കണ്ണൂർ: ആകാശ് തില്ലങ്കേരിയെ കാപ്പയിൽ നിന്നും വിമുക്തനാക്കിയതിനു പിന്നിൽ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിൽ നിന്നുയർന്ന വിമർശനത്തെ തുടർന്നാണെന്ന് സൂചന. പാർട്ടിക്കായി കൊലക്കേസിൽ പ്രതിയായ ആകാശിനെ വേട്ടയാടുന്നതിനെതിരെ കഴിഞ്ഞ ജില്ലാകമ്മിറ്റിയോഗത്തിൽ ഉന്നതനായ ഒരു നേതാവ് ഉൾപ്പെടെഉൾപ്പെടെ അതിശക്തമായി പ്രതികരിച്ചിരുന്നു. ആകാശിന്റെ പിതാവ് രവീന്ദ്രൻ ഇവരെ നേരിൽ കണ്ടു പാർട്ടി അംഗമായ തന്റെ മകനെ പൊലിസ് വേട്ടയാടുന്നുവെന്നു പരാതി ഉന്നയിച്ചതിനെ തുടർന്നാണിത്.

ഈക്കാര്യത്തിൽ പൊലിസ് നടപടിക്കെതിരെ മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു.പാർട്ടിക്കു വേണ്ടി കൊലക്കേസിൽ പ്രതിയായ ആകാശ് തില്ലങ്കേരിക്കെതിരെ അത്രയൊന്നും ഗുരുതരമല്ലാത്ത കേസുകളിൽ കാപ്പ ചുമത്തരുതെന്ന് പാർട്ടി നേതാക്കളിൽ തന്നെ ഒരുവിഭാഗം ജില്ലാകമ്മിറ്റിയോഗത്തിൽ അഭിപ്രായപ്പെട്ടതോടെയാണ് ആകാശിന് പുറത്തേക്കുള്ള വഴി തുറന്നത്. തില്ലങ്കേരി, മുഴക്കുന്ന് പ്രദേശത്തെ പ്രാദേശിക നേതൃത്വങ്ങളും ആകാശിനെതിരെ ചുമത്തിയ രണ്ടാം കാപ്പയ്ക്കെതിരെ രംഗത്തുവന്നിരുന്നു.

ഇതോടെയാണ് സി.പി. എം നേതൃത്വത്തിന് തീരാതലവേദനയായ സൈബർ പോരാളിയും ഷുഹൈബ് വധക്കേസിലെ പ്രതിയുമായ ആകാശ് തില്ലങ്കേരിയുടെ മേൽചാർത്തപ്പെട്ട കാപ്പ ഒഴിവാക്കി. വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയവെ മൊബൈൽ ഫോൺ ഉപയോഗിച്ചതു ചോദ്യം ചെയ്തതിന് ജയിൽ വാർഡനെ അക്രമിച്ചതിനാണ് ആകാശ് തില്ലങ്കേരിയെ കാപ്പചുമത്തി അറസ്റ്റു ചെയ്തത്. എന്നാൽ ജയിലറെ ജയിലിൽ അക്രമിച്ച കേസ് കാപ്പചുമത്താൻ പര്യാപ്തമല്ലെന്നു കണ്ടാണ് ആകാശിനെ മോചിപ്പിച്ചത്.

ആറുമാസത്തെ കാപ്പ തടവിനു ശേഷം വീട്ടിലെത്തിയപ്പോഴാണ്കുഞ്ഞിന്റെ നൂൽകെട്ടൽ ചടങ്ങിനിടെ ആകാശ് തില്ലങ്കേരിയെ കാപ്പചുമത്തി വീണ്ടും മുഴക്കുന്ന് പൊലിസ് അറസ്റ്റു ചെയ്തത്. ഇതിൽ പ്രതിഷേധിച്ചു ആകാശിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും നാട്ടുകാരും മുഴക്കുന്ന് പൊലിസ് സ്റ്റേഷനിൽ തടച്ചുകൂടിയിരുന്നു. ഇതിനു ശേഷം ചടങ്ങിന്റെ സദ്യകഴിക്കാനും സമയം ചെലവഴിക്കാനും പൊലിസ് സൗകര്യം നൽകി പ്രശ്നം തണുപ്പിക്കുകയായിരുന്നു. എന്നാൽ ഇതിനിടെയാണ് ആകാശിനെതിരെ വീണ്ടും കാപ്പചുമത്തിയത്.

ഈവിഷയത്തിൽ ആകാശിനെ വേട്ടയാടുകയാണെന്നു ആരോപിച്ചു തില്ലങ്കേരി,മുഴക്കുന്ന് പ്രദേശത്തെ പാർട്ടി പ്രവർത്തകർ ഉൾപ്പെടെ സി.പി. എം കണ്ണൂർ ജില്ലാകമ്മിറ്റി ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു. ആകാശിനെതിരെ ഇനിയും നടപടി തുടർന്നാണ് പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുമെന്നായിരുന്നു ഇവരുടെ മുന്നറിയിപ്പ്. ഇതുകൂടാതെ വിനായകചതുർത്ഥി ആഘോഷവേളയിൽ പ്രദേശത്തെ സി.പി. എം അനുകൂലികൾ ഗണേശന്റെ ചിത്രം പ്രൊഫൈൽ ചിത്രമാക്കി ഉപയോഗിച്ചതും വിവാദമായിരുന്നു.

ഇതേ തുടർന്നാണ് അടിയൊഴുക്കുണ്ടാകുമെന്ന ആശങ്കയിൽ പൊലിസിനെ ഉപയോഗിച്ചുള്ള കടുത്ത നടപടികളിൽ നിന്നും സി.പി. എംനേതൃത്വം പിൻതിരിഞ്ഞത്. കടുത്ത വ്യവസ്ഥകളോടെയാണ് ആകാശ് തില്ലങ്കേരി കഴിഞ്ഞ ദിവസം ജയിൽ മോചിതനായതെന്നാണ് വിവരം. സോഷ്യൽ മീഡിയ ഉപയോഗിക്കരുത്, വീടിന് അഞ്ചുകിലോമീറ്റർ ദൂരെ രാത്രികാലങ്ങളിൽ സഞ്ചരിക്കരുതെന്നതുൾപ്പെടെയുള്ള നിബന്ധനകളാണ് പൊലിസ് മുൻപോട്ടുവെച്ചിട്ടുള്ളത്. ഇനിയും അക്രമസംഭവങ്ങളിൽ പങ്കാളിയാവുകയാണെങ്കിൽ ജാമ്യമില്ലാവകുപ്പു പ്രകാരം അറസ്റ്റിലേക്ക് നീങ്ങുമെന്നാണ് മുഴക്കുന്ന് പൊലിസ് നൽകുന്ന സൂചന.

എന്നാൽ സംഘർഷസാഹചര്യങ്ങളിൽ നിന്നും ഒഴിവാകുന്നതിനായി ആകാശ് തില്ലങ്കേരി ഇപ്പോൾ താമസിക്കുന്ന പ്രദേശത്തു നിന്നും മാറിതാമസിക്കുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. രാഷ്ട്രീയ സംഘർഷമില്ലാത്ത പ്രദേശത്ത് താമസിക്കണമെന്ന സി.പി. എം നേതാക്കളിൽ ചിലരുടെ ഉപദേശപ്രകാരമാണ് ഈ കൂടുമാറ്റുമെന്നറിയുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി സി.പി. എം നേതാക്കൾ പങ്കെടുക്കുന്ന കുടുംബയോഗങ്ങൾ കണ്ണൂർ ജില്ലയിൽ നടന്നുവരുന്നുണ്ട്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരാണ് പാർട്ടിയെ ശക്തിപ്പെടുത്താനായി ഇത്തരം യോഗങ്ങളിൽ പങ്കെടുക്കുന്നത്.

എന്നാൽ മുഴക്കുന്ന്, തില്ലങ്കേരി പ്രദേശങ്ങളിൽ നിന്നും ആകാശിനെ അനുകൂലിക്കുന്ന പാർട്ടി പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ഇത്തരം പരിപാടികളിൽ നിന്നും വിട്ടുനിൽക്കുമോയെന്ന ആശങ്കയും താൽക്കാലികമായെങ്കിലും ആകാശിനെതിരെയുള്ള നടപടികൾ അവസാനിപ്പിക്കാൻ സി.പി. എം നേതൃത്വത്തെ പ്രേരിപ്പിച്ചിട്ടുണ്ട്. ഡി.വൈ. എഫ്. ഐ വനിതാ നേതാവിനെ സോഷ്യൽ മീഡിയയിലൂടെ അവഹേളിച്ചതിനാണ് നേരത്തെ ആകാശിനെ മുഴക്കുന്ന് പൊലിസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളോടൊപ്പം കൂട്ടാളി ജിജോ തില്ലങ്കേരിയും അറസ്റ്റിലായിരുന്നു. കഴിഞ്ഞ മാസം പതിമൂന്നിനാണ് ഇവരെ അറസ്റ്റു ചെയ്തത്.

മകളുടെ പേരിടൽ ചടങ്ങിനിടെ പിടികൂടിയതിനു ശേഷം 27-നാണ്കാപ്പ റദ്ദാക്കി കൊണ്ടു ആഭ്യന്തര വകുപ്പ് സെക്രട്ടറിഇറക്കുകയായിരുന്നു. 28ന് കണ്ണൂർ കലക്ടറേറ്റിൽ ഈഉത്തരവ് എത്തിയതിനെ തുടർന്നാണ് അന്നേ ദിവസം തന്നെ ആകാശ് മോചിതനായത്. രണ്ടാം കാപ്പയ്ക്കെതിരെ തില്ലങ്കേരിയിലെ പ്രാദേശിക നേതൃത്വവും രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രി ഈ വിഷയത്തിൽ ആരോപണമുയർന്നതിനെ തുടർന്നാണ് പഠിച്ചുവിഷയം കൈക്കാര്യം ചെയ്യാൻ ആഭ്യന്തര വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.നേരത്തെ തന്റെ മകനെ രാഷ്ട്രീയ വൈരാഗ്യത്താൽ വേട്ടയാടുന്നുവെന്നു ആരോപിച്ചുആകാശിന്റെ പിതാവ് രവീന്ദ്രൻ ഹൈക്കോടതിയിൽ നിയമയുദ്ധം നടത്തിയിരുന്നു. മുഖ്യമന്ത്രിക്കും പാർട്ടിസംസ്ഥാനസെക്രട്ടറിക്കും പൊലിസ് നടപടിക്കെതിരെ അദ്ദേഹം പരാതി നൽകുകയും ചെയ്തിരുന്നു.