- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പാർട്ടിക്ക് അനഭിമതനായതോടെ ആകാശ് തില്ലങ്കേരിക്ക് രക്ഷയില്ല! ഓണക്കാലത്തും പുറത്തിറങ്ങില്ല, തില്ലങ്കേരി ജയിലിനകത്തു തന്നെ; പിതാവിന്റെ നിയമപോരാട്ടത്തിനും തിരിച്ചടി; കാപ്പതടവ് റദ്ദാക്കണമെന്ന പിതാവിന്റെ ഹരജി ഹൈക്കോടതി തള്ളി
കണ്ണൂർ: ഓണക്കാലത്തും നാട്ടിൽ വരാനാകാതെ സി.പി. എം സൈബർ പോരാളി ആകാശ് തില്ലങ്കേരി ഇരുമ്പഴിക്കുള്ളിൽ തന്നെ. പാർട്ടിവിധിച്ച കാരാഗൃഹത്തിന്റെ കയ്പുനീർ കുടിച്ചു തീർക്കുകയാണ് ഒരുകാലത്ത് പാർട്ടിക്കായി വെട്ടാനും ചാവാനും നടന്നിരുന്ന ആകാശ് തില്ലങ്കേരിയെന്ന സൈബർ പോരാളി. സി.പി. എം ബ്രാഞ്ച് അംഗമായ പിതാവ് രവീന്ദ്രന്റെ നിയമപോരാട്ടങ്ങൾക്ക് കാപ്പതടവുകാരനായി വിയ്യൂർ ജയിലിൽ കഴിയുന്ന ആകാശ് തില്ലങ്കേരിയെ പുറത്തുകൊണ്ടുവരാനാിയില്ല.
ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും മുഴക്കുന്ന് പൊലിസ് കാപ്പ ചുമത്തി അറസ്റ്റു ചെയ്തത്. ഇതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ ആകാശ് തില്ലങ്കേരിയെയും കൂട്ടാളിയെയും ആദ്യം കണ്ണൂരും പിന്നീട് വിയ്യൂർ സെൻട്രൽ ജയിലിലും അടയ്ക്കുകയായിരുന്നു.
അതിനു ശേഷം ആരുടെയും സഹായമില്ലാതെ തന്നെ തനിച്ചു ആകാശിന്റെ പിതാവ് രവീന്ദ്രൻ മകനെതിരെ ചുമത്തിയ കാപ്പാതടവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ നിയമ പോരാട്ടം നടത്തിവരികയായിരുന്നു. എന്നാൽ കാപ്പ ചുമത്തിയത് ഹൈക്കോടതി ശരിവെച്ചതോടെ പിതാവിന്റെ പ്രതീക്ഷയ്ക്കു മങ്ങലേറ്റിരിക്കുകയാണ്. ഹൈക്കോടതി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് സോഫി തോമസും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ആകാശ് തില്ലങ്കേരിയുടെ കാപ്പതടവ് ശരിവെച്ചത്.
ആകാശിന്റെ പിതാവിന്റെയും കൂട്ടാളി ജിജോ തില്ലങ്കേരിയുടെ ഭാര്യ അഞ്ജുവും നൽകിയ ഹരജി തള്ളിയാണ് ഹൈക്കോടതി ഉത്തരവ്. സി.പി. എം നേതൃത്വത്തിനെതിരെ പ്രവർത്തിച്ചതിനാലാണ് ഇരുവരെയും കാപ്പ ചുമത്തി തടവിലാക്കിയതെന്നായിരുന്നു ഇരുവരുടെയും ഹരജിയിലെ ആരോപണം. ഈ ആരോപണങ്ങൾ തള്ളിയാണ് ഡിവിഷൻ ബെഞ്ച് കാപ്പാനിയമപ്രകാരം ഇരുവരെയും തടവിലാക്കിയത് ശരിവെച്ചത്.
യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂർ ശുഹൈബ് വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ ആകാശ് തില്ലങ്കേരി പിന്നീട് ഡി.വൈ. എഫ്. ഐയുമായും പാർട്ടിയുമായും തെറ്റുകയായിരുന്നു. ഇതോടെ സ്വർണക്കടത്ത് സംഘവുമായുള്ള ബന്ധവും അർജുൻ ആയങ്കിയുമായുള്ള സൗഹൃദവുമൊക്കെ പാർട്ടി നേതൃത്വം ചർച്ചയാക്കുകയും ആകാശിനെ പാർട്ടി ശത്രുവായി പ്രഖ്യാപിക്കുകയും ചെയ്തു. സോഷ്യൽ മീഡിയിയൽ ഡി.വൈ. എഫ്. ഐ നേതാക്കൾക്കെതിരെ അതീവഗുരുതരമായ ആരോപണങ്ങളുമായി ആകാശ് രംഗത്തുവന്നതോടെ നിയമനടപടികളുമായി പാർട്ടി മുൻപോട്ടുപോവുകയായിരുന്നു.
ഒരുകാലത്ത് പി.ജെ ആർമിയിൽ മുൻനിരയിലുണ്ടായിരുന്ന ആകാശ് തില്ലങ്കേരിയെ പി.ജയരാജനെ കൊണ്ടു തന്നെ പരസ്യമായി തള്ളിപറയിപ്പിച്ചതോടെ പരിപൂർണ്ണമായും പാർട്ടിക്കുള്ളിൽ നിന്നു തന്നെ ഒറ്റപ്പെട്ടു. ഇതോടെയാണ് ആകാശിനെ പൂട്ടുന്നതിനായി കാപ്പ ചുമത്തിയത്. ഒരു വർഷംമുൻപാണ് ആകാശ് തില്ലങ്കേരി വിവാഹിതനായത്. ശുഹൈബ് വധക്കേസിനു ശേഷം ഗൗരവകരമായ അക്രമകേസുകളിലൊന്നും ആകാശ് തില്ലങ്കേരി പങ്കാളിയായിരുന്നില്ല.
സ്വർണം പൊട്ടിക്കൽ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിക്കുമ്പോഴും ആകാശിനെതിരെയുള്ള കുറ്റങ്ങൾ തെളിയിക്കാൻ പൊലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ജയിലിനകത്തു നിന്നുപോലും സ്വർണം പൊട്ടിക്കലിന് നേതൃത്വം നൽകുന്ന ടി.പി വധക്കേസിലെ പ്രതികൊടിസുനിയും പരോളിലിറങ്ങി കള്ളത്തോക്ക് കച്ചവടം നടത്തുന്ന ടി.കെ രജീഷും പാർട്ടിക്ക് ഇപ്പോഴും ഓമനകളാണ്. ഈസാഹചര്യത്തിലാണ് സോഷ്യൽ മീഡിയയിൽ നേതൃത്വത്തെ വിമർശിക്കുകയും പാർട്ടിരഹസ്യങ്ങൾ തുറന്നുപറയുകയും ചെയ്ത ആകാശ് തില്ലങ്കേരിയെ അടിയുറച്ച പാർട്ടിഅംഗത്തിന്റെ മകനെ വേട്ടയാടുന്നത്.