കൊച്ചി: ബിഗ് ബോസ് താരമായിരുന്ന അഖില്‍ മാരാര്‍ എന്‍ഡിഎ ഘടകകക്ഷിയായ ട്വന്റി20-യില്‍ ചേരും. വൈകീട്ട് മൂന്ന് മണിക്ക് ട്വന്റി20 നേതാവ് സാബു ജേക്കബിന്റെ സാന്നിധ്യത്തില്‍ അഖില്‍ മാരാര്‍ പാര്‍ട്ടി അംഗത്വം എടുക്കും. അഖില്‍ മാരാര്‍ കൊട്ടാരക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. ബിജെപി നടത്തിയ സര്‍വേയുടെ പശ്ചാത്തലത്തില്‍കൂടിയാണ് അഖില്‍ മാരാരെ മുന്നണിയിലെത്തിച്ചിരിക്കുന്നതെന്നാണ് വിവരം. ബിജെപിയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിക്കാത്തതിനെ തുടര്‍ന്നാണ് അഖില്‍ മാരാരെ ട്വന്റി20-യില്‍ എത്തിച്ച് മത്സരിപ്പിക്കാനുള്ള നീക്കം.

ബി.ജെ.പിയില്‍ ചേരാന്‍ അഖില്‍ മാരാര്‍ നേരത്തെ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ബി.ജെ.പി ചിഹ്നത്തില്‍ മത്സരിക്കുന്നത് രാഷ്ട്രീയമായി ചില പരിമിതികള്‍ ഉണ്ടാക്കുമെന്ന് താരം കരുതുന്നുണ്ടാകാം. എന്നാല്‍ എന്‍.ഡി.എ മുന്നണിയുടെ ഭാഗമായ ട്വന്റി20-യിലൂടെ എത്തുമ്പോള്‍, ട്വന്റി20-യുടെ 'വികസന രാഷ്ട്രീയ' ഇമേജും ബി.ജെ.പി വോട്ട് ബാങ്കും ഒരുപോലെ ഉപയോഗപ്പെടുത്താം എന്നതാണ് മാരാരുടെ കണക്കുകൂട്ടല്‍. കൊട്ടാരക്കരയില്‍ നടത്തിയ രഹസ്യ സര്‍വേകളില്‍ അഖില്‍ മാരാര്‍ക്ക് യുവാക്കള്‍ക്കിടയിലും നിഷ്പക്ഷ വോട്ടര്‍മാര്‍ക്കിടയിലും വലിയ സ്വാധീനമുണ്ടെന്ന് ബി.ജെ.പി കണ്ടെത്തിയിരുന്നു. സി.പി.എമ്മിന്റെ കോട്ടയായ കൊട്ടാരക്കരയില്‍ ഒരു 'സ്റ്റാര്‍ വാല്യൂ' ഉള്ള സ്ഥാനാര്‍ത്ഥിയെ ഇറക്കി അട്ടിമറി നടത്താനാണ് എന്‍.ഡി.എ ലക്ഷ്യമിടുന്നത്. മാരാരുടെ വാക്ചാതുരിയും ബിഗ് ബോസിലൂടെ ലഭിച്ച ജനപ്രീതിയും വോട്ടായി മാറുമെന്ന് മുന്നണി വിശ്വസിക്കുന്നു.

ട്വന്റി20-യെ കിഴക്കമ്പലത്തിന് പുറത്തേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സാബു എം. ജേക്കബ്. അഖില്‍ മാരാരെപ്പോലെ സോഷ്യല്‍ മീഡിയയില്‍ വലിയ സ്വാധീനമുള്ള ഒരാള്‍ പാര്‍ട്ടിക്കൊപ്പം ചേരുന്നത് കേരളത്തിലുടനീളം ട്വന്റി20-ക്ക് ശ്രദ്ധ ലഭിക്കാന്‍ കാരണമാകും. കിഴക്കമ്പലം മോഡല്‍ വികസനം കൊട്ടാരക്കരയിലും ചര്‍ച്ചയാക്കാനാണ് ഇവരുടെ നീക്കം. പഴയ 'കോണ്‍ഗ്രസുകാരന്‍' എന്ന പ്രതിച്ഛായയുള്ള മാരാര്‍ ഇപ്പോള്‍ എന്‍.ഡി.എ പാളയത്തില്‍ എത്തുന്നത് കോണ്‍ഗ്രസ് വോട്ടുകളിലും വിള്ളലുണ്ടാക്കിയേക്കാം. സി.പി.എം പ്രതിരോധത്തിലാകുന്ന വിഷയങ്ങളില്‍ മാരാര്‍ നടത്തുന്ന ആക്രമിച്ച് കളിക്കുന്ന രീതി കൊട്ടാരക്കരയിലെ പോരാട്ടം കടുപ്പിക്കുമെന്ന് ഉറപ്പാണ്.

അഖില്‍ മാരാരുടെ ആരാധകര്‍ ഈ നീക്കത്തെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ബിജെപിയോടോ കോണ്‍ഗ്രസിനോടോ നേരിട്ട് ചേരാതെ ട്വന്റി20 എന്ന പ്ലാറ്റ്ഫോം തിരഞ്ഞെടുത്തത് ബുദ്ധിപരമായ നീക്കമാണെന്ന് ഇവര്‍ വാദിക്കുന്നു. 'അഴിമതിയില്ലാത്ത വികസനം' എന്ന ട്വന്റി20 മുദ്രാവാക്യവും മാരാരുടെ സ്‌ട്രെയിറ്റ് ഫോര്‍വേഡ് ശൈലിയും ഒത്തുപോകുമെന്നാണ് ഇവരുടെ പക്ഷം.