- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അല്‍മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പിലെ ആദായനികുതി റെയ്ഡ് സ്ഥിരീകരിച്ച് സ്ഥാപകന്‍ ഡോ. മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം; 380 കോടി നികുതി വെട്ടിച്ചെന്നും കള്ളപ്പണം വെളുപ്പിച്ചെന്നും കുപ്രചാരണം; പരിശോധിക്കുന്നത് തങ്ങള്‍ കഴിഞ്ഞ വര്‍ഷം നേടിയ പത്തിരട്ടിയിലേറെ വ്യാപാര ഉയര്‍ച്ച എന്നും അവകാശവാദം; ആശങ്ക അകലാതെ പ്രതിഷേധവുമായി നിക്ഷേപകരും
അല്‍മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പിലെ ആദായനികുതി റെയ്ഡ് സ്ഥിരീകരിച്ച് സ്ഥാപകന്‍ ഡോ. മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം
കൊച്ചി: അല്‍മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡ് സ്ഥിരീകരിച്ച് സിഇഒ ഡോ. മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം. ആദായനികുതി വകുപ്പ് എല്ലാ വര്‍ഷവും പതിവായി നടത്താറുള്ള പരിശോധനയാണ് തുടരുന്നതെന്ന് അദ്ദേഹം യുട്യൂബ് വീഡിയോയില്‍ സമര്‍ഥിക്കാന്‍ ശ്രമിച്ചു.
തങ്ങളുടെ ജ്വല്ലറികളില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ പത്തിരട്ടിയില്‍ കൂടുതലുള്ള വ്യാപാര ഉയര്‍ച്ച സംബന്ധിച്ച് ഇന്‍കം ടാക്‌സ് സംഘം കേരളത്തിലുടനീളം എല്ലാ ജ്വല്ലറികളിലും പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍, ചില യുട്യൂബ് മാധ്യമങ്ങള്‍ തങ്ങളുടെ ഗ്രൂപ്പിന് എതിരെ കള്ളപ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 380 കോടി രൂപ ടാക്‌സ് കൊടുക്കാനുണ്ട്, കള്ളപ്പണം വെളുപ്പിക്കാനുണ്ട് എന്നൊക്കെയാണ് കള്ളപ്രചാരണം. ഉപഭോക്താക്കള്‍ ഇത്തരം കുപ്രചാരണങ്ങളെ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയണമെന്നും സിഇഒ ഡോ. മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം അഭ്യര്‍ഥിച്ചു.
ഡോ. മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാമിന്റെ വാക്കുകള്‍ ഇങ്ങനെ:
അല്‍മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പ് ഇന്നേ ദിവസം ഇന്‍കം ടാക്‌സിന്റെ റെയ്ഡ് നേരിട്ടുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്കറിയാം അല്‍മുക്താദിര്‍ ഗൂപ്പിനെ പറ്റി കഴിഞ്ഞ ദിവസങ്ങളില്‍ ചില യുട്യൂബ് മാധ്യമങ്ങള്‍ കള്ളപ്രചാരണം നടത്തുകയുണ്ടായി. അതുപോലെ വീണ്ടും കള്ളം പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്, 380 കോടി രൂപ ടാക്‌സ് കൊടുക്കാനുണ്ട്, കള്ളപ്പണം വെളുപ്പിക്കാനുണ്ട്, എന്നുള്ള കള്ളപ്രചാരണം നടത്തി കൊണ്ട് ഈ യുട്യൂബ് മാധ്യമ വിചാരക ജഡ്ജിമാര്‍ ഇറങ്ങി തിരിച്ചിരിക്കുകയാണ്.
യഥാര്‍ഥത്തില്‍, ഇന്‍കം ടാക്‌സ് എല്ലാ വര്‍ഷം റുട്ടീനായിട്ട്, എല്ലാ സ്ഥാപനങ്ങളിലും, എല്ലാ ജ്വല്ലറികളിലും കയറിയിറങ്ങാറുണ്ട്. അക്കൂട്ടത്തില്‍, ഞങ്ങളുടെ ജ്വല്ലറിയും, വ്യാപാരത്തിന്റെ ഉയര്‍ച്ച, അത് ഞങ്ങളുടെ പത്തിരട്ടിയില്‍ കൂടുതലുള്ള കഴിഞ്ഞ വര്‍ഷത്തെ വ്യാപാര ഉയര്‍ച്ച വേരിഫൈ ചെയ്യാനായിട്ടുള്ള ഒരുടീം ഓള്‍ കേരള അടിസ്ഥാനത്തില്‍ എല്ലാ ജ്വല്ലറികളും വേരിഫൈ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍, ഇതിനെ പറ്റി കള്ളപ്രചാരണം നടത്തുകയാണ്.
അപ്പോള്‍, എന്റെ കസ്റ്റമേഴ്‌സിനോട് എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്, ഇത്തരം കുപ്രചാരണങ്ങളെ നിങ്ങള്‍ അതിന്റെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം. ഈ അവസരത്തില്‍, ഞങ്ങളുടെ കസ്റ്റമേഴ്‌സിനോട് പറയാനുള്ളത്, നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ തുടര്‍ന്നും നല്‍കണം.
അതേസമയം, സംസ്ഥാനത്ത് ആദായനികുതി റെയ്ഡില്‍ 380 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ അല്‍മുക്താദിര്‍ ജ്വല്ലറിക്കെതിരെ നിക്ഷേപകരുടെ പ്രതിഷേധം ശക്തമാകുകയാണ്. 30 കടകളിലാണ് പരിശോധന പുരോഗമിക്കുന്നത്.
പരിശുദ്ധനാമങ്ങള്‍ ദുരുപയോഗം ചെയ്ത് പൂജ്യം ശതമാനത്തിന് സ്വര്‍ണാഭരണം വില്‍ക്കുന്നു എന്ന് വമ്പന്‍ പരസ്യങ്ങള്‍ നല്‍കി നിക്ഷേപ തട്ടിപ്പ് നടത്തുന്നു എന്നാണ് അല്‍മുക്തിദിറിന് എതിരെയുള്ള മുഖ്യ ആരോപണം. ഈ ജ്വല്ലറി ശൃംഖലയില്‍ കഴിഞ്ഞ നാലുദിവസമായി ആദായ നികുതി വകുപ്പിന്റെ പരിശോധന തുടരുകയാണ്.
മണിച്ചെയിന്‍ മാതൃകയില്‍ അല്‍മുക്താദിര്‍ കോടികള്‍ കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. ഇത് വ്യക്തിപരമായ ഇടപാടുകള്‍ക്ക് ഉപയോഗിച്ചെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. വിദേശത്തേക്ക് 50 കോടി കടത്തി. ദുബായില്‍ നിരവധി നിക്ഷേപങ്ങള്‍ നടത്തി. ഇതൊന്നും ആദായ നികുതി റിട്ടേണില്‍ രേഖപ്പെടുത്തിയിട്ടില്ല.
പഴയ സ്വര്‍ണം വാങ്ങിയതിന്റെ മറവിലായിരുന്നു തട്ടിപ്പുകള്‍ നടന്നത്. മുംബൈയിലെ ഗോള്‍ഡ് പര്‍ച്ചേസ് സ്ഥാപനമായ യുണീക് ചെയിന്‍സ് എന്ന സ്ഥാപനത്തിലും പരിശോധന നടന്നു. അല്‍മുക്താദിറുമായി നടത്തിയ സ്വര്‍ണക്കച്ചവടത്തില്‍ 400 കോടിയുടെ തിരിമറി കണ്ടെത്തി. ഇന്‍കംടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ തിരുവനന്തപുരം യൂണിറ്റാണ് റെയിഡ് നടത്തിയത്. അനധികൃതമായി നിക്ഷേപം സ്വീകരിച്ച രേഖകളുടെ പകര്‍പ്പ് ഓരോ ഷോറൂമില്‍ നിന്നും കണ്ടെടുത്തതായും സൂചനയുണ്ട്.
സ്റ്റോക്ക് രജിസ്റ്ററില്‍ പറയപ്പെടുന്ന സ്വര്‍ണം കടകളിലില്ലാത്തതിനാല്‍ മറ്റൊരു കുറ്റകൃത്യമായി നികുതി വകുപ്പ് കേസെടുത്തിട്ടുണ്ട്. ഒന്നിനും ഒരു കണക്കും ഇവരുടെ ഒരു ഷോറൂമിലും കൃത്യമായി പാലിക്കപ്പെടുന്നില്ല. ഉദ്യോഗസ്ഥരുടെ ഒരു ചോദ്യത്തിനും ഒരു മറുപടിയും ഇവരില്‍ നിന്ന് ലഭിക്കുന്നില്ല. എല്ലാ ഷോറൂമുകളിലെയും മാനേജര്‍മാരുടെ വീടുകളിലും പരിശോധന തുടരുകയാണ്. ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരുടെ വീടുകളിലും ആദായ ഉദ്യോഗസ്ഥരുടെ പരിശോധന നടക്കുകയാണ്. ഇടനിലക്കാര്‍ പലരും ഒളിവിലാണ്.
വന്‍തോതില്‍ നിക്ഷേപം നല്‍കി തട്ടിപ്പിനിരയായവര്‍ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നില്‍ക്കുകയാണ് പല നിക്ഷേപകരുടെയും മക്കളുടെ വിവാഹം മുടങ്ങുന്ന അവസ്ഥയിലാണ് ഇപ്പോള്‍. കഴിഞ്ഞ ഒരു മാസത്തിലേറെയായി നിക്ഷേപകര്‍ കൂട്ടത്തോടെ അല്‍മുക്താദിര്‍ ഷോറൂമുകളില്‍ സത്യാഗ്രഹം ഇരുന്നതാണ്. നാലു ദിവസമായി അതിനും കഴിയുന്നില്ല. കടയുടെ അടുത്തേക്ക് വരുന്ന നിക്ഷേപകരെ പോലീസ് അകത്തേക്ക് കയറ്റുന്നില്ല. തട്ടിപ്പിനിരയായ നിക്ഷേപകരും, സ്വര്‍ണാഭരണം പണിക്കൂലിയില്ലാതെ വാങ്ങുന്നതിന് അഡ്വാന്‍സ് ബുക്ക് ചെയ്തവരും അങ്കലാപ്പിലാണ്. നിക്ഷേപകര്‍ പാലക്കാട്ടെ ഷോറൂമില്‍ ബഹളം വയ്ക്കുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.