് ശേഷം പാര്‍ട്ടി വീണ്ടും പിളര്‍ത്തുകയായിരുന്നു.
പവാര്‍ കുടുംബത്തിലെ ആ 'പാലം' തകര്‍ന്നു
അമ്മാവനുമായി രമ്യതയിലാകുകയും എന്‍.സി.പി കുടുംബം ഒന്നാകുകയും ചെയ്യുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിനിടെയാണ് അജിത് പവാറിന്റെ മരണം സംഭവിച്ചത്. പിംപ്രി-ചിഞ്ച്വാഡ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എന്‍.സി.പി ഒന്നിച്ചു മത്സരിച്ചത് ഇതിന്റെ സൂചനയായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടോടെ പല ചോദ്യങ്ങളും ഉയരുന്നു. എന്‍.സി.പിയില്‍ നിന്ന് ഇനി ആര് ഉപമുഖ്യമന്ത്രിയാകും? ഇരുവിഭാഗങ്ങളും ഒന്നിക്കുമോ? ഈ നിര്‍ണ്ണായക ഘട്ടത്തില്‍ അജിത് പവാറിന്റെ എം.എല്‍.എമാര്‍ ഒരുമിച്ച് നില്‍ക്കുമോ?
എന്‍.സി.പിയില്‍ അജിത് പവാറും സുപ്രിയ സുലെയുമായിരുന്നു പ്രധാന മുഖങ്ങള്‍. സുപ്രിയ ഡല്‍ഹിയിലെ രാഷ്ട്രീയ മുഖമാകുമ്പോള്‍, അജിത് പവാര്‍ ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള തന്ത്രശാലിയായ നേതാവായിരുന്നു. പാര്‍ട്ടി ഒന്നിക്കുകയാണെങ്കില്‍ സുപ്രിയ കേന്ദ്ര നേതൃത്വത്തിലും അജിത് പവാര്‍ ഗ്രാമീണ മഹാരാഷ്ട്രയിലെ അടിത്തറയിലും പാര്‍ട്ടിയെ നയിക്കുമായിരുന്നു.
ഇനി ആര്? എന്‍സിപിക്ക് മുന്നില്‍ ചോദ്യചിഹ്നങ്ങള്‍
അജിത് പവാറിന്റെ അനന്തരവന്‍ രോഹിത് പവാര്‍ എം.എല്‍.എ ആണെങ്കിലും രാഷ്ട്രീയത്തില്‍ ഇനിയും വളരാനുണ്ട്. ഭാര്യ സുനേത്ര പവാര്‍ രാജ്യസഭാ എം.പിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അദ്ദേഹത്തിന്റെ ജനകീയ ബന്ധത്തെയും കഠിനാധ്വാനത്തെയും അനുസ്മരിച്ചു. 'രാവിലെ 6 മണി മുതല്‍ രാത്രി വൈകും വരെ അദ്ദേഹം ജോലി ചെയ്യുമായിരുന്നു,' എന്ന് ശിവസേന (യു.ബി.ടി) എം.പി പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.
83 വയസ്സായ ശരദ് പവാറിന് മുന്നിലും വലിയ ചോദ്യങ്ങള്‍ ബാക്കിയാകുന്നു. ബാരാമതിയില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമി ആരാകും? പവാര്‍ കുടുംബത്തിന് ഇത് വലിയൊരു വ്യക്തിപരമായ നഷ്ടമാണെങ്കില്‍, മഹാരാഷ്ട്ര രാഷ്ട്രീയത്തിന് ഇതൊരു വലിയ വെല്ലുവിളിയാണ്
അജിത് പവാറിന് പകരം ആര് ഉപമുഖ്യമന്ത്രിയാകും എന്നത് വലിയ ചോദ്യമാണ്. 41 എംഎല്‍എമാരെയും ഒരേ ബ്ലോക്കായി നിര്‍ത്താന്‍ ഇനി ആര്‍ക്ക് കഴിയും? ശരദ് പവാറിന്റെ നേതൃത്വത്തിലേക്ക് പാര്‍ട്ടിയുടെ രണ്ടു വിഭാഗങ്ങളും ലയിക്കുമോ?
പുലര്‍ച്ചെ 6 മണിക്ക് ജോലി ആരംഭിച്ച് അര്‍ദ്ധരാത്രി വരെ ഓടിനടന്ന് പ്രവര്‍ത്തിച്ചിരുന്ന ആ ഊര്‍ജ്ജസ്വലനായ നേതാവിനെയാണ് മഹാരാഷ്ട്രയ്ക്ക് നഷ്ടമായിരിക്കുന്നത്. ബാരാമതിയുടെ വികസനക്കുതിപ്പിന് ചുക്കാന്‍ പിടിച്ച ദാദയുടെ മടക്കം, ആ നാടിന്റെ മാത്രമല്ല, മഹാരാഷ്ട്രയുടെ തന്നെ രാഷ്ട്രീയ വിധി മാറ്റിയെഴുതിയേക്കാം.


