കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷന്റെ പേരിൽ സിപിഎം നേരത്തെ തള്ളിപ്പറഞ്ഞ ആകാശ് തില്ലങ്കേരിക്ക് ട്രോഫി നൽകിയതിൽ ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ എം.ഷാജറിന്റെ വിശദീകരണം. സമ്മാനം നൽകില്ലെന്ന് സംഘാടകരോടു പറഞ്ഞിരുന്നു. പരിപാടി അലങ്കോലമാകാതിരിക്കാനാണ് ട്രോഫി നൽകിയത് എന്നും എം.ഷാജർ വിശദീകരിച്ചു. കളങ്കിതനായ വ്യക്തിതന്നെ ഫോട്ടോ പലർക്കും അയച്ചുനൽകി. ക്വട്ടേഷൻ ലഹരി മാഫിയകൾക്കെതിരെ പോരാട്ടം തുടരുമെന്നും എം.ഷാജർ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

എം ഷാജറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

''തില്ലങ്കേരിയിലെ സികെജി സ്മാരക ക്ലബ്ബിന്റെ ആറാം വാർഷികാഘോഷ പരിപാടിയിൽ ഉദ്ഘാടകനായാണ് എന്നെ ക്ഷണിച്ചത്. ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് ഇറങ്ങാൻ തുടങ്ങുമ്പോൾ കേരളോത്സവത്തിൽ പങ്കെടുത്ത് വിജയിച്ച ക്ലബ്ബ് അംഗങ്ങൾക്കും വാർഷികത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികൾക്കും സമ്മാനം നൽകാൻ സംഘാടകർ എന്നോട് ആവശ്യപ്പെട്ടു. ഇതിനിടയിലാണ് പരിപാടിയുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു മത്സരത്തിലെ വിജയികൾക്കു കൂടി സമ്മാനം നൽകുന്നതിനായി അനൗൺസ് ചെയ്യുന്നത്. ആ അവസരം ദുരുപയോഗം ചെയ്യപ്പെടും എന്ന് ഉറപ്പുള്ളതുകൊണ്ട് തന്നെ സമ്മാനം നൽകില്ലെന്നു പറഞ്ഞിരുന്നു. എന്നാൽ പരിപാടി അലങ്കോലമാകാതിരിക്കാൻ സംഘാടകരുടെ ആവശ്യം മാനിച്ചു കൊണ്ടാണ് സമ്മാനം വിതരണം ചെയ്തത്.'' എം. ഷാജർ പറഞ്ഞു.

നേരത്തെ, തില്ലങ്കേരി വഞ്ഞേരിയിൽ നടന്ന പരിപാടിയുമായി ബന്ധപ്പെട്ട് വ്യക്തിപരമായി തന്നെയും, ഡിവൈഎഫ്ഐയെയും ആസൂത്രിതമായി താറടിച്ചു കാണിക്കാനുള്ള ശ്രമം നടന്നു വരികയാണെന്ന് എം.ഷാജർ കണ്ണുരിൽ പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളും പാർട്ടി വിരുദ്ധരായ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും തനിക്കെതിരായ അപവാദ പ്രചരണമാണ് നടത്തി കൊണ്ടിരിക്കുന്നത്.
നടന്ന സംഭവത്തിന്റെ യാഥാർത്ഥ്യം ക്ലബ്ബ് ഭാരവാഹികളും പ്രാദേശിക പാർട്ടി നേതൃത്വവും വിശദീകരിച്ചിട്ടുണ്ട്. ലഹരി ക്വട്ടേഷൻ മാഫിയയ്ക്കെതി സന്ധിയില്ലാത്ത നിലപാടുകൾ എല്ലാ കാലത്തും സ്വീകരിച്ചിട്ടുള്ള പ്രസ്ഥാനമാണ് ഡിവൈഎഫ്ഐ. സമൂഹത്തെ കാർന്ന് തിന്നുന്ന ഇത്തരം വിപത്തുകൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചതിന്റെ പേരിൽ പ്രിയപ്പെട്ട രണ്ട് സഖാക്കളുടെ ജീവൻ നഷ്ടപ്പെട്ടിട്ട് ഒരു മാസം പോലും തികഞ്ഞിട്ടില്ല.

പാർട്ടിയെയും പാർട്ടി അടയാളങ്ങളെയുമെല്ലാം സ്വാർത്ഥ ലാഭത്തിനായി മാത്രം ഉപയോഗിച്ച് ശീലിച്ച കച്ചവട ബുദ്ധികൾ ആ അവസരം മുതലെടുത്തു. പ്രദേശത്തെ അഭിപ്രായം പോലും മാനിക്കാതെ കളങ്കിതനായ വ്യക്തി തന്നെ പലർക്കും ഫോട്ടോ അയച്ച് കൊടുക്കുകയാണ് ചെയ്തത്. നേരത്തെ നിശ്ചയിച്ചുവച്ചതുപോലെ നിമിഷ നേരങ്ങൾകൊണ്ട് ചിലർ സാമൂഹ്യ മാധ്യമങ്ങളിൽ വാഴ്‌ത്ത്പാട്ടുകൾ തുടങ്ങി. മാധ്യമങ്ങൾക്ക് അത് വാർത്താ തലക്കെട്ടുകളായി.

ഇടതുപക്ഷത്തിനെതിരെയാണെങ്കിൽ എന്തും വാർത്തയാവുന്ന കാലത്ത് അതിൽ അതിശയോക്തിയില്ല. എന്നാലും അഭ്യസ്ത വിദ്യരായ മലയാളികൾ കുറേക്കൂടെ ഗുണപരമായൊരു മാധ്യമ സംസ്‌കാരം അർഹിക്കുന്നവരാണ്. പൊതുസമൂഹത്തിൽ ഒറ്റപ്പെടുത്തേണ്ട ക്വട്ടേഷൻ ലഹരിമാഫിയാ സംഘങ്ങൾക്ക് പ്രചാരവേല നടത്താനുള്ള ചുമതല മാധ്യമങ്ങൾ ഏറ്റെടുക്കുന്ന പ്രവണത ദുഃഖകരമാണ്.

രാത്രി ഒരുമണിയോടടുത്ത് വിഷയത്തിൽ പ്രതികരണം തേടിയ ഏഷ്യാനെറ്റിന്റെ കണ്ണൂർ റിപ്പോർട്ടറോട് (ഉറക്കത്തിൽ ആയതിനാൽ) രാവിലെ വിഷയം നോക്കി പ്രതികരിക്കാമെന്നായിരുന്നു എന്റെ മറുപടി. ഇതിനെ, പ്രതികരിക്കാതെ എം ഷാജർ എന്നാക്കി ഏഷ്യാനെറ്റിലെ 'നമസ്‌തേ കേരളത്തിൽ'റിപ്പോർട്ട് ചെയ്തത് ഏത് തരം മാധ്യമ ധർമമാണെന്നും ഷാജർ ചോദിച്ചു. പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കൾ മനസിലാക്കേണ്ടത് അന്ധമായ ഇടതുപക്ഷ വിരോധം കൊണ്ട് ക്വട്ടേഷൻ ലഹരി മാഫിയയുടെ പ്രചാരകരായി നിങ്ങളോരോരുത്തരും സ്വയം മാറ്റപ്പെടുകയാണ്. മാധ്യമങ്ങൾക്ക് ലഹരി കള്ളക്കടത്തു മാഫിയാ സംഘങ്ങൾ മിത്രങ്ങളും,ഇവർക്കെതിരെ പോരാടുന്ന ഡിവൈഎഫ്‌ഐയെ ശത്രു പക്ഷത്തും നിർത്തുകയാണ്.

അതാത് കാലത്തെ സാമൂഹ്യ തിന്മകൾക്കെതിരെ എല്ലാകാലത്തും പോരാടിയവരാണ് ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള ഇടതുപക്ഷ-പുരോഗമന യുവജ പ്രസ്ഥാനങ്ങൾ. പുതിയ കാലത്തെ സാമൂഹിക വെല്ലുവിളികളിൽ എറ്റവും പ്രധാനമാണ് ലഹരി ക്വട്ടേഷൻ മാഫിയകൾ. കാശുണ്ടാക്കുകയെന്നത് മാത്രമാണ് ഇത്തരക്കാരുടെ ലക്ഷ്യം ഏത് നീചമയ മാർഗവും അവരതിന് ഉപയോഗിക്കും,ഏത് കൂട്ടുകെട്ടും അവരതിനായി ഉണ്ടാക്കിയെടുക്കും. നിലനിൽപ്പിന്റെ രാഷ്ട്രീയം മാത്രമാണ് ഇവരുടെ കൈമുതൽ.

കണ്ണൂരിലും കേരളത്തിലാകമാനവും ലഹരി-ക്വട്ടേഷൻ മാഫിയകൾക്കെതിരായ പോരാട്ടത്തിന് തുടക്കം കുറിച്ചത് ഡിവൈഎഫ്ഐയാണ്. അതുകൊണ്ട് തന്നെ കിട്ടുന്ന അവസരങ്ങളിലെല്ലാം അത്തരക്കാർ ഡിവൈഎഫ്ഐയെ അക്രമിക്കാൻ തയ്യാറാവുന്നതും സ്വാഭാവികം എന്നാൽ മാധ്യമങ്ങൾ ഇത്തരക്കാർക്കൊപ്പം കൂടുന്നത് എന്ത് ലാഭം പ്രതീക്ഷിച്ചാണ്. ഇത്തരം ദുഷിച്ച രീതികളിലൂടെ നിങ്ങളും നിങ്ങളുടെ മാധ്യമ സംരംഭവും ഈ സമൂഹത്തോട് സംവദിക്കാൻ ഉദ്ദേശിക്കുന്നതെന്താണ്.

ഏത് സാഹചര്യത്തിലും ഇത്തരക്കാരുമായി സന്ധി ചെയ്യാനോ,പിൻതുണ തേടാനോ ഞാനും എന്റെ പ്രസ്ഥാനവും തയ്യാറല്ല. ക്വട്ടേഷൻ - ലഹരി മാഫിയകൾക്കെതിരെ ശക്തമായ പ്രചാരവേലകൾ തുടർന്നും മുന്നോട്ട് കൊണ്ടുപോവാൻ തന്നെയാണ് ഡിവൈഎഫ്ഐയുടെ തീരുമാനം. മാധ്യമങ്ങൾ ക്വട്ടേഷൻ മാഫിയയ്ക്ക് പക്ഷം പിടിക്കാനാണ് തീരുമാനിക്കുന്നതെങ്കിൽ ഈ ഇരട്ടത്താപ്പിനെയും തുറന്ന് കാണിക്കാൻ ഡിവൈഎഫ്ഐ തയ്യാറാവും.

ശുദ്ധാത്മാക്കളായ ചിലർ ഇപ്പോഴും ഇത്തരക്കാരെ 'പോരാളികൾ' എന്ന പേര് ചേർത്ത് വിളിക്കുന്നതായി കാണുന്നുണ്ട്. സോഷ്യൽ മീഡിയ പ്രൊഫൈലിന്റെ നിറം നോക്കി ആവേശഭരിതരാകാതെ,ഒറ്റപ്പെടുത്തേണ്ടവരെആ നിലയിൽ അവഗണിക്കാൻ എങ്കിലും പൊതു സമൂഹം മുന്നോട്ട് വരണം.

നാടിനെയും പുതുതലമുറയെയും ഇത്തരം വിധ്വംസക ശക്തികളിൽ നിന്നും മാറ്റിനിർത്തി സംരക്ഷിക്കാനുള്ള ജാഗ്രത്തായ പ്രവർത്തനത്തിന് ഡിവൈഎഫ്ഐ നേതൃത്വം നൽകും. പൊതുസമൂഹത്തിന്റെയാകെ പിൻതുണയും ഇത്തരം പ്രവർത്തനങ്ങളിൽ അഭ്യർത്ഥിക്കുന്നുവെന്നും ഷാജർ പറഞ്ഞു.