- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലാൻ തീരുമാനിച്ചവനെ ഉമ്മ വച്ചു വിടണമായിരുന്നോ..... ഷുഹൈബ് വധത്തിനെ ന്യായീകരിച്ച് ആകാശ് തില്ലങ്കേരിയുടെ സുഹൃത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; കൊലപാതക രാഷ്ട്രീയം വീണ്ടും കണ്ണൂരിനെ പിടിച്ചുലയ്ക്കുന്നു; ഷുഹൈബ് കേസിൽ തില്ലങ്കേരി മാപ്പുസാക്ഷിയാകുമോ? ക്വട്ടേഷൻ സംഘത്തിന് കീഴടങ്ങില്ലെന്ന് സിപിഎമ്മും
മട്ടന്നൂർ: സി.പി. എമ്മിനുള്ളിൽ പാർട്ടി ഔദ്യോഗിക വിഭാഗവും സൈബർ സഖാക്കളും തമ്മിലുള്ള സോഷ്യൽമീഡിയ യുദ്ധം മുറുകുന്നു. മട്ടന്നൂർ യൂത്ത് കോൺഗ്രസ് ബ്ളോക്ക് സെക്രട്ടറി എടയന്നൂർ ഷുഹൈബ് വധക്കേസിൽ സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ച് പ്രതി ആകാശ് തില്ലങ്കേരിയിട്ട ഫേസ്‌ബുക്ക് പോസ്റ്റ് വിവാദം കത്തിനിൽക്കവെ എരിതീയിൽ പെട്രോളൊഴിക്കും വിധം ഷുഹൈബ് വധം ന്യായീകരിച്ച് ആകാശ് തില്ലങ്കേരിയുടെ സുഹൃത്തിന്റെ കൊലവിളി പരാമർശം. ഷുഹൈബിനെ കൊല്ലാൻ തീരുമാനിച്ചിട്ട് ഉമ്മ വച്ച് വിടണമായിരുന്നോയെന്നാണ്് ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ജിജോ തില്ലങ്കേരിയുടെ ഫേസ്‌ബുക്ക് കമന്റിലൂടെയുള്ള പരിഹാസം.
ഷുഹൈബ് വധം ന്യായീകരിച്ച് ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുക്കളുടെ സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള പ്രചാരണം തുടരുന്നുവെന്നതിന്റെവ്യക്തമായ സൂചനയാണിത്. ഇതിനിടെ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയെന്ന ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ പരാതിയിൽ ആകാശ് തില്ലങ്കേരിയെ പൊലിസ് ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. പരാതിയിൽ ആകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി, ജയപ്രകാശ് എന്നിവർക്കെതിരെയാണ് മുഴക്കുന്ന് പൊലീസ് കേസെടുത്തിരിക്കുന്നത്. പാർട്ടിക്കുവേണ്ടി കുറ്റങ്ങൾ ചെയ്‌തെന്നു സൂചിപ്പിക്കുന്ന ഫേസ്‌ബുക്ക് കമന്റിലൂടെയാണ് ആകാശ് സിപിഎം, ഡിവൈഎഫ്‌ഐ നേതൃത്വത്തിനെതിരെ രംഗത്തു വന്നത്.
പല കാര്യങ്ങളിലും കുഴിയിൽ ചാടിച്ചത് ഡിവൈഎഫ്‌ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം ആണെന്ന് ആകാശ് തില്ലങ്കേരി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ വനിതാ നേതാക്കളെ ഉൾപ്പെടെ അപമാനിച്ചെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ച് ഡിവൈഎഫ്‌ഐ പ്രസ്താവനയിറക്കിയിരുന്നു.ആകാശ് തില്ലങ്കേരിക്കെതിരെ ഡി.വൈ. എഫ്. ഐ പൊതുവേദിയിൽ പറഞ്ഞതിന് സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ ഫേസ്‌ബുക്കിൽ തന്നെ അവഹേളിച്ചുവെന്ന മന്ത്രി എം.ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ പരാതിയിലും ആകാശ് തില്ലങ്കേരിക്കെതിരെ മുഴക്കുന്ന് പൊലിസ് കേസെടുത്തിട്ടുണ്ട്.
അതേസമയം ഷുഹൈബ് വധക്കേസിൽ മാപ്പ് സാക്ഷിയാകാനുള്ള ശ്രമമാണ് ആകാശ് തില്ലങ്കേരി നടത്തുന്നതെന്നും ഏത് തരത്തിലുള്ള അന്വേഷണത്തേയും സിപിഎം ഭയക്കുന്നില്ലെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. അതേസമയം ആകാശ് തില്ലങ്കേരിയുൾപ്പെടെയുള്ള ക്വട്ടേഷൻ സംഘത്തെ നേരിടുമെന്ന് ഡി.വൈ. എഫ്. ഐ കണ്ണൂർ ജില്ലാനേതൃത്വവും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
നിയമപരമായി ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാസെക്രട്ടറി സരിൻ ശശിയും പ്രസിഡന്റ് മുഹമ്മദ് അഫ്സലും വാർത്താകുറിപ്പിൽ അറിയിച്ചു. ആകാശ് തില്ലങ്കേരി ഷുഹൈബ് വധക്കേസിൽ മാപ്പുസാക്ഷിയാകാനുള്ള നീക്കം നടത്തുന്നുവെന്ന എം.വി ജയരാജന്റെ പ്രതികരണത്തിന് പിന്നാലെയാണ് ഡി.വൈ. എഫ്. ഐയും രംഗത്തെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ