കണ്ണൂർ: സൈബർ പോരാളിയും കാപ്പാതടവുശിക്ഷയനുഭവിക്കുകയും ചെയ്ത ആകാശ് തില്ലങ്കേരിയെ വീണ്ടും പൊലിസ് അറസ്റ്റു ചെയ്തതിനെതിരെ പാർട്ടി ഗ്രാമമായ മുഴക്കുന്നിൽ സി.പി. എമ്മിൽ അതൃപ്തി പടരുന്നു. മകന്റെ നൂൽകെട്ടൽ നടക്കുന്ന ചടങ്ങിനിടെ ആകാശിനെ മുഴക്കുന്ന് പൊലിസ് അറസ്റ്റു ചെയ്തത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ആരോപണം.

എടയന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലടക്കം പന്ത്രണ്ടു കേസുകളിൽ പ്രതിയായ ആകാശ്തില്ലങ്കേരിയെവീണ്ടും കാപ്പചുമത്തിയാണ് ബുധനാഴ്‌ച്ച ഉച്ചയോടെ മുഴക്കുന്ന് സി. ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ വീട്ടിലെത്തി കുഞ്ഞിന്റെ നൂൽകെട്ടൽ ചടങ്ങു നടക്കുന്നതിനിടെ അറസ്റ്റു ചെയ്തത്. വിയ്യൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരനായി കഴിയവെ മൊബൈൽ ഫോൺ ഉപയോഗിച്ചത് ചോദ്യം ചെയ്തത ജയിൽ വാർഡനെ മർദ്ദിച്ച കേസിലാണ് അറസ്റ്റു ചെയ്തത്. ആകാശ് ജയിൽ മോചിതനായി ദിവസങ്ങൾക്കുള്ളിലാണ് വീണ്ടും അറസ്റ്റ് വാറൻഡുമായി പൊലിസെത്തിയത്.

കുട്ടിയുടെ നൂൽകെട്ടൽചടങ്ങിനിടെ ആകാശിനെ അറസ്റ്റു ചെയ്തത് വൻപ്രതിഷേധത്തിനിടയാക്കിയിരുന്നു. ആകാശിന്റെ സുഹൃത്തുക്കളും സി.പി. എം പ്രവർത്തകരായ പ്രദേശവാസികളും ഇതിനെതിരെ പ്രതിഷേധവുമായിരംഗത്തു വന്നു. സംഭവത്തിനു പിന്നിൽ ആകാശിനെ വേട്ടയാടാനുള്ള ആസൂത്രിതനീക്കമാണെന്നാണ് ഇവർ ആരോപിക്കുന്നത്. പൊലിസ് നടപടിയിൽ പ്രതിഷേധിച്ചു ആകാശിന്റെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരായ സി.പി. എം പ്രവർത്തകരും മുഴക്കുന്ന് പൊലിസ് സ്റ്റേഷനു മുൻപിൽ തടിച്ചു കൂടി.

ചടങ്ങിൽ പങ്കെടുക്കാനാെത്തിയവരിൽ ആരും ഭക്ഷണം കഴിക്കാതെയാണ് ആകാശിനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി സ്റ്റേഷനിൽ തടിച്ചുകൂടിയത്. ഒടുവിൽ സ്ഥിതി സംഘർഷാഭരിതമായതിനെ തുടർന്ന്ആകാശിനെ കുടുംബാംഗങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കാനുള്ള സൗകര്യമേർപ്പെടുത്തികൊണ്ടു പൊലിസ് സ്ഥിതിഗതികൾ മയപ്പെടുത്തി. ആകാശിന്റെ പിതാവ് രവീന്ദ്രന്റെ ഇടപെടലിനെ തുടർന്ന് പൊലിസ് സ്റ്റേഷനിൽ തടിച്ചുകൂടിയ ജനക്കൂട്ടവും പിരിഞ്ഞു പോയി. സ്ഥിതി ഗതികൾ ശാന്തമാക്കുന്നതിനായി തൊട്ടടുത്ത പൊലിസ് സ്റ്റേഷനുകളിൽ നിന്നും പൊലിസുകാർ മുഴക്കുന്ന് സ്റ്റേഷനിലെത്തിയിരുന്നു.

വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയവെ നടന്ന സംഭവത്തിൽ ജയിലിനു പുറത്തിറങ്ങിയപ്പോൾ അറസ്റ്റു ചെയ്തതിൽ വൻഗൂഢാലോചനയുണ്ടെന്നാണ് ആകാശിനെ അനുകൂലിക്കുന്നവർ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്ന ആഭ്യന്തര വകുപ്പ് ഒരു കാലത്ത് പാർട്ടിക്ക് വേണ്ടി വെട്ടാനും ചാവാനും നടന്ന ആകാശ് തില്ലങ്കേരിയെ വേട്ടയാടുന്നതിൽ പാർട്ടി ഗ്രാമമായ മുഴക്കുന്നിൽ പാർട്ടി പ്രവർത്തകരിൽ തന്നെ പ്രതിഷേധമുണ്ട്്.

ആകാശിന്റെ പിതാവ് പാർട്ടി അംഗമാണ്. കുടുംബവും ബന്ധുക്കളുമെല്ലാം പാർട്ടി അനുഭാവികളും പ്രവർത്തകരുമാണ്. ആകാശിനെ തള്ളിപ്പറഞ്ഞുകൊണ്ടു സി.പി. എം മുഴക്കുന്നിൽ രാഷ്ട്രീയ വിശദീകരണ സമ്മേളനം നടത്തിയതിനു ശേഷം ഇവരിൽ പലരും പാർട്ടിയുമായി അകൽച്ചയിലാണ്. ആകാശിനെ തള്ളിപ്പറഞ്ഞുകൊണ്ടാണ് അന്നത്തെ പൊതുയോഗത്തിൽ സി.പി. എം നേതാക്കളായ പി.ജയരാജനും എം.വി ജയരാജനും പ്രസംഗിച്ചിച്ചത്.

മട്ടന്നൂരിലെ വനിതാ നേതാവിനെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ ഫേസ്‌ബുക്ക് പോസ്റ്റിട്ടതും ഡി.വൈ. എഫ്. ഐ ജില്ലാ നേതാക്കളെ ഉൾപ്പെടെ പൊതുസമൂഹത്തത്തിൽ അപമാനിക്കുന്ന വിധയത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരണം നടത്തിയതുമാണ് ആകാശ് തില്ലങ്കേരിയെ പാർട്ടിക്ക് അനഭിമതനാക്കിയത്.

ഇതേ തുടർന്നാണ് പൊലിസിനെ ഉപയോഗിച്ചു ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്തുന്നതും വിയ്യൂർ സെൻട്രൽ ജയിലിൽ അടക്കുന്നതും. ആറുമാസത്തെ തടവു കഴിഞ്ഞ് ആകാശ് പുറത്തിറങ്ങിയതിനു ശേഷമാണ് വീണ്ടും ജയിലറെ അക്രമിച്ച കേസിൽ ജയിലിൽ അടക്കാനുള്ള നീക്കങ്ങളുമായി പൊലിസ് മുൻപോട്ടുപോയത്. ഇതിനു ശേഷം ആകാശിനെതിരെ ചുമത്തിയ പുതിയ കുറ്റമാണിത്. ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനിക്കും സംഘത്തിനും എല്ലാവിധ സംരക്ഷണങ്ങളും പരോളുകളും നൽകുന്ന ആഭ്യന്തര വകുപ്പ് പാർട്ടിക്കായി ശുഹൈബ് വധക്കേസിൽ പ്രതിയായ ആകാശ് തില്ലങ്കേരിയെ വേട്ടയാടുന്നത് ഇരട്ടത്താപ്പാണെന്ന് സി.പി. എമ്മിൽ നിന്നുതന്നെ ആരോപണമുയർന്നിട്ടുണ്ട്.

ആകാശ് തില്ലങ്കേരിയുമായി ബന്ധം നിലനിർത്തുന്നത് പാർട്ടി വിലക്കിയിട്ടുണ്ടെങ്കിലും പ്രാദേശിക നേതാക്കളിൽ പലരും ഇപ്പോഴും ആകാശ് തില്ലങ്കേരിയെയും ബന്ധുക്കളെയും പിൻതുണയ്ക്കുന്നവരാണ്. എന്നാൽ ആകാശ് തില്ലങ്കേരിയെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ചവരിൽ പാർട്ടി അംഗങ്ങളോ അനുഭാവികളോയില്ലെന്നാണ് സി.പി. എം നേതാക്കൾ പറയുന്നത്.