ആലപ്പുഴ: യു പ്രതിഭ എം എല്‍ എയുടെ മകന്റെ വിവാദമായ കഞ്ചാവ് കേസിന് പിന്നാലെ ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമീഷണറെ സ്ഥലം മാറ്റിയതില്‍ എക്‌സൈസ് ജീവനക്കാരില്‍ അമര്‍ഷം പുകയുന്നു. സര്‍വീസില്‍നിന്നു വിരമിക്കാന്‍ അഞ്ചുമാസം ശേഷിക്കെയാണ് പി.കെ ജയരാജിനെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്.

ലഹരിക്കേസുകള്‍ പിടികൂടുകയും ബിനാമി കള്ളുഷാപ്പു നടത്തിപ്പുകാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്തതിനു പിന്നാലെയാണ് ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമീഷണര്‍ക്ക് അടിയന്തര സ്ഥലംമാറ്റം ഉണ്ടായത്. കൊല്ലം സ്വദേശിയായ ജയരാജ് ആലപ്പുഴ ഡെപ്യൂട്ടി കമ്മിഷണറായി ചുമതലയേറ്റെടുത്ത് മൂന്നുമാസം തികയുംമുന്‍പാണ് മലപ്പുറത്തേക്ക് മാറ്റിയത്. ഉന്നതരുടെ ശക്തമായ ഇടപെടല്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് സ്ഥലംമാറ്റമെന്നാണ് ആക്ഷേപം.

ജില്ലയുടെ തെക്കന്‍ മേഖലയില്‍ ചിലര്‍ ബിനാമി പേരില്‍ കള്ളുഷാപ്പുകള്‍ നടത്തുകയും ഈ പേരില്‍ വ്യാപകമായി സ്പിരിറ്റ് ജില്ലയിലേക്ക് ഒഴുക്കുകയും ചെയ്തിരുന്നു. ഇതിനെതിരേ കര്‍ശന നടപടി സ്വീകരിച്ചതിന് ഡെപ്യൂട്ടി കമ്മിഷണര്‍ ഉന്നതരുടെ കണ്ണിലെ കരടായി മാറിയിരുന്നു. ഭരണകക്ഷിയില്‍ സ്വാധീനമുള്ള ഉന്നതര്‍ ഇദ്ദേഹത്തിനെതിരേ നീക്കം നടത്തിയിരുന്നു. അതിനു പിന്നാലെയാണ് യു. പ്രതിഭ എം.എല്‍.എ.യുടെ മകനെയും സുഹൃത്തുക്കളെയും കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടി കേസെടുത്തത്. സാധാരണഗതിയില്‍ വിരമിക്കുന്നതിന്റെ അടുത്ത കാലയളവില്‍ സ്വന്തം സ്ഥലത്തേക്കാണ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം ലഭിക്കാറുള്ളത്. ആലപ്പുഴയില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയായ ഉദ്യോഗസ്ഥനെ മലപ്പുറത്തേക്ക് സ്ഥലമാറ്റിയത് എന്തിനെന്ന ചോദ്യവും ഉയരുന്നു.

ജയരാജനെതിരെ കുറച്ചുകാലമായി തന്നെ ജില്ലയിലെ ചില പ്രമുഖര്‍ ചരടുവലിക്കുന്നതായി സൂചനകളുണ്ടായിരുന്നു. ന്യൂഇയര്‍ പാര്‍ട്ടി അടക്കം നടക്കുമ്പോള്‍ ലഹരിയുടെ ഒഴുക്ക് തടയേണ്ട ഉദ്യോഗസ്ഥനെയാണ് ഉടനടി സ്ഥലം മാറ്റിയിരിക്കുന്നത്. ഇതില്‍ ദുരൂഹതതയുണ്ടെന്ന ആക്ഷേപങ്ങളുമുണ്ട്. എന്നാല്‍, താന്‍ ചോദിച്ചുവാങ്ങിയ സ്ഥലംമാറ്റമാണെന്നാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്.

മന്ത്രിയുടെ വിശദീകരണം

ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ പി.കെ. ജയരാജിനെ സ്ഥലം മാറ്റിയത് പ്രൊമോഷന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി എം.ബി. രാജേഷ്. മറ്റ് ഉദ്യോഗസ്ഥര്‍ക്കും സ്ഥലംമാറ്റമുണ്ടെന്നും അതില്‍ ഒരെണ്ണം മാത്രം ഉയര്‍ത്തിക്കാട്ടിയത് ശരിയല്ലെന്നും എം.ബി. രാജേഷ് വ്യക്തമാക്കി. 15 പേര്‍ക്ക് ഡെപ്യൂട്ടി കമ്മീഷണര്‍മാരായും 23 പേര്‍ക്ക് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുമായുമുള്ള പ്രൊമോഷന്‍ ട്രാന്‍സ്ഫറാണ് നടന്നതെന്നും മര്യാദയില്ലാത്ത മാധ്യമപ്രവര്‍ത്തനമാണ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

'വകുപ്പ് സ്ഥാനക്കയറ്റ കമ്മിറ്റി (ഡിപിസി) കൂടാന്‍ വൈകിയതുകൊണ്ടാണ് ട്രാന്‍സ്ഫര്‍ നീണ്ടുപോയത്. അല്ലെങ്കില്‍ നേരത്തെ നടക്കുമായിരുന്നു. ഈ കലണ്ടര്‍ വര്‍ഷം നടക്കേണ്ടതാണ്. അല്ലെങ്കില്‍ വീണ്ടും ഡിപിസിയിലേക്ക് പോകും. അത് ഒഴിവാക്കാനാണ് ഇന്നലെ തന്നെ ഉത്തരവ് ഇറക്കിയത്.

ഇതിനെ മറച്ചുവെച്ചുകൊണ്ടാണ് വാര്‍ത്ത വന്നത്. കണ്ടാല്‍ തോന്നും ഒരൊറ്റ ആളെ മാത്രമാണ് ട്രാന്‍സ്ഫര്‍ ചെയ്തതെന്ന്. വേറെ ഒരു തരത്തിലും രാഷ്ട്രീയം ആരോപിക്കാനോ ഭരണപരമായ ഇടപെടല്‍ ആരോപിക്കാനോ കഴിയാതെ വന്നപ്പോള്‍ എന്നാല്‍പിന്നെ ഇതെടുത്തിട്ടാവാം എന്ന് തീരുമാനിക്കുകയാണ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്തത്. ഇതിന് പിന്നിലുള്ള ദുരുദ്ദേശ്യമാണ് വ്യക്തമാകുന്നത്.' -എം.ബി രാജേഷ് വ്യക്തമാക്കി.

നടപടി എം എല്‍ എയുടെ മകനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ

കഴിഞ്ഞ ദിവസമാണ് എം.എല്‍.എയുടെ മകന്‍ കനിവിനെതിരെ കഞ്ചാവ് കൈവശംവച്ചതിനു കേസെടുത്തത്. കനിവ് ഉള്‍പ്പെട്ട സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്‍പതാം പ്രതിയാണ് എം.എല്‍.എയുടെ മകന്‍. മൂന്ന് ഗ്രാം കഞ്ചാവാണ് സംഘത്തില്‍നിന്ന് പിടിച്ചെടുത്തത്. മകന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ട് ഫേസ്ബുക്ക് ലൈവിലൂടെ യു. പ്രതിഭ രംഗത്തെത്തിയിരുന്നു.

മകന്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഇരുന്നത് ചോദ്യം ചെയ്യുകമാത്രമാണ് ചെയ്തതെന്നും മാദ്ധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും പ്രതിഭ പറഞ്ഞു, 'മകനും സുഹൃത്തുക്കളും ചേര്‍ന്നിരിക്കുമ്പോള്‍ എക്സൈസുകാര്‍ വന്ന് ചോദ്യം ചോദിച്ചു. ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നത് മകനെ കഞ്ചാവുമായി പിടിച്ചു എന്നാണ്. ഒരാള്‍ എംഎല്‍എ ആയതും പൊതുപ്രവര്‍ത്തക ആയതുകൊണ്ടും ഇത്തരം വാര്‍ത്തകള്‍ക്ക് മൈലേജ് കിട്ടും.

വാര്‍ത്ത ശരിയാണെങ്കില്‍ ഞാന്‍ നിങ്ങളോട് മാപ്പ് പറയാം, നേരെ തിരിച്ചാണെങ്കില്‍ മാദ്ധ്യമങ്ങള്‍ പരസ്യമായി മാപ്പ് പറയണം'എന്നാണ് പ്രതിഭ ആവശ്യപ്പെട്ടിരുന്നത്. ആരും തെറ്റായ വഴിയില്‍ പോകരുതെന്ന് ആഗ്രഹിക്കുന്ന അമ്മയാണ് ഞാനും. എന്റെ മകന്‍ പോവരുതെന്ന് പറയാന്‍ മാത്രമേ എനിക്ക് കഴിയൂ. ആ വഴി തേടുന്നതും പോവാതിരിക്കുന്നതും മറ്റുള്ളവരുടെ ഉത്തരവാദിത്തമാണെന്നും പ്രതിഭ പറഞ്ഞിരുന്നു.

എന്നാല്‍ മകനെതിരായ കഞ്ചാവ് കേസ് വാര്‍ത്ത വ്യാജമാണെന്ന യു. പ്രതിഭ എം.എല്‍.എയുടെ വാദം തള്ളുന്നതായിരുന്നു എഫ്.ഐ.ആര്‍. കേസില്‍ യു പ്രതിഭ എം.എല്‍.എയുടെ മകന്‍ കനിവ് ഒന്‍പതാം പ്രതിയാണ്. കനിവ് ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. സംഘത്തില്‍ നിന്ന് പിടികൂടിയത് മൂന്ന് ഗ്രാം കഞ്ചാവാണെന്നും എഫ്‌ഐആറിലുണ്ട്.

കനിവ് ഉള്‍പ്പെടെ ഒന്‍പത് പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഒന്‍പത് പേരും ആലപ്പുഴ സ്വദേശികളാണ്. കുട്ടനാട് വിരിപ്പാല മുറിയില്‍ വടക്കേപറമ്പ് വീട്ടില്‍ സച്ചിന്‍ എസ് (21) ആണ് കേസിലെ ഒന്നാം പ്രതി. വെട്ടിയിറത്ത് പറമ്പ് വീട്ടില്‍ മിഥുനാ(24)ണ് രണ്ടാം പ്രതി. തോട്ടുകടവില്‍ വീട്ടില്‍ ജെറിന്‍ ജോഷി (21) മൂന്നാം പ്രതിയും കേളംമാടം വീട്ടില്‍ ജോസഫ് ബോബന്‍ (22) നാലാം പ്രതിയുമാണ്. വടക്കേപറമ്പ് വീട്ടില്‍ സഞ്ജിത്ത് (20), അഖിലം വീട്ടില്‍ അഭിഷേക് (23), തൈച്ചിറയില്‍ വീട്ടില്‍ ബെന്‍സന്‍, കാളകെട്ടും ചിറ വീട്ടില്‍ സോജന്‍ (22) എന്നിവര്‍ ക്രമേണ അഞ്ച്, ആറ്, ഏഴ്, എട്ട് പ്രതികളാണ്