- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനം തെന്നിയപ്പോള്‍ നിയന്ത്രണത്തിലാക്കാന്‍ സാധിച്ചില്ല; ടവേര ഓടിച്ചയാള്‍ക്ക് ലൈസന്‍സ് നേടി 5 മാസം മാത്രം ഡ്രൈവിങ് പരിചയം; ഏഴുപേര്‍ യാത്ര ചെയ്യേണ്ട വാഹനത്തില്‍ 11 പേര്‍; ആലപ്പുഴ വാഹനാപകടത്തിന് നാലുകാരണങ്ങള്‍ നിരത്തി എം വി ഡിയുടെ റിപ്പോര്‍ട്ട്
ആലപ്പുഴ വാഹനാപകടത്തിന് നാലുകാരണങ്ങള്‍ നിരത്തി എം വി ഡിയുടെ റിപ്പോര്‍ട്ട്
ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ അഞ്ചുവിദ്യാര്‍ഥികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഗതാഗത കമ്മീഷണര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. വാഹനാപകടത്തിലേക്ക് നയിച്ചത് പ്രതികൂല കാലാവസ്ഥയും ഡ്രൈവിങ്ങിലെ പരിചയക്കുറവുമാണെന്നാണ് ഗതാഗത വകുപ്പിന്റെ കണ്ടെത്തല്‍. കനത്ത മഴയും, വാഹനം ഓടിച്ച ആളുടെ പരിചയകുറവും, ഓവര്‍ ലോഡും, വാഹനത്തിന്റെ കാലപ്പഴക്കവുമാണ് അപകടത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നു.
അപകടത്തിന് നാലുകാരണങ്ങളാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
1. മഴയും വെളിച്ചക്കുറവും,
2. വാഹനത്തില്‍ അനുവദനീയമായതിലും നാലുപേരെ അധികമായി കയറ്റി
3. ഡ്രൈവറുടെ പരിചയക്കുറവ്,
4. വാഹനത്തിന്റെ കാലപ്പഴക്കം, ബ്രേക്കിങ് പിഴവ്
മഴ മൂലമുണ്ടായ റോഡിലെ വെള്ളത്തിന്റെ സാന്നിധ്യവും വെളിച്ചക്കുറവും അപകടത്തിന് കാരണമായി. ഏഴു പേര്‍ യാത്ര ചെയ്യേണ്ട ടവേര വാഹനത്തില്‍ 11 പേര്‍ യാത്ര ചെയ്തത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
ടവേര വാഹനം ഓടിച്ചയാള്‍ക്ക് ലൈസന്‍സ് നേടി 5 മാസം മാത്രമാണ് ഡ്രൈവിങ് പരിചയമുള്ളത്. വാഹനം തെന്നിയപ്പോള്‍ നിയന്ത്രണത്തിലാക്കാന്‍ ഇയാള്‍ക്ക് സാധിച്ചില്ല. വാഹനത്തിന് 14 വര്‍ഷം പഴക്കമുണ്ട്. സുരക്ഷ സംവിധാനങ്ങളായ ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ എന്നിവ ഇല്ലാത്തതിനാല്‍ വാഹനം ബ്രേക്ക് ചെയ്തപ്പോള്‍ തെന്നി നീങ്ങി നിയന്ത്രണം നഷ്ടപ്പെട്ടത് തീവ്രത കൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോട്ടര്‍ വാഹന വകുപ്പ് നടത്തിയ സാങ്കേതിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം, സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്‍ എടുത്തു. മനുഷ്യജീവന് ആപത്തുണ്ടാക്കുന്ന തരത്തില്‍ വാഹനമോടിച്ചുവെന്ന കുറ്റമാണ് ഡ്രൈവര്‍ക്കെതിരെ ചുമത്തിയത്. പ്രാഥമികമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ തയാറാക്കിയതെന്നു പൊലീസ് പറഞ്ഞു.
കെഎസ്ആര്‍ടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാല്‍ പിന്നീടാണ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ തെന്നി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് വ്യക്തമായത്. സിസിടിവി ദൃശ്യങ്ങളും കൂടുതല്‍ സാക്ഷിമൊഴികളും രേഖപ്പെടുത്തുന്നതോടെ എഫ്‌ഐആറില്‍ മാറ്റം വരുമെന്നും പൊലീസ് അറിയിച്ചു.
കേസ് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നാണ് പൊലീസ് പറയുന്നത്. അപകടമരണങ്ങളിലെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ഡ്രൈവര്‍ പ്രതിചേര്‍ക്കപ്പെടും. തുടരന്വേഷണത്തില്‍ പിന്നീട് ഒഴിവാക്കപ്പെടുമെന്നും ആലപ്പുഴ സൗത്ത് എസ്എച്ച്ഒ പറഞ്ഞു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ അലക്ഷ്യമായി വാഹനമോടിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടമുണ്ടായത്. കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍ ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ആറുവിദ്യാര്‍ഥികള്‍ ചികിത്സയിലാണ്.