കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ ഫൈവിന്റെ വിജയിയും, ചലച്ചിത്ര സംവിധായകനുമായ അഖിൽ മാരാർ, ബിഗ്ബോസ് സീസൺ സിക്സിന്റെ അണിയറ പ്രവർത്തകർക്കെതിരെ അതിരൂക്ഷമായി പ്രതികരിച്ച് രംഗത്ത്. ലൈംഗിക ചൂഷണവും, സാമ്പത്തിക ചൂഷണവുമടക്കം ബിഗ്ബോസിൽ നടക്കുന്നുണ്ടെന്ന് പറഞ്ഞ് അതിരൂക്ഷമായാണ്, അദ്ദേഹത്തിന്റെ പ്രതികരണം. വൈൽഡ് കാർഡ് എൻട്രിയായി ബിഗ്ബോസിലെത്തി, ഇപ്പോൾ പുറത്തുപോയ സിബിൻ എന്ന മത്സരാർഥിയെ ചൊല്ലിയുള്ള വിവാദത്തിലാണ് അഖിൽ രൂക്ഷമായി പ്രതികരിച്ചത്. സിബിനെ ഡ്രഗ്‌സ് നൽകി മനോരോഗിയാക്കാനാണ് ബിഗ് ബോസ് അണിയറ പ്രവർത്തകർ ശ്രമിച്ചത് എന്ന അതിഗുരുതരമായ ആരോപണവും അഖിൽ ഉന്നയിക്കുന്നുണ്ട്. അഖിൽ മരാരുടെ വീഡിയോയുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്.

'ബിഗ് ബോസ് എന്ന ഷോയെ കുറിച്ചും ചാനലിന്റെ തലപ്പത്തിരിക്കുന്ന ചിലരുടെ നെറികേടുകൾ കൃത്യമായി അറിയാവുന്ന ആളാണ് ഞാൻ. അതിനർത്ഥം അതുവെച്ചിട്ട് റോബിൻ പറഞ്ഞത് പോലെ, നന്ദികേട് കാണിക്കരുതെന്ന് പറയാൻ വരരുത്. എനിക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ബിഗ് ബോസിന്റേയോ ചാനലിന്റേയോ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. എന്നെ സംബന്ധിച്ച് സിനിമ ചെയ്യാൻ നിൽക്കുന്നയാളാണ് ഞാൻ. ചാനലുമായുള്ള എല്ലാ ബന്ധവും എനിക്ക് ഗുണകരമായി മാറുകയേ ഉള്ളൂ. ഇതെല്ലാം അറിഞ്ഞ് മിണ്ടാതെ നിന്നാൽ എന്റെ ജീവിതത്തിൽ നേട്ടങ്ങൾ മാത്രമേ ഉണ്ടാകൂ. റോബിൻ വ്യക്തിപരമായി ഉണ്ടായ ഒരു സംഭവത്തിൽ ദേഷ്യത്തിൽ പ്രതികരിച്ചത് പോലെയല്ല ഞാൻ ഇവിടെ പറയുന്നത്. എനിക്ക് വ്യക്തിപരമായി പ്രശ്നങ്ങൾ ഇല്ലെന്ന് മാത്രമല്ല എല്ലാവരുമായി സൗഹൃദം മാത്രമേ ഉള്ളൂ."- അഖിൽ പറയുന്നു.

സിബിനെ ഭ്രാന്തനാക്കുന്നു

അഖിൽ തുടർന്ന് ഇങ്ങനെ പറയുന്നു. -'ബിഗ് ബോസ് സീസൺ 6 ന്റെ 50ാം ദിവസത്തെ തുടർന്ന് ഷോയ്ക്ക് ആശംസ അറിയിക്കാൻ ആവശ്യപ്പെട്ട് കൊണ്ട് അവർ എന്നെ വിളിച്ചിരുന്നു. വെറും നാറി പുഴുത്തുകൊണ്ടിരിക്കുന്ന ഷോയാണ്, എന്നാലും എന്നെ ജനങ്ങൾ അറിയാൻ കാരണമായ ആ ഷോയോടുള്ള ഇഷ്ടം കൊണ്ട് വീഡിയോ എടുത്ത് അയക്കാമെന്ന് പറഞ്ഞ് വീഡിയോ അയച്ചയാളാണ് ഞാൻ. ഇപ്പോൾ ഇത് പറയാൻ കാരണം ബിഗ് ബോസിൽ നിന്നും പുറത്താക്കപ്പെട്ട സിബിനെന്ന് പറയുന്ന ചെറുപ്പക്കാരനെ ഭ്രാന്തനാക്കി ചിത്രീകരിച്ചുകൊണ്ട് ഏഷ്യാനെറ്റിന്റെ തലപ്പത്തിരിക്കുന്ന ചിലർ നടത്തിയ നെറികേട് കണ്ടിട്ടാണ്. ഇവന്മാർ എന്റെ സിനിമയെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുമായിരിക്കും. അങ്ങനെയെങ്കിൽ സിനിമ വേണ്ടെന്ന് ഞാൻ വെയ്ക്കും.

രണ്ടേ രണ്ട് പേരാണ് ഇതിന് പിന്നിൽ. ചാനലിന്റെ ആൾ ഇന്ത്യ ഹെഡൊക്കെ വളരെ നല്ല മനുഷ്യനാണ്. അദ്ദേഹത്തോടും അവിടെയുള്ള മറ്റ് നല്ലവരായ മനുഷ്യരെയുമൊക്കെ ഓർത്തതുകൊണ്ടാണ് ഇത്രയും കാലം മിണ്ടാതിരുന്നത്. സ്ത്രീകളെ ഇവന്മാർ ഉപയോഗിച്ചിട്ടുള്ള രീതി, പല മത്സരാർഥികളോടും പണം പറഞ്ഞിട്ട്, ആ പണത്തിന്റെ ഷെയർ വാങ്ങി, പല മത്സരാർഥികളെയും ബിഗ്ബോസിൽ കയറ്റിയത് ഉൾപ്പെടെയുള്ള വിഷയങ്ങൾ. ഇത്തരം ഒരുപാട് നാറിയ പരിപാടികൾ ഇവരൊക്കെ കാണിച്ചിട്ടുണ്ട്. ഏഷ്യനെറ്റുമായി ബന്ധപ്പെട്ട് എനിക്ക് ഒരു കോൺട്രാക്റ്റ് ഉണ്ടായിരുന്നു. ഞാൻ അതിനോട് നീതി പുലർത്താനായിട്ടാണ് മുമ്പ് ഇത് പറയാതിരുന്നത്.

ഇപ്പോൾ ഇത് പറയാനുള്ള കാരണം. ഞാൻ ഇന്നേ ദിവസമാണ് അറിയുന്നത് സിബിനെന്ന് പറയുന്ന ചെറുപ്പക്കാരൻ ആ ഷോയിൽ നിന്നും പുറത്തുപോകണമെന്ന് ആഗ്രഹിച്ചതല്ല. അവനെ ആ ഹൗസിൽവെച്ച് ഡിപ്രഷനും ബൈപോളാർ ഡിസീസിനും കൊടുക്കുന്ന മരുന്ന് ഇത്രയും കാലം അത് കഴിക്കാത്ത ചെറുപ്പക്കാരന് കൊടുത്ത്, അവനെ ഭ്രാന്തനാക്കി മാറ്റുക എന്ന ഉദ്ദേശത്തോടുകൂടിയായിരുന്നു ഇത്. ഈ ഡ്രഗ് കൊടുത്ത് അവനെ പുറത്താക്കണം, എന്ന് അതിനുള്ളിലുള്ള ചിലർ പറഞ്ഞുവെന്നാണ് അറിയുന്നത്. അഞ്ച് വർഷമായി ഈ ഷോയുടെ ഡയറക്ടർ ആയിരുന്ന അർജുൻ എന്നയാൾ ഇറങ്ങിപ്പോയെന്ന യാഥാർത്ഥ്യം കൂടി അറിഞ്ഞതുകൊണ്ടാണ് ഞാൻ ഈ പറയുന്നത്.

ഈ ഷോയുടെ ക്രീയേറ്റീവ് ഡയറക്ടർ ആയിരുന്ന റുബീയ എന്ന സ്ത്രീയെ ഈ സീസണിൽ നിന്നും മാറ്റി നിർത്തി. ഇവന്മാരുടെ താത്പര്യത്തിന് അനുസരിച്ചുള്ള മത്സരാർത്ഥികൾ ജയിച്ചുവരാൻ വേണ്ടിയാണിത്. ഇവർ കാണിക്കുന്ന ഈ നെറികേടുകൾ ആരെങ്കിലുമൊക്കെ വിളിച്ചുപറയേണ്ടേ? റോബിന് പറ്റിയത് റോബിൻ വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിൽ വായിൽ തോന്നിയ വിവരക്കേടുകൾ വിളിച്ചുപറഞ്ഞു. അന്ന് അവനെ എല്ലാവരും അതുകൊണ്ട് പുച്ഛിച്ചു. ഞാൻ സംസാരിക്കുന്നത് എനിക്ക് ഉണ്ടാകാൻ പോകുന്ന എല്ലാ നഷ്ടങ്ങളും ഏറ്റെടുക്കാൻ തയ്യാറായിക്കൊണ്ടാണ്. ആരേയും തനിക്ക് ഭയമില്ല, സത്യം വിളിച്ചുപറയുക തന്നെ ചെയ്യും"- അഖിൽ ചൂണ്ടിക്കാട്ടി.

സ്ത്രീകളെ ഉപയോഗിക്കുന്നു

അഖിൽ തുടർന്ന് ഇങ്ങനെ പറയുന്നു. -'ഞാൻ പേഴ്സണനലി സിബിന് മെസേജ് അയച്ചു. സിബിനെ നിനക്ക് വല്ല കാര്യവുമുണ്ടായിരുന്നോ, ഈ ഷോയിൽ നിന്ന് പോകാൻ. നീ ഇത്രയേ ഉള്ളോ. കഴിഞ്ഞ സീസണിൽ എന്താണ്. മോഹൻലാലും, ബിഗ്ബോസിന്റെ ആളുകളുമെല്ലാം ചേർന്ന് എന്നെ കലിപ്പിക്കയാണ് ചെയ്തത്. അവർ എന്നെപ്പുറത്താക്കാൻ ആവതും നോക്കി. ചെയ്യാൻ പറ്റുന്ന മാക്സിമം ചെയ്തു. ഏശാത്തതുകൊണ്ടാണ്. അല്ലെങ്കിൽ നിങ്ങൾക്ക് തോന്നുന്നുണ്ടോ എന്നെപ്പോലെ ഒരുവനേ, ജയിപ്പിക്കാൻ ഇവർ കൂട്ടുനിൽക്കുമെന്ന്. സാബുമോന്റെ കാര്യത്തിലും ഇവർക്ക് അബദ്ധം പറ്റിയതാണ്. അന്ന് പേളി മാണി ജയിക്കുമെന്നാണ് ഇവർ കരുതിയത്. അവസാനം നേരിയ വോട്ടിന് സാബു ജയിച്ച് കയറി.

ഒരു സിനിമാ സംവിധായകനും, സോഷ്യൽ മീഡിയയിൽ അത്യാവശ്യം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ആളുമായ, എനിക്ക് കിട്ടിയതിന്റെ മൂന്നിരട്ടി ശമ്പളം കൊടുത്ത് കയറിയ മത്സരാർത്ഥികളുണ്ട് ഈ സീസണിൽ. ആരാണ് ഈ ശമ്പളം അവർക്ക് കൊടുത്തത്. അതിന്റെ ഷെയർവാങ്ങി, സ്ത്രീകളെ സ്വന്തം കാര്യങ്ങൾക്ക് ഉപയോഗിച്ചുകൊണ്ട്, ഇത്തരം നാറിയ പരിപാടികൾ കാണിക്കുന്ന അവന്മാരെ തുറന്ന് കാണിക്കണം. അമ്പത് ദിവസമായി ഈ മാതിരി ഒരു പുഴുത്തുനാറിയ ഷോ, സമൂഹത്തിലേക്ക് നെഗറ്റീവ് ആയിപോവുമ്പോഴും, മോഹൻലാലിനെപ്പോലും പറഞ്ഞ് പറ്റിച്ച് ഇതെന്ത് മഹത്തരമാണെന്ന് വീഡിയോ ഇട്ടിരിക്കയാണ്.

സമൂഹത്തിന്റെ പ്രതിഫലനം ആവണം ബിഗ്ബോസ് പോലെ ഒരു ഷോ. അത് ഇവന്മാരുടെയൊക്കെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടിയാവരുത്. പെണ്ണുങ്ങളെ കൂടെ വിളിച്ച് കിടത്തീട്ട്, മത്സരാർഥികളുടെ കൈയിൽനിന്ന് കാശും മേടിച്ചിട്ട്, അവരെ ജയിപ്പിക്കാൻ നടത്തുന്ന, നാറിത്തരമാകരുത് ഒരു ഷോ. കേരളത്തിലെ ഏറ്റവും കൂടുതൽ മനുഷ്യർ സ്നേഹിക്കുന്ന ഒരാളെ ശനിയാഴചയും ഞായറാഴ്ചയും വിളിച്ചുവരുത്തിയിട്ട്, മനുഷ്യനെ കോമാളിയാക്കുന്നു. മോഹൻലാൽ എന്താ നിന്റെ കളിപ്പാവയാണോ? ആ മനുഷ്യനെ സമൂഹത്തിന്റെ തെറിവിളി കേൾപ്പിക്കേണ്ട കാര്യമുണ്ടോ?

ഈ ചെറുപ്പക്കാരനെ പുറത്താക്കിയിട്ട് അവനെ വിളിച്ച് വിരട്ടുകയാണ്. അവൻ മിണ്ടിയാൽ അവനെ തട്ടിക്കളയും, അവനെ തൊലിച്ചുകളയും എന്നൊക്കെ. കോൺട്രാക്റ്റ് ഉണ്ടത്രേ. കഴിഞ്ഞ തവണ എന്നേ വിളിച്ചു ഇതുപോലെ പറഞ്ഞപ്പോൾ, ചാനലിന്റെ പേര് ഏഷ്യാനെറ്റ് എന്നല്ലോ, സുപ്രീം കോടതി എന്നല്ലല്ലോ, ആ വിരട്ടൽ കൈയിൽ വച്ചാൽ മതിയെന്നാണ് ഞാൻ പറഞ്ഞത്. ഇത്തരം നാറിത്തരത്തിനെതിരെ ശക്തമായി പ്രതികരിക്കാൻ തന്നെയാണ് ഉദ്ദേശം. '- അഖിൽ ആഞ്ഞടിച്ചു.