കണ്ണൂർ: സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡിവൈഎഫ്‌ഐ പ്രവർത്തകയുടെ പരാതിയിൽ പൊലീസിന് പിടികൊടുക്കാതെ ആകാശ് തില്ലങ്കേരി കോടതിയിൽ കീഴടങ്ങി. കേസിൽ ആകാശ് തില്ലങ്കേരി ഉൾപ്പെടെ മൂന്ന് പേർക്കും ജാമ്യം. ആകാശ് മട്ടന്നൂർ ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരാകുകയായിരുന്നു. ആകാശ് തില്ലങ്കേരിക്ക് പുറമേ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഇവരെ ഇന്ന് ഉച്ചയോടെ പൊലീസ് പിടികൂടിയിരുന്നു.

വെള്ളിയാഴ്‌ച്ച രാവിലെ മുതൽ ഒളിവിൽ കഴിയുകയായിരുന്ന ആകാശ് തില്ലങ്കേരി കീഴടങ്ങുമെന്ന അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും  വൈകുന്നേരം നാലുമണിയോടെ അഭിഭാഷകനൊപ്പം കോടതിയിൽ കീഴടങ്ങുകയായിരുന്നു

മന്ത്രി എം ബി രാജേഷിന്റെ ഡ്രൈവറുടെ ഭാര്യയും ഡിവൈഎഫ്‌ഐ പ്രവർത്തകയുമായ ശ്രീലക്ഷ്മിയാണ് പരാതിക്കാരി. ഫേസ്‌ബുക്കിലൂടെ തനിക്കെതിരെ ആകാശ് തില്ലങ്കേരി അപവാദ പ്രചാരണം നടത്തിയെന്നാണ് ശ്രീലക്ഷ്മി അനൂപിന്റെ പരാതി. ഡിവൈഎഫ്‌ഐ കമ്മിറ്റിയിൽ ആകാശിനെതിരെ സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും ആകാശും സുഹൃത്തുക്കളും തന്നെ ഫേസ്‌ബുക്കിലൂടെ അധിക്ഷേപിക്കുകയാണെന്നും പരാതിയിൽ പറയുന്നു. ശ്രീലക്ഷ്മി അനൂപിന്റെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്നു ആകാശ് തില്ലങ്കേരി. ഡിവൈഎഫ്‌ഐ മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം സി.വിനീഷിനെ സമൂഹ മാധ്യമം വഴി ഭീഷണിപ്പെടുത്തിയതിന് മറ്റൊരു കേസ് മട്ടന്നൂർ പൊലീസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അതേസമയം, പാർട്ടി ആഹ്വാനപ്രകാരമാണ് കൊലപാതകം നടത്തിയത് എന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന് സമൂഹമാധ്യമങ്ങളിൽ ആകാശിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും പരസ്പരം വാക്‌പോര് തുടരുന്നുണ്ട്. ആകാശിന്റെ ക്വട്ടേഷൻ പ്രവർത്തനങ്ങൾ തുറന്നുകാട്ടി ഈ സംഘത്തിനെതിരെ പ്രതിരോധം തീർക്കുമെന്നാണ് ഡിവൈഎഫ്‌ഐ വ്യക്തമാക്കിയത്.

അതിനിടെ, പാർട്ടിയെ വെല്ലുവിളിച്ച ആകാശ് തില്ലങ്കേരി വിഷയം ചർച്ച ചെയ്യാൻ സിപിഎം അടിയന്തര യോഗം വിളിച്ചു. എം.വി ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. തില്ലങ്കേരി ലോക്കൽ കമ്മറ്റി അംഗങ്ങളെ മുഴുവൻ യോഗത്തിന് വിളിപ്പിച്ചിട്ടുണ്ട്. പാർട്ടിക്ക് വെല്ലുവിളി ഇല്ലാതെ പ്രശ്‌നം തീർക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നത്. മട്ടന്നൂർ ഏരിയ കമ്മിറ്റി ഓഫീസിലാണ് യോഗം വിളിച്ചിരിക്കുന്നത്.