- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മൂലം നക്ഷത്രത്തില്‍ ജനിച്ച ആന്റണി പൂരുരുട്ടാതിയില്‍ സത്യപ്രതിജ്ഞ ചെയ്തു; സ്ഥാനഭ്രംശം ഉണ്ടാകുമെന്ന് ഒരു ജ്യോത്സ്യന്‍ എന്നോട് പറഞ്ഞു; 2001ല്‍ അടിയന്തര പ്രമേയത്തില്‍ പറഞ്ഞത് ചര്‍ച്ചയാക്കി എകെ ബാലന്‍; ജ്യോതിഷന്മാരുടെ വീട്ടില്‍ കയറാന്‍ പാടില്ലെന്നോ? വിവാദം തള്ളി സിപിഎം
തിരുവനന്തപുരം: സി.പി.എമ്മിലെ ജ്യോതിഷ വിവാദത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന നേതാവ് എ.കെ. ബാലന്‍. കമ്യൂണിസ്റ്റുകള്‍ ജ്യോതിഷിമാരെ കാണുന്നതില്‍ തെറ്റില്ലെന്ന് എ.കെ. ബാലന്‍ പറഞ്ഞു. ജ്യോതിഷിമാരുമായി സംസാരിക്കുകയും സൗഹൃദവും ബന്ധവും പുലര്‍ത്തുകയും ചെയ്യുന്നതിന്റെ അര്‍ഥം അവര്‍ രൂപപ്പെടുത്തുന്ന ആശയത്തോട് യോജിക്കുന്നു എന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പയ്യന്നൂരിലെ പ്രശസ്ത ജോത്സ്യനെ സന്ദര്‍ശിച്ച ചിത്രം സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദം ഉയര്‍ന്നത്. ഇതിന് പിന്നാലെ എന്ത് രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നേതാക്കള്‍ ജോത്സ്യന്മാരെ കാണാന്‍ പോകുന്നതെന്ന് സംസ്ഥാന സമിതിയില്‍ കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് ഉന്നയിച്ചതായ വാര്‍ത്തയും പുറത്തുവന്നു.
ഈ സാഹചര്യത്തിലാണ് ബാലന്റെ പ്രതികരണം. ജ്യോതിഷിന്മാരുടെ വീടുകളില്‍ പോകുന്നതും അവരുമായി ബന്ധമുണ്ടാകുന്നതും സാധാരണമാണ്. സമയം നോക്കാനല്ല എം.വി. ഗോവിന്ദന്‍ പോയത്. ആ രീതിയില്‍ പാര്‍ട്ടിയിലെ ആരും പോയിട്ടില്ല. നല്ല നമ്പര്‍ വണ്‍ വൈരുദ്ധ്യാതിഷ്ടിത ഭൗതികവാദ ആശയത്തിന്റെ വക്താക്കളാണെന്നും എ.കെ. ബാലന്‍ പറഞ്ഞു. എന്റെ മണ്ഡലത്തില്‍ എത്ര ജോത്സ്യന്മാരുണ്ട്. ഞാന്‍ എത്ര ആള്‍ക്കാരുടെ വീട്ടില്‍ പോയി വോട്ട് ചോദിച്ചിട്ടുണ്ട്. ഇതൊക്കെ സാധാരണ നിലയിലുള്ളതല്ലേ?. ജ്യോതിഷന്മാരുടെ വീട്ടില്‍ കയറാന്‍ പാടില്ലെന്നോ? സമയം നോക്കാന്‍ ഞങ്ങളുടെ പാര്‍ട്ടിയിലെ ആരും പോയിട്ടില്ല. അതിന്റെ അര്‍ഥം വീട്ടില്‍ കയറിക്കൂടാ എന്നുള്ളതല്ല -എ.കെ. ബാലന്‍ ചൂണ്ടിക്കാട്ടി.
ജ്യോതിഷികളുടെ വീട്ടില്‍ പോയാല്‍ എന്താണ് കുഴപ്പമെന്നാണ് എ കെ ബാലന്റെ ചോദ്യം. താനുള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ജ്യോതിഷികളുമായി നല്ല ബന്ധമുണ്ട്. ജ്യോതിഷികളുമായും മജീഷ്യന്‍മാരുമായും സംസാരിക്കാന്‍ തനിക്ക് പ്രത്യേക താല്‍പര്യമുണ്ട്. സമയം നോക്കാനോ ജ്യോതിഷം നോക്കാനോ അല്ല ഇവിടെ പോകുന്നത്. ജ്യോത്സ്യന്‍ പറഞ്ഞ കാര്യങ്ങള്‍ ഉദ്ധരിച്ച് എ കെ ആന്റണിക്കെതിരെ താന്‍ നിയമസഭയില്‍ സംസാരിച്ചിരുന്നുവെന്നും എ കെ ബാലന്‍ പറഞ്ഞു. മൂലം നക്ഷത്രത്തില്‍ ജനിച്ച ആന്റണി, പൂരുരുട്ടാതിയില്‍ സത്യപ്രതിജ്ഞ ചെയ്തു എന്നായിരുന്നു ആ പരാമര്‍ശം.
2001ല്‍ അടിയന്തര പ്രമേയ ചര്‍ച്ചയിലാണ് മൂലത്തില്‍ ജനിച്ച ആന്റണി പൂരുരുട്ടാതിയില്‍ സത്യപ്രതിജ്ഞ ചെയ്തതു കൊണ്ട് സ്ഥാന ഭ്രംശവും നാടു വിട്ടു പോകലും ഉണ്ടാകുമെന്ന് പറഞ്ഞത്. അന്ന് അദ്ദേഹം ആസ്വദിച്ചു. പിന്നീട് ഏറെ താമസിയാതെ ആന്റണി രാജിവച്ചു. ഒരു ജ്യോത്സ്യന്‍ പറഞ്ഞതാണ് അന്ന് ഞാന്‍ പറഞ്ഞത്. സിപിഎം അല്ല കോണ്‍ഗ്രസുകാരാണ് കൂടോത്രവും ജ്യോതിഷവുമായി പോകുന്നതെന്ന് എ കെ ബാലന്‍ പറഞ്ഞു. വൈരുദ്ധ്യാത്മക ഭൗതിക വാദത്തില്‍ വിശ്വസിക്കുന്നവരാണ് തങ്ങളെന്നും എ കെ ബാലന്‍ പറഞ്ഞു.
അതിനിടെ ജ്യോതിഷിയെ കണ്ടതില്‍ സി.പി.എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി പി. ജയരാജന്‍ രംഗത്തെത്തി. അത്തരത്തില്‍ വിമര്‍ശനം ഉയര്‍ന്നിട്ടില്ലെന്ന് എം.വി. ഗോവിന്ദന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. എം.വി. ഗോവിന്ദന്‍ പറഞ്ഞതില്‍ കൂടുതല്‍ പറയാനില്ലെന്ന് പി. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. വിവാദ വാര്‍ത്തക്ക് പിന്നാലെ സി.പി.എം നേതാക്കള്‍ ജോത്സ്യനെ സന്ദര്‍ശിച്ചുവെന്ന വിമര്‍ശനം തള്ളി എം.വി. ഗോവിന്ദന്‍ രംഗത്തെത്തി.
സംസ്ഥാന സമിതിയില്‍ ഒരു വിമര്‍ശനവും ഉണ്ടായിട്ടില്ലെന്നും സമൂഹമാധ്യമങ്ങളില്‍ വന്നതൊന്നും ശരിയല്ലെന്നും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായി ഗോവിന്ദന്‍ പ്രതികരിച്ചു.