കാലടി: ചിത്രപ്രിയയെ കാണാതായിട്ടും കൂസലൊന്നും പുറത്തു കാട്ടാത്ത അലന്‍. ചിത്രപ്രിയയുമൊത്ത് ബൈക്കില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് അലനെ പിടികൂടുന്നതില്‍ നിര്‍ണായകമായത്. ബന്ധുവിന്റെ വീട്ടില്‍നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. അപ്പോഴും ഒന്നും അറിയില്ലെന്ന ഭാവമായിരുന്നു. വെല്‍ഡറും ഡ്രൈവറുമായി ജോലി നോക്കുകയായിരുന്നു അലന്‍. ലഹരിക്ക് അടിമയാണോയെന്നും പൊലീസ് സംശയിക്കുന്നു. കമിഴ്ന്നുകിടക്കുന്ന രീതിയിലായിരുന്നു ചിത്രപ്രിയയുടെ മൃതദേഹം. ബാസ്‌കറ്റ്ബോള്‍ കളിക്കാരിയുമായിരുന്ന ചിത്രപ്രിയ കോലഞ്ചേരി സെന്റ്പീറ്റേഴ്‌സ് സ്‌കൂള്‍, നീലീശ്വരം എസ്എന്‍ഡിപി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പഠിച്ചത്. ചിത്രപ്രിയ നീലീശ്വരം എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താംക്ലാസ് പൂര്‍ത്തീകരിച്ച ശേഷം കോലഞ്ചേരി സെയ്ന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും പ്ലസ്ടു പാസായി. ബെംഗളൂരുവില്‍ ബിബിഎ ഏവിയേഷന്‍ കോഴ്സ് പഠിച്ചുവരുകയായിരുന്നു.

ചിത്രപ്രിയയെ കാണാതായപ്പോള്‍ തന്നെ അലനെ തേടി പോലീസ് എത്തി. ശനിയാഴ്ചമുതല്‍ പെണ്‍കുട്ടി ഒപ്പമുണ്ടായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു. മലയാറ്റൂര്‍ അടിവാരത്തില്‍നിന്ന് സെബിയൂര്‍ക്ക് വരുന്ന റോഡില്‍വച്ച് പിരിഞ്ഞതായും മറ്റുസുഹൃത്തുക്കള്‍ക്കൊപ്പം ചിത്രപ്രിയ പോയിട്ടുണ്ടാകുമെന്നായിരുന്നു ആദ്യം പറഞ്ഞത്. പെണ്‍കുട്ടിയുടെ അച്ഛന്‍ ചോദിച്ചപ്പോഴും സമാനമറുപടിയാണ് നല്‍കിയത്. അലന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ നിരവധിതവണ പെണ്‍കുട്ടിയെ വിളിച്ചതായി കണ്ടെത്തിയിരുന്നു. ചിത്രപ്രിയയുടെ മൃതദേഹം കണ്ട പ്രദേശത്തിന് സമീപമെല്ലാം അലനുമൊത്ത് പൊലീസ് എത്തിയിരുന്നു. അപ്പോഴും കുലുക്കമുണ്ടായിരുന്നില്ല. മൃതദേഹം കണ്ടെത്തിയതോടെ പതറി. വിശദമായ ചോദ്യം ചെയ്യലില്‍ സംഭവിച്ചതെല്ലാം വെളിപ്പെടുത്തി. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്.

മദ്യലഹരിയിലാണ് താന്‍ കൊലപാതകം നടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ചിത്രപ്രിയയും പ്രതി അലനും പഠനകാലം മുതല്‍ സുഹൃത്തുക്കളായിരുന്നു. ഇവരുടെ സൗഹൃദം വീട്ടുകാര്‍ക്കും അറിയാമായിരുന്നു.ചിത്രപ്രിയ ബെംഗളൂരുവില്‍ പഠിക്കാന്‍ പോയതുമുതല്‍ ഇരുവരും തമ്മിലുള്ള അടുപ്പം കുറഞ്ഞു. ബെംഗളൂരുവില്‍ ചിത്രപ്രിയയ്ക്ക് മറ്റൊരു സുഹൃത്ത് ഉണ്ടെന്ന അലന്റെ സംശയമാണ് പ്രശ്‌നമായത്. ഈ വിഷയത്തെ ചൊല്ലി ഇരുവരും തര്‍ക്കങ്ങള്‍ പതിവായിരുന്നു. സംഭവം നടന്ന ദിവസം ചിത്രപ്രിയയുടെ അച്ഛന്‍ ഷൈജുവും അമ്മ ഷിനിയും നാട്ടിലെ അയ്യപ്പസേവാ സംഘത്തിന്റെ അയ്യപ്പന്‍ വിളക്കില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. താലപ്പൊലിയില്‍ പങ്കെടുക്കാന്‍ മകള്‍ എത്താതിരുന്നപ്പോള്‍ അച്ഛന്‍ ചിത്രപ്രിയയെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഉടനെത്താമെന്ന് പറഞ്ഞ മകള്‍ ഏറെ വൈകിയും വരാതായപ്പോള്‍ അലനെയും ഫോണില്‍ ബന്ധപ്പെട്ടു.

സെബിയൂര്‍ റോഡില്‍ ചിത്രപ്രിയയെ ഇറക്കി താന്‍ മടങ്ങി എന്നായിരുന്നു അലന്റെ മറുപടി. പിന്നീട് ചിത്രപ്രിയയെ പലവട്ടം വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്നാണ് ചിത്രപ്രിയയുടെ മാതാപിതാക്കള്‍ കാലടി പോലീസില്‍ പരാതി നല്‍കിയത്. പോലീസും ഷിനി ജോലിചെയ്യുന്ന കാറ്ററിങ് സ്ഥാപത്തിലെ ജീവനക്കാരും പ്രദേശത്താകെ തിരച്ചില്‍ നടത്തിയിരുന്നു. മൂന്നാം ദിവസമാണ് അഴുകിയ നിലയില്‍ സെബിയൂരിലെ ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ ഉടന്‍ പോലീസ് അലനെ കസ്റ്റഡിയിലെടുത്തിരുന്നു. മരണം സംബന്ധിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് മറുപടി പറഞ്ഞ അലനെ പോലീസ് വിട്ടയച്ചെങ്കിലും നിരീക്ഷണത്തില്‍ വെച്ചു. പിന്നീട് പോലീസ് സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ചിത്രപ്രിയയും അലനും ബൈക്കില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ കിട്ടി. വീണ്ടും കസ്റ്റഡിയിലെടുത്ത് തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തപ്പോള്‍ അലന്‍ കുറ്റം സമ്മതിച്ചു.

തലക്കേറ്റ ഗുരുതര പരിക്കാണ് 19കാരിയായ ചിത്രപ്രിയയുടെ മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അമ്പലത്തിലെ ഉത്സവത്തിനായാണ് ചിത്രപ്രിയ ബെംഗളൂരുവില്‍ നിന്ന് മലയാറ്റൂലെത്തിയത്. എന്നാല്‍, ശനിയാഴ്ച വൈകിട്ട് മുതല്‍ ചിത്രപ്രിയയെ കാണാതായി. കടയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ചിത്രപ്രിയ വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് തിരിച്ചെത്തിയില്ല. അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തലയില്‍ ഒന്നിലേറെ ഭാഗത്ത് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും ആന്തരിക രക്തശ്രാവവും മരണ കാരണത്തിന് ഇടയാക്കിയെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

വൈകിട്ടോടെ അലന്റെ അറസ്റ്റ് കാലടി പൊലീസ് രേഖപ്പെടുത്തി. കാലടി ടൗണില്‍ ചെറിയ ജോലികള്‍ ചെയ്യുന്ന വ്യക്തിയാണ് 21കാരനായ അലന്‍. സി.സി.ടി.വിയില്‍ മറ്റ് രണ്ട് യുവാക്കളെകൂടി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും അവര്‍ക്ക് കൊലപാതകവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.