കണ്ണൂർ: ജനാധിപത്യപരമായി പ്രവർത്തിച്ചു കൊണ്ടിരുന്ന സംഘടനയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെന്ന് പന്തീരങ്കാവ് യു. എ.പി. എ കേസിലെ പ്രതിയും തലശേരി ലീഗൽ സ്റ്റഡീസിലെ നിയമവിദ്യാർത്ഥിയുമായ അലൻ ഷുഹൈബ്. തലശേരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനയ്‌ക്കെതിരെ കേസുണ്ടോ ഇല്ലേയോ എന്നത് വിഷയമല്ലെന്നും യുഎപിഎ സെക്ഷൻ 15 പ്രകാരം നരേന്ദ്ര മോദി സർക്കാരിന് നിലവിൽ ഏത് സംഘടനയെയും നിരോധിക്കാമെന്ന സാഹചര്യമാണുള്ളതെന്നും അലൻ ഷുഹൈബ് പറഞ്ഞു.

സോഷ്യൽമീഡിയയിലെ പിഎഫ്‌ഐ പിന്തുണ പോസ്റ്റിനെ കുറിച്ചുള്ള പോസ്റ്റിന് മറുപടി പറയവേയാണ് അലൻഷുഹൈബ് ഈക്കാര്യം വ്യക്തമാക്കിയത്.''യുഎപിഎ സെക്ഷൻ 15 പ്രകാരം നിലവിൽ നരേന്ദ്ര മോദി സർക്കാരിന് ഏത് സംഘടനയെയും നിരോധിക്കാം. അതിന്റെ അടിസ്ഥാനത്തിൽ പിഎഫ്‌ഐ പോലൊരു സംഘടനയെ, അവർ ജനാധിപത്യപരമായി പ്രവർത്തിച്ചു കൊണ്ടിരുന്ന സംഘടനയാണ്. കേസുണ്ടോ ഇല്ലേയോ എന്നത് അല്ല വിഷയം. ജനധിപര്യപരമായി പ്രവർത്തിച്ചു കൊണ്ടിരുന്ന സംഘടനയാണ്.

ഒരു സുപ്രഭാതത്തിൽ നിരോധിക്കപ്പെടുന്നത്. നേതാക്കന്മാർ അറസ്റ്റ് ചെയ്യപ്പെടുന്നു. ഞാൻ യുഎപിഎയ്ക്ക് എതിരായിട്ടുള്ള മനുഷ്യനാണ്. അത് ചാർജ് ചെയ്യപ്പെട്ട ഒരാളാണ്. 10 മാസം ജയിൽ കിടന്നിട്ടുണ്ട്. ഞാൻ യുഎപിഎയ്ക്ക് എതിരായി പറയുന്ന സമയത്ത് ഇത്തരത്തിൽ സ്റ്റേറ്റ് നടത്തുന്ന വയലൻസിനെതിരായ സംസാരിക്കുന്ന ആളാണ്. യുഎപിഎ റിസർവ്വ് ചെയ്തിട്ടുള്ള സാധനമല്ല. സിപിഎമ്മിനുണ്ട്. ടിഎംസി, കോൺഗ്രസ്, സിപിഐ പലർക്കുമുണ്ട് യുഎപിഎ.''

അതേസമയം, പാലയാട ക്യാമ്പസിൽ ഒന്നാം വർഷ വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന പരാതിയിൽ അലൻ ഷുഹൈബിനെതിരെ ധർമടം പൊലീസ് കേസെടുത്തിട്ടുണ്ട്. ഒന്നാം വർഷ എൽഎൽബി വിദ്യാർത്ഥി അബിൻ സുബിനെ മർദ്ദിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. വിദ്യാർത്ഥിയെ ക്യാമ്പസിന് മുന്നിൽ വെച്ച് മർദ്ദിച്ചെന്നാണ് എസ്എഫ്‌ഐയുടെ പരാതി. പരുക്കേറ്റ അബിനെ തലശേരി കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അലൻ ഷുഹൈബ്, ബദറുദ്ദീൻ, നിഷാദ് എന്നീ വിദ്യാർത്ഥികൾക്ക് എതിരെയാണ് അബിൻ പരാതി നൽകിയത്.

തനിക്കെതിരെയുള്ളത് വ്യാജപരാതിയാണെന്ന് അലൻ പ്രതികരിച്ചു. എസ്എഫ്‌ഐ കള്ളം ഉന്നയിച്ച് പ്രകോപനം സൃഷ്ടിക്കുകയാണെന്ന് അലൻ പറഞ്ഞു. കഴിഞ്ഞ വർഷത്തെ ക്യാമ്പസ് തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്ക് വോട്ട് ചെയ്യാതിരുന്ന മുർഷിദ് എന്ന എൽഎൽബി വിദ്യാർത്ഥിയെ ബാത്ത്‌റൂമിൽ കൊണ്ട് പോയി നിലവിലെ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെ മർദ്ദിച്ചിരുന്നു. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോയതിൽ പ്രകോപിതരായ എസ്എഫ്‌ഐ റാഗിംങ് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അതാണ് നിലവിൽ സംഭവിച്ചിരിക്കുന്നതെന്നുമാണ് അലൻ ഷുഹൈബ് പ്രതികരിച്ചത്.

എന്നാൽ അതേ സമയം ഇരവാദം ഉന്നയിച്ച് ക്യാമ്പസിൽ മനഃപൂർവ്വം സംഘർഷം സൃഷ്ടിക്കുകയാണ് അലൻ ശുഹൈബ് ഉൾപ്പെടെയുള്ളവർ ചെയ്യുന്നതെന്നാണ് എസ്എഫ്‌ഐ നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ഒന്നാം വർഷ വിദ്യാർത്ഥിയെ മനഃപൂർവം അലനും സംഘവും മർദ്ദിക്കുകയായിരുന്നുവെന്ന് എസ്എഫ്‌ഐ നേതാക്കൾ ആരോപിച്ചു. പാലയാട് ലീഗൽസ്റ്റഡിസ് യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്. എഫ്. ഐ ഒരു ഭാഗത്തും കെ.. എസ്.യു, എം. എസ്. എഫ്, എ. ഐ. എസ്. എഫ് സംയുക്തമായി മുന്നണിയായുമാണ് മത്സരിക്കുന്നത്.