- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാട്ട് ആരും നിര്‍ബന്ധപൂര്‍വം പാടിച്ചതല്ലെന്നും കുട്ടികള്‍ യുട്യൂബില്‍നിന്ന് തെരഞ്ഞെടുത്ത് ആലപിച്ചതാണെന്നും ആലത്തിയൂരിലെ സ്‌കൂള്‍ അധികൃതര്‍; പിടിഎയും ഈ വിശദീകരണത്തിനൊപ്പം; മറ്റു വിദ്യാര്‍ഥികള്‍ എടുത്ത വിഡിയോ വാട്‌സാപ് ഗ്രൂപ്പുകളില്‍ പ്രചരിച്ചപ്പോള്‍ പ്രതിഷേധം; 'കള്ളനെ' കണ്ടെത്താന്‍ മന്ത്രി ശിവന്‍കുട്ടി
തിരൂര്‍: സ്വാതന്ത്ര്യദിനത്തില്‍ ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസ് സ്‌കൂളിലെ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം പാടിയതില്‍ അന്വേഷണം ശക്തമാക്കും. 17 ദിവസങ്ങള്‍ക്കു ശേഷം ഇതിന്റെ വിഡിയോ പുറത്തെത്തിയതോടെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി പ്രധാനാധ്യാപികയെ ഉപരോധിച്ചു. സംഭവത്തില്‍ മന്ത്രി വി.ശിവന്‍കുട്ടി റിപ്പോര്‍ട്ട് തേടി. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കാണു നിര്‍ദേശം നല്‍കിയത്.
സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ യുട്യൂബില്‍ നോക്കി പഠിച്ച് അവതരിപ്പിച്ചതു ഗണഗീതം ആണെന്ന് അധ്യാപകരും തിരിച്ചറിഞ്ഞിരുന്നില്ല. മറ്റു വിദ്യാര്‍ഥികള്‍ എടുത്ത വിഡിയോ വാട്‌സാപ് ഗ്രൂപ്പുകളില്‍ കണ്ട ഒരാള്‍ കുറിപ്പു സഹിതം ഇതു സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ഇതോടെ വിവാദം തുടങ്ങി. ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ്, എസ്ഡിപിഐ സംഘടനകളാണു പ്രധാനാധ്യാപികയുടെ ഓഫിസ് മുറിയില്‍ കയറി പ്രതിഷേധിച്ചത്. നടപടിയെടുക്കാമെന്നു പ്രധാനാധ്യാപിക എം.ബിന്ദു ഉറപ്പു നല്‍കിയതോടെ സംഘടനകള്‍ പിരിഞ്ഞു.
സ്‌കൂളില്‍ പിടിഎ യോഗം ചേര്‍ന്നു. കുട്ടികള്‍ യുട്യൂബില്‍ നോക്കി പഠിച്ചതാണെന്നും സംഭവത്തില്‍ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്നും വിശദീകരണക്കുറിപ്പ് ഇറക്കി. സംഘടനകള്‍ പ്രതിഷേധവുമായി എത്തിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധിച്ചതെന്നു പ്രധാനാധ്യാപിക ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കു നല്‍കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു. ഒരു ദുരുദ്ദേശ്യവുമില്ലാത്ത സംഭവമാണിതെന്നു സ്‌കൂള്‍ പിടിഎ പ്രസിഡന്റ് എന്‍.ഗഫൂര്‍ പ്രതികരിച്ചു. സ്‌കൂളിന്റെ പേജില്‍നിന്നു വിഡിയോ പിന്‍വലിച്ചിട്ടുണ്ട്.
മലപ്പുറം ആലത്തിയൂര്‍ കെഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആഗസ്ത് 15ന് സ്വാതന്ത്ര്യദിനത്തിലായിരുന്നു സംഭവം. സ്‌കൂളിലെ ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ഗാനാലാപനത്തിനിടെയാണ് കുട്ടികളെക്കൊണ്ട് ഗണഗീതം പാടിച്ചത്. അന്ന് സംഭവം ആരും അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം കുട്ടികള്‍ പാട്ട് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചപ്പോഴാണ് വിവരം പുറത്തായത്.
പാട്ട് ആരും നിര്‍ബന്ധപൂര്‍വം പാടിച്ചതല്ലെന്നും കുട്ടികള്‍ യുട്യൂബില്‍നിന്ന് തെരഞ്ഞെടുത്ത് ആലപിച്ചതാണെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.