മലയാറ്റൂര്‍: അലന് വിനയായത് മൊഴികളിലെ വൈരുദ്ധ്യം. ചിത്രപ്രിയയുടെ കൊലയില്‍ കൂട്ടുകാരന്‍ കുടുങ്ങിയത് മൊഴിയിലാണ്. അലന്റെ ബൈക്കില്‍ യുവതി കയറിപ്പോകുന്നത് കണ്ടുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അലനെ ചോദ്യം ചെയ്തുവെങ്കിലും ചിത്രപ്രിയയെ വൈകിട്ട് 6നു കാടപ്പാറയില്‍ ഇറക്കി വിട്ടുവെന്നാണ് പറഞ്ഞത്. തുടര്‍ന്ന് അലനെ വിട്ടയച്ചു. സിസി ടിവി ദൃശ്യം ലഭിച്ചപ്പോള്‍ ശനിയാഴ്ച രാത്രി 2 മണിയോടെ അലനും യുവതിയും മലയാറ്റൂര്‍ പള്ളിയുടെ മുന്നില്‍ വരുന്നതും പെണ്‍കുട്ടി അവിടെ ഇറങ്ങി നടക്കുന്നതും മറ്റൊരു ബൈക്കില്‍ വന്ന 2 പേര്‍ ഇവരോടു സംസാരിക്കുന്നതുമായ ദൃശ്യം ലഭിച്ചു. ഇതോടെ അലന് കുടുങ്ങി. ശനിയാഴ്ച വൈകിട്ട് മുണ്ടങ്ങാമറ്റത്തു നടന്ന ദേശവിളക്കില്‍ താലം എടുക്കുന്നതിനു പൂക്കളും താലവും സെറ്റ് മുണ്ടും ചിത്രപ്രിയ വീട്ടില്‍ തയാറാക്കി വച്ചിരുന്നു. എന്നാല്‍ പരിപാടിയില്‍ പങ്കെടുത്തില്ല. ഇതേ സമയം വീട്ടില്‍ നിന്നിറങ്ങി കുറച്ചു ദൂരം നടന്ന് അലന്റെ ബൈക്കില്‍ കയറി പോയി എന്നാണ് വ്യക്തമാകുന്നത്.

കൊല്ലപ്പെട്ട ചിത്രപ്രിയയും സുഹൃത്ത് അലനും തമ്മില്‍ നേരത്തേയും പലവട്ടം വഴക്കുണ്ടായിട്ടുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചു. പെണ്‍കുട്ടിക്ക് വേറെയും സൗഹൃദങ്ങളുണ്ടെന്ന സംശയത്തിലായിരുന്നു ഇത്. കൊലപാതകം നടന്ന ദിവസം കാടപ്പാറ റോഡരികിലെ ഒഴിഞ്ഞ പറമ്പില്‍ ഇരുവരും തമ്മില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. മൃതദേഹത്തിനു സമീപം ഒഴിഞ്ഞ മദ്യ കുപ്പിയും 2 സോഫ്റ്റ് ഡ്രിങ്ക് കുപ്പികളും കണ്ടെത്തിയിരുന്നു. കൊലപാതകത്തില്‍ വേറെയാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി ചിലരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് പറഞ്ഞു. മറ്റൊരു യുവാവുമായി ചിത്രപ്രിയ പ്രണയത്തിലാണെന്ന് സംശയിച്ച അലന്‍ ബൈക്കില്‍ കയറ്റി റബര്‍ തോട്ടത്തില്‍ എത്തിക്കുകയും വാക്കുതര്‍ക്കത്തിനിടെ കല്ലുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അഞ്ചുവര്‍ഷം നീണ്ടുനിന്ന പ്രണയം പറഞ്ഞ് അവസാനിപ്പിക്കാനാണ് ചിത്രപ്രിയയും അലനും ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ ഒന്നിച്ചുകൂടിയതെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. സിസിടിവിയില്‍ നിന്നാണ് ബ്രേക്ക് പാര്‍ട്ടിയുടെ സൂചന പോലീസിനും കിട്ടിയത്.

വാക്കുതര്‍ക്കത്തിനിടെ ഓരോ കാരണങ്ങള്‍ പറഞ്ഞ് ചിത്രപ്രിയ തുരുതുരെ മുഖത്തടിച്ചതോടെ സമനില തെറ്റിയ അലന്‍ വെട്ടുക്കല്ല് കഷണംകൊണ്ട് തലയ്ക്കടിച്ചു. അതാണ് ചിത്രയുടെ മരണകാരണം എന്നാണ് പൊലീസ് നിരീക്ഷണം. മൃതദേഹത്തിനു സമീപത്തുനിന്ന് രക്തംപുരണ്ട കല്ല് കണ്ടെത്തി. തലയോട്ടി തകര്‍ന്ന് ചോരവാര്‍ന്നാണ് ചിത്രപ്രിയ മരിച്ചത്. കൊലപാതകം നടത്തുമ്പോള്‍ അലന്‍ മദ്യ ലഹരിയിലായിരുന്നു. ബംഗളൂരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിയായ ചിത്രപ്രിയ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ശനിയാഴ്ച രാത്രി അലനോടൊപ്പം യുവതി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ചിത്രപ്രിയയുടെ ഫോണിലേക്ക് വന്ന ചില കോളുകളില്‍ സംശയം തോന്നിയ അലന്‍ കല്ലിനിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി ഇന്നലെ സംസ്‌കരിച്ചു.

കാലടി: അലനും ചിത്രപ്രിയയും സുഹൃത്തുക്കളായിരുന്നു. ബംഗളൂരുവില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് അവിടെ മറ്റൊരു ആണ്‍സുഹൃത്ത് ഉള്ളതായി അലന്‍ സംശയിച്ചു. പെണ്‍കുട്ടിയുടെ ഫോണില്‍ ഈ ആണ്‍സുഹൃത്തുമായുള്ള ചിത്രങ്ങളും അലന്‍ കണ്ടിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അറസ്റ്റിലായ അലന്റെ മൊഴി. കൊല്ലപ്പെടുന്നതിന് മുമ്പ് ചിത്രപ്രിയയും അലനും തമ്മില്‍ വാക്കേറ്റവും പിടിവലിയുണ്ടായി. മൃതദേഹത്തില്‍ മുറിവേറ്റ പാടുകളും ഉണ്ട്. തലയ്‌ക്കേറ്റ ക്ഷതം കാരണമുള്ള ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ബം?ഗളൂരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ഥിനിയായ മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപറമ്പില്‍ വീട്ടില്‍ ഷൈജുവിന്റെ മകള്‍ ചിത്രപ്രിയയെ ശനിയാഴ്ചയാണ് കാണാതായത്. ചൊവ്വാഴ്ച മലയാറ്റൂര്‍ സെബിയൂര്‍ കൂരാപ്പിള്ളി കയറ്റത്തിനു സമീപം റോഡരികിലെ വിജനമായ റബര്‍തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടുദിവസത്തെ പഴക്കം തോന്നുന്ന മൃതദേഹം അഴുകി തുടങ്ങി ദുര്‍ഗന്ധം പരത്തുന്ന രീതിയില്‍ ആയിരുന്നു. ദേഹത്ത് പരിക്കുകളും കണ്ടത്തി. ജീന്‍സും ടോപ്പുമായിരുന്നു വേഷം. കൈകാലുകള്‍ക്കും പരിക്കുണ്ട്. മൃതദേഹം കിടന്നതിന് സമീപത്തായി രക്തക്കറ പുരണ്ട കല്ലും കണ്ടെത്തി. ഫോറന്‍സിക് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.

ചിത്രപ്രിയ അലനും സുഹൃത്തുക്കള്‍ക്കുമൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്. അലന്റെ ഫോണ്‍ പരിശോധിച്ചതില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ധാരാളം തവണ ഫോണില്‍ വിളിച്ചതിന്റെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ആദ്യം ചോദ്യം ചെയ്ത് വിട്ടയക്കുകയും പിന്നീട് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. വിശദമായ ചോദ്യംചെയ്യലില്‍ താന്‍ മദ്യപിച്ചശേഷം വാക്കുതര്‍ക്കമുണ്ടായപ്പോള്‍ ചിത്രപ്രിയയുടെ തലയ്ക്കടിച്ചതാണെന്ന് അലന്‍ സമ്മതിച്ചു. ചിത്രപ്രിയയ്ക്ക് മറ്റൊരാളുമായി അടുത്തബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നും യുവാവ് പൊലീസിന് മൊഴിനല്‍കിയെന്നാണ് സൂചന. മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വനംവകുപ്പില്‍ താത്കാലിക ഫയര്‍ വാച്ചറാണ് ചിത്രപ്രിയയുടെ പിതാവ് ഷൈജു. സഹോദരന്‍: അഭിജിത്ത്.