- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അത് പൊരിച്ചിട്ട് തരാം സാറെ! കേശവദാസപുരത്തെ 'കെഎഫ്‌സി'യിൽ വിശപ്പടക്കാൻ കയറിയ ആൾക്ക് കിട്ടിയത് എട്ടിന്റെ പണി; ചിക്കന്‍ ചുറ്റും പുഴുവരിക്കുന്ന അവസ്ഥ; കൂടെ സഹിക്കാൻ പറ്റാത്ത ദുർഗന്ധവും; കൗണ്ടറില്‍ കാണിച്ചപ്പോൾ ജീവനക്കാരുടെ വിചിത്ര വാദം; മോശം അനുഭവം തുറന്നുപറഞ്ഞ് വ്ലോഗർ സൂരജ്

തിരുവനന്തപുരം: കേശവദാസപുരത്തെ കെഎഫ്‌സി ഔട്ട്‌ലെറ്റിൽ നിന്നും പുഴുത്ത ചിക്കൻ വിളമ്പിയെന്ന ഗുരുതരമായ വെളിപ്പെടുത്തലുമായി പ്രമുഖ ഫുഡ് വ്ലോഗർ സൂരജ് (അൽ ഫുഡീസ്) രംഗത്ത്. ഏപ്രിൽ 11-ന് ഉച്ചയ്ക്ക് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളും അനുഭവവുമാണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
ഉച്ചഭക്ഷണത്തിനായി കേശവദാസപുരത്തെ കെഎഫ്‌സിയിൽ എത്തിയ സൂരജ് ഓർഡർ ചെയ്ത ചിക്കൻ കഴിക്കാൻ തുടങ്ങിയപ്പോഴാണ് അസഹനീയമായ ദുർഗന്ധം ശ്രദ്ധയിൽപ്പെട്ടത്. ചിക്കൻ പരിശോധിച്ചപ്പോൾ അത് അഴുകി പുഴുത്ത നിലയിലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
"എലി ചത്ത് നാറുന്നതിനേക്കാൾ മോശമായ ദുർഗന്ധമായിരുന്നു അതിന്. ഉടൻ തന്നെ ഞാൻ കൗണ്ടറിൽ പരാതിപ്പെട്ടു. എന്നാൽ, അത് പഴയ ബാച്ച് ചിക്കനാണെന്നും പുതിയത് പൊരിച്ചു തരാമെന്നുമായിരുന്നു ജീവനക്കാരുടെ മറുപടി."
— സൂരജ് (അൽ ഫുഡീസ്)
പണം തിരികെ വാങ്ങി മടങ്ങാൻ നിൽക്കുമ്പോഴാണ് സമാനമായ പരാതിയുമായി മറ്റ് നിരവധി ഉപഭോക്താക്കളും കൗണ്ടറിലേക്ക് എത്തുന്നത് ശ്രദ്ധയിൽപ്പെട്ടതെന്ന് സൂരജ് കൂട്ടിച്ചേർത്തു.
സൂരജിന്റെ വാക്കുകൾ ഇങ്ങനെ...
"കെഎഫ്സിയില്‍ പുഴുത്ത ചിക്കന്‍. തിരുവനന്തപുരം കേശവദാസപുരത്തുള്ള കെഎഫ്സിയിലാണ് പുഴുത്ത ചിക്കന്‍ കിട്ടിയത്. എനിക്കാണ് കിട്ടിയതും. ഇന്നലെ ഉച്ചക്കാണ് കെഎഫ്സിയില്‍ പോയത്. ഏപ്രില്‍ 11ന്. ഓര്‍ഡര്‍ ചെയ്ത സാധനം കഴിക്കാന്‍ തുടങ്ങിയപ്പോഴാണ് സ്മെല്‍ എടുക്കാന്‍ തുടങ്ങിയത്. എലി ചത്ത് നാറുന്നതിനെക്കാള്‍ മോശമായിട്ടായിരുന്നു സ്മെല്‍. നേരെ കൗണ്ടറില്‍ കൊണ്ട് കൊടുത്തു. അവര് പറയുന്നത് അത് പഴയ ബാച്ച് ചിക്കനാണ് പുതിയതുണ്ട് അത് പൊരിച്ചിട്ട് തരാം സാറേന്ന്. അയ്യോ സാറിന് വേണ്ടേന്ന് പൈസ തന്നാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. നോക്കിയപ്പോള്‍ പടപോലെ നിരവധിപേര്‍ വരുന്നു. അവര്‍ക്കും കിട്ടിയത് ഈ അഴുകി പുഴുത്ത ചിക്കനാണ്. ഗര്‍ഭിണിയും പിള്ളേരും അടക്കമുണ്ടായിരുന്നു കഴിക്കാന്‍ വന്നത്", എന്നാണ് സൂരജ് പറഞ്ഞത്.
ഗർഭിണികളും ചെറിയ കുട്ടികളും അടക്കമുള്ള നിരവധി പേരാണ് അന്ന് ആ ഔട്ട്‌ലെറ്റിൽ ഭക്ഷണം കഴിക്കാൻ എത്തിയിരുന്നത്. പലർക്കും ലഭിച്ചത് ഗുണനിലവാരമില്ലാത്തതും അഴുകിയതുമായ ചിക്കനായിരുന്നു. സൂരജ് പങ്കുവെച്ച വീഡിയോയിൽ മറ്റ് ഉപഭോക്താക്കളുടെ പ്രതികരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്:
"ഭക്ഷണം കഴിച്ചപ്പോൾ തന്നെ വായയ്ക്കുള്ളിൽ വലിയ അസ്വസ്ഥത തോന്നി ഉടൻ തുപ്പിക്കളഞ്ഞു. ഫുഡ് പോയിസൺ അടിച്ച് എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരം പറയും?" എന്ന് ഒരു സ്ത്രീ ചോദിക്കുന്നു.
ഒരു എലി ചത്താൽ പോലും ഉണ്ടാകാത്ത അത്രയും വലിയ ദുർഗന്ധമാണ് ചിക്കനിൽ നിന്ന് വന്നിരുന്നതെന്നും, തന്റെ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാൽ വലിയ പ്രശ്നമാകുമെന്നും മറ്റൊരു ഉപഭോക്താവ് രോഷത്തോടെ പ്രതികരിച്ചു.
പഴയ സ്റ്റോക്ക് ചിക്കൻ മാറിപ്പോയതാണെന്ന ലാഘവത്തോടെയുള്ള മറുപടിയാണ് ജീവനക്കാരിൽ നിന്നും ഉണ്ടായതെന്ന് ആരോപണമുണ്ട്. പരാതി ഉയർന്നതിനെ തുടർന്ന് അവിടെയുണ്ടായിരുന്ന പലരും തങ്ങൾ വാങ്ങിയ ഭക്ഷണം തിരികെ നൽകി റീഫണ്ട് വാങ്ങി മടങ്ങുകയായിരുന്നു.
പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളിൽ നിന്നുപോലും ഇത്തരത്തിലുള്ള സുരക്ഷാ വീഴ്ചകൾ ഉണ്ടാകുന്നത് വലിയ ആശങ്കയ്ക്കാണ് വഴിമാറ്റുന്നത്. മുൻപും കേരളത്തിലെ വിവിധ ഭക്ഷണശാലകളിൽ നിന്ന് സമാനമായ പരാതികൾ ഉയർന്നിട്ടുണ്ടെങ്കിലും, കെഎഫ്‌സി പോലുള്ള ഒരു വലിയ ശൃംഖലയിൽ നിന്ന് ഇത്തരമൊരു അനുഭവം ഉണ്ടായത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശനമായ ഇടപെടൽ ആവശ്യപ്പെടുന്നു.
ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതോടെ, വരും ദിവസങ്ങളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന ശക്തമാക്കുമെന്നാണ് സൂചന. ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നും ഗുണനിലവാരമില്ലാത്ത ഭക്ഷണം ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി അധികൃതരെ അറിയിക്കണമെന്നും സൂരജ് തന്റെ വീഡിയോയിലൂടെ അഭ്യർത്ഥിച്ചു.


