- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആദ്യത്തെ സ്‌കൂളില്‍ നിയമനത്തിനായി പണം നല്‍കിയിരുന്നു; അത് എത്രയെന്ന് ഇപ്പോള്‍ ഓര്‍ക്കുന്നില്ല; ഒരു നിയമ നടപടിക്കും പോകുന്നില്ലെന്ന് അലീനയുടെ അച്ഛന്‍; കുടുംബം കുറ്റപ്പെടുത്തുന്നത് മാനേജ്‌മെന്റിനെ; സര്‍ക്കാരിനെ കുറ്റപ്പെടുത്തി കാത്തലിക് ടീച്ചേര്‍സ് ഗില്‍ഡ്; ആ അധ്യാപികയ്ക്ക് സംഭവിച്ചത് എന്ത്?
കോഴിക്കോട്: 'എന്റെ മോള്‍ നഷ്ടപ്പെട്ടു, ഇനി എന്ത് കിട്ടിയിട്ട് കാര്യം. അഞ്ചുവര്‍ഷമായി അവള്‍ക്ക് അവര്‍ ശമ്പളം കൊടുത്തില്ലാ, പലപ്പോഴും മോള്‍ കരയുകയായിരുന്നു, ഞങ്ങള്‍ക്ക് നഷ്ടപെടാനുള്ളത് നഷ്ടപ്പെട്ടു, എനിക്ക് മൂന്ന് പെണ്‍കുട്ടികളാണ് ഉള്ളത്, സാധാരണ കുടുംബമാണ് ഞങ്ങളുടേത് '-അലീന ബെന്നിയുടെ അച്ഛന്റേതാണ് ഈ വാക്കുകള്‍. എല്‍പി സ്‌കൂള്‍ അദ്ധ്യാപികയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെ പ്രതികൂട്ടിലാക്കി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അതിനിടെയാണ് അച്ഛന്റെ വെളിപ്പെടുത്തല്‍. താമരശേരി കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍ അദ്ധ്യാപിക അലീന ബെന്നിയെയാണ് (29) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിപ്പാറയിലെ സ്‌കൂളില്‍ അഞ്ച് വര്‍ഷം ജോലി ചെയ്ത അലീന കഴിഞ്ഞ ഒരു വര്‍ഷമായി കോടഞ്ചേരിയിലാണ് ജോലി ചെയ്യുന്നത്. കട്ടിപ്പാറയിലെ വീട്ടിലെ മുറിയിലാണ് അലീനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോര്‍പ്പറേറ്റ് മാനേജ്മെന്റിന് കീഴിലാണ് അലീന ജോലി ചെയ്തിരുന്നത്. അലീനയ്ക്ക് ജോലി സ്ഥിരപ്പെടുകയോ ശമ്പളം ലഭിക്കുകയോ ചെയ്തിരുന്നില്ല. ഇതിന്റെ മനോവിഷമത്തിലാണ് അലീന ജീവനൊടുക്കിയതെന്ന് പിതാവ് ബെന്നി പറഞ്ഞു.
കഴിഞ്ഞ ദിവസം അലീന സ്‌കൂളില്‍ പോയിരുന്നില്ല. ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. സ്‌കൂളില്‍ എത്താത്തിനെ തുടര്‍ന്ന് അധികൃതര്‍ പിതാവ് ബെന്നിയെ വിളിച്ച് കാര്യം അന്വേഷിക്കുകയായിരുന്നു. മൂന്ന് മണിയോടെ ബെന്നി വീട്ടിലെത്തിയപ്പോഴാണ് അലീനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിപ്പാറയില്‍ ജോലി ചെയ്ത കാലയളവിലെ അഞ്ച് വര്‍ഷത്തെ ശമ്പളമോ ആനുകൂല്യമോ ആവശ്യമില്ലെന്ന് കോര്‍പ്പറേറ്റ് മാനേജര്‍ എഴുതി വാങ്ങിയിരുന്നുവെന്നും പിതാവ് ആരോപിച്ചു. ശമ്പള കുടിശിക കിട്ടാതെ വന്നതോടെ അലീന മാനസികമായി തളര്‍ന്നുവെന്നും ബെന്നി വ്യക്തമാക്കി. മകള്‍ക്ക് ജോലി കിട്ടി, നല്ല ശമ്പളം കിട്ടി വിവാഹം കഴിപ്പിച്ച് അയക്കാനായിരുന്നു ആഗ്രഹം. ഡിസ്മിസ്ഡ് വേക്കന്‍സിയിലാണ് ആദ്യം കട്ടിപ്പാറ സ്‌കൂളില്‍ നിയമനം നല്‍കിയത്. അധ്യാപിക അവധി കഴിഞ്ഞ് വന്നതോടെ ജോലി പോയി. അതില്‍ പ്രശ്‌ന പരിഹാരത്തിനായി തിരുവനന്തപുരത്ത് ഡിപിഐയെ വരെ ബന്ധപ്പെട്ടു. ഒന്നും സംഭവിച്ചില്ല. പിന്നീട് പള്ളി കമ്മിറ്റി ഇടപെട്ട് കോടഞ്ചേരി സെന്റ് ജോര്‍ജിലേക്ക് ഫ്രഷ് അപ്പോയിന്റ്‌മെന്റ് തന്നു. ഈ ഘട്ടത്തില്‍ ആദ്യം നല്‍കിയ ജോലിയും ആനുകൂല്യങ്ങളും വേണ്ടെന്ന് മകളോട് താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജ്മെന്റ് എഴുതി വാങ്ങിച്ചതായാണ് തനിക്ക് അറിയാന്‍ കഴിഞ്ഞത്. അങ്ങനെയെങ്കിലും ശമ്പളം കിട്ടുമെന്ന് കരുതിയാണ് അത് എഴുതിക്കൊടുത്തത്. എന്നാല്‍ കോടഞ്ചേരി സ്‌കൂളിലും 100 രൂപ പോലും ശമ്പളം കിട്ടിയിട്ടില്ല-അച്ഛന്‍ പറയുന്നു.
മാനേജ്‌മെന്റ് സര്‍ക്കാരിന് കൃത്യമായ രേഖകള്‍ നല്‍കാതിരുന്നതാണ് നിയമനം ലഭിക്കാതിരിക്കാന്‍ കാരണം. താന്‍ എത്രയോ തവണ കോര്‍പറേറ്റ് ഓഫീസില്‍ കയറിയിറങ്ങിയതാണ്. ഒന്‍പത് വര്‍ഷമായി ജോലി ചെയ്ത് ശമ്പളം കിട്ടാത്തവര്‍ ഉണ്ടെന്നായിരുന്നു അവിടെ നിന്ന് ലഭിച്ച മറുപടി. അതിനര്‍ത്ഥം എന്താണ്, ഒന്‍പത് വര്‍ഷം കാത്തിരിക്കണമെന്നാണോ? ആദ്യത്തെ സ്‌കൂളില്‍ നിയമനത്തിനായി പണം നല്‍കിയിരുന്നു. അത് എത്രയെന്ന് ഇപ്പോള്‍ ഓര്‍ക്കുന്നില്ല. ഒരു നിയമ നടപടിക്കും പോകുന്നില്ല. ജോലി കഴിഞ്ഞ് വന്ന് മകള്‍ കരയുന്നത് ഒരുപാട് തവണ കണ്ടിട്ടുണ്ട്. മകളോട് ആശ്വാസവാക്ക് പോലും പറയാറില്ലായിരുന്നു. അവളുടെ വിഷമത്തിന് എന്ത് പറഞ്ഞിട്ടും ഫലമുണ്ടായില്ല. ജോലിക്കായി അപേക്ഷിച്ചതും അത് നിരസിച്ചതിന്റെയും അടക്കം എല്ലാ രേഖകളും തന്റെ കൈവശമുണ്ട്. മാനേജ്‌മെന്റ് മകള്‍ക്ക് പണം കൊടുത്തിട്ടില്ല. കോടഞ്ചേരി സ്‌കൂളിലെ പിടിഎയാണ് 3000 രൂപ വണ്ടിക്കൂലിക്ക് കിട്ടിയത്. ആദ്യം പഠിപ്പിച്ച സ്‌കൂളിലെ അധ്യാപകരാരും വീട്ടിലേക്ക് ഇതുവരെ വന്നിട്ടില്ല. കോടഞ്ചേരി സ്‌കൂളിലെ അധ്യാപകരാണ് ഇങ്ങോട്ട് വന്നതെന്നും അദ്ദേഹം ആരോപിച്ചു.
രൂപതാ മാനേജ്മെന്റിന്റെതന്നെ നേതൃത്വത്തിലുള്ള കട്ടിപ്പാറ മൂത്തോറ്റിക്കല്‍ നസ്റത്ത് എല്‍.പി. സ്‌കൂളില്‍ മുന്‍പ് നാലുവര്‍ഷത്തോളം ജോലി ചെയ്തിരുന്നു. ദീര്‍ഘകാല അവധിയിലായിരുന്ന അധ്യാപിക ജോലിയില്‍നിന്ന് രാജിവെച്ചുണ്ടായ ഒഴിവില്‍ 2021-ല്‍ മാനേജ്മെന്റ് അലീനാ ബെന്നിയെ നിയമിച്ച് താമരശ്ശേരി എ.ഇ.ഒ.യില്‍ അംഗീകാര അപേക്ഷ നല്‍കിയിരുന്നെങ്കിലും ഭിന്നശേഷി സംവരണം അടക്കമുള്ള സാങ്കേതികതടസ്സങ്ങളാല്‍ വിദ്യാഭ്യാസവകുപ്പിന്റെ നിയമനാംഗീകാരം ലഭിച്ചിരുന്നില്ല. അതേസമയം, ആത്മഹത്യയിലേക്ക് നയിച്ച കാരണം സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ലെന്നും വ്യാഴാഴ്ച ഇന്‍ക്വസ്റ്റിനുശേഷം അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കുമെന്നും താമരശ്ശേരി പോലീസ് അറിയിച്ചു. അലീനയുടെ മരണത്തില്‍ പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. മാനേജ്‌മെന്റിനെതിരേയുള്ള ആരോപണങ്ങള്‍ താമരശ്ശേരി രൂപത നിഷേധിച്ചു. അവിവാഹിതയാണ് അലീന. സഹോദരങ്ങള്‍: ഐശ്വര്യ ബെന്നി, ദര്‍ശനാ ബെന്നി.
അതേസമയം അധ്യാപികയുടെ നിയമനം വൈകിപ്പിച്ചത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും കാത്തലിക് ടീച്ചേര്‍സ് ഗില്‍ഡ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥതയും കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥരുടെ അലംഭാവവും മൂലം വര്‍ഷങ്ങളായി നിയമനാംഗീകാരവും ശമ്പള ആനുകൂല്യങ്ങളും ലഭിക്കാതെ കഷ്ടപ്പെടുന്ന അധ്യാപകരുടെ രക്തസാക്ഷിയാണ് അലീനയെന്നായിരുന്നു കാത്തലിക് ടീച്ചേര്‍സ് ഗില്‍ഡിന്റെ പ്രതികരണം. ദീര്‍ഘകാല അവധിയിലായിരുന്ന അധ്യാപിക ജോലിയില്‍ നിന്നും രാജിവച്ചുണ്ടായ ഒഴിവില്‍ അലീന ബെന്നിയ്ക്ക് 2021 മുതല്‍ സ്ഥിരനിയമനം ലഭിച്ചുവെങ്കിലും ഭിന്നശേഷി സംവരണം അടക്കമുള്ള തടസവാദം ചൂണ്ടിക്കാട്ടി വിദ്യാഭാസ വകുപ്പ് അധികൃതര്‍ നിയമനം അംഗീകരിക്കാന്‍ തയ്യാറായില്ല. അധ്യാപികയും പിതാവും ആവശ്യപ്പെട്ടതനുസരിച്ച് കോടഞ്ചേരി എല്‍ പി സ്‌കൂളില്‍ ഉണ്ടായ റഗുലര്‍ തസ്തികയിലേക്ക് മാറ്റി നിയമനം നല്‍കുകയാണുണ്ടായത്-കാത്തലിക് ടീച്ചേര്‍സ് ഗില്‍ഡ് പറയുന്നു.
മാനേജ്‌മെന്റിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും ഗൂഢ ലക്ഷ്യത്തോടെയുള്ളതുമാണ്. അലീന ബെന്നിയ്ക്ക് നല്‍കിയത് സ്ഥിര നിയമനമാണ്. ഇതിനായി സംഭാവന സ്വീകരിച്ചിട്ടില്ല. അധ്യാപികയ്ക്ക് നിയമന അംഗീകാരം ലഭിക്കാത്തതില്‍ സ്‌കൂള്‍ മാനേജ് മെന്റിന് യാതൊരു പങ്കുമില്ല. അലീനയ്ക്ക് മാനേജ്മെന്റ് സ്വന്തം നിലയില്‍ (പതിമാസം താല്‍ക്കാലിക ധനസഹായം നല്‍കിയിരുന്നുവെന്നും കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് മലബാര്‍ മേഖല കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.