തിരുവനന്തപുരം: അമേരിക്ക തേടുന്ന അന്താരാഷ്ട്ര കുറ്റവാളി അലക്സേജ് ബെസിയോക്കോവി(46)നെ സിബിഐയ്ക്ക് കൈമാറി കേര ളാ പോലീസ്. ചൊവ്വാഴ്ച വൈകീട്ടത്തെ വിമാനത്തില്‍ ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് ലിത്വാനിയന്‍ പൗരനായ അലക്സേജിനെ വര്‍ക്കലയിലെ ഹോംസ്റ്റേയില്‍ നിന്ന് പോലീസ് പൊക്കിയത്. വര്‍ക്കല സ്റ്റേഷനിലെ സി.പി.ഒ. ജോജിന്‍ രാജാണ് താമസം കണ്ടെത്തിയത്. മേഖലയിലെ ഹോംസ്റ്റേകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനിടെ സി.പി.ഒ. അലക്സേജ് വാടകയ്ക്ക് താമസിക്കുന്ന ഹോംസ്റ്റേയിലും തിരച്ചലിന് എത്തി. അലക്സേജ് വാതില്‍തുറന്നു. പോലീസുകാരനെ കണ്ടതോടെ അപകടം മണത്ത ഇയാള്‍ പിന്നാലെ പോലീസുകാരന് പണം വാഗ്ദാനം ചെയ്തു. 500-ന്റെ നോട്ടുകെട്ടുകള്‍ പോലീസുകാരന് നല്‍കാന്‍ ശ്രമിച്ചു. 50,000 രൂപയുണ്ടായിരുന്നു ഇത്. എന്നാല്‍ ജോജിന്‍ രാജ് അതു വാങ്ങിയില്ല. പകരം മനസ്സില്‍ സംശയം കൂടി. ഉടന്‍ ഇന്‍സ്പെക്ടറെ വിവരമറിയിച്ചു. പിന്നാലെ വര്‍ക്കല പോലീസ് സംഘം സ്ഥലത്തെത്തി. ആ കൈക്കൂലി കൊടുക്കാന്‍ നോക്കിയ ആളിനെ പിടിച്ചു. അപ്പോഴാണ് കുടുങ്ങിയത് അലക്സേജ് ബെസിയോക്കോവാണെന്ന് മനസ്സിലായത്.

സിബിഐ കൈമാറിയ കിറുകൃത്യമായ വിവരമാണ് തുണച്ചത്. അമേരിക്കന്‍ പോലീസില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ വിലയിരുത്തിയാണ് ബെസിയോക്കോവി വര്‍ക്കലയിലുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഈ കൊടും സാമ്പത്തിക കുറ്റാവളി വര്‍ക്കലയിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. വര്‍ഷത്തില്‍ മൂന്നോ നാലോ മാസങ്ങള്‍ വര്‍ക്കലയിലെത്തി താമസിക്കാറുണ്ട്. ഒരുവര്‍ഷത്തിന് അഞ്ചുലക്ഷം രൂപ നല്‍കിയാണ് നിലവിലെ ഹോംസ്റ്റേ ഇയാള്‍ വാടകയ്ക്കെടുത്തിരുന്നത്. ഇത്തവണ അലക്സേജിനൊപ്പം ഭാര്യയും മക്കളും വര്‍ക്കലയിലെത്തിയിരുന്നു. പോലീസ് പിടിയിലാകുന്നതിന്റെ തലേദിവസം ഇവര്‍ ഇന്ത്യയില്‍നിന്ന് മടങ്ങി. ചില സംശങ്ങള്‍ ബെസിയോക്കോവിന് കിട്ടിയിരുന്നു. അതുകൊണ്ടാണ് അതിവേഗം കുടുംബത്തെ പറഞ്ഞു വിട്ടത്. ഇതിന് ശേഷം വര്‍ക്കല വിടാനും പദ്ധതിയിട്ടു. പിടികൂടിയതിന് ശേഷമാണ് വലയിലായത് വന്‍ കുറ്റവാളിയാണെന്ന വിവരം വര്‍ക്കല പോലീസും തിരിച്ചറിഞ്ഞത്. ജോജിന്‍ രാജ് എന്ന സിപിഒയുടെ സത്യസന്ധത മാത്രമാണ് ഈ വമ്പന്‍ സ്രാവിനെ പൊളിച്ചത്. ജോജിന്‍ രാജിന്റെ സംശയം അമേരിക്ക തലയ്ക്ക് പൊന്നിന്‍ വിലയിട്ട ക്രിമിനലിനെ കുടുക്കിയെന്നതാണ് വസ്തുത.

അമേരിക്ക പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അന്താരാഷ്ട്ര കുറ്റവാളിയാണ് അലക്സേജ് ബെസിയോക്കോവ്. അന്താരാഷ്ട്ര ക്രിമിനല്‍ സംഘങ്ങള്‍ക്കും സൈബര്‍ കുറ്റവാളികള്‍ക്കും കള്ളപ്പണം വെളുപ്പിക്കാന്‍ സഹായം നല്‍കുന്ന സാമ്പത്തിക കുറ്റവാളി. ഗാരന്റക്‌സ് എന്ന ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചിന്റെ സഹസ്ഥാപകരില്‍ ഒരാളാണ്. അലക്‌സേജിനൊപ്പം ഗാരന്റക്‌സിന്റെ സഹസ്ഥാപകരിലൊരാളായ അലക്‌സാണ്ടര്‍ മിറ സെര്‍ദ എന്ന റഷ്യന്‍ പൗരനെതിരേയും സമാന കുറ്റത്തിന് യു.എസ്. ഏജന്‍സികള്‍ കേസെടുത്തിരുന്നു. 2019 മുതല്‍ 2025 വരെയുള്ള കാലയളവിലാണ് അലക്‌സേജും മിറ സെര്‍ദയും ഗാരന്റക്‌സ് എന്ന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിപ്പിച്ചിരുന്നത്. തീവ്രവാദസംഘടനകള്‍ക്കും മയക്കുമരുന്ന് സംഘങ്ങള്‍ക്കും പുറമേ സൈബര്‍ കുറ്റവാളികള്‍ക്കും ഇവര്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായം നല്‍കി. ഹാക്കിങ്, കുട്ടികളുടെ അശ്ലീലദൃശ്യങ്ങളുടെ വിപണനം, ക്രിപ്റ്റോ തട്ടിപ്പ് എന്നിവയിലും ഇവര്‍ക്ക് പങ്കുണ്ട്. വര്‍ക്കലയിലും ഇയാള്‍ സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്തിരുന്നോ എന്ന സംശയമുണ്ട്. എന്നാല്‍ ഇതിലേക്കൊന്നും പോലീസ് അന്വേഷണം നടത്തിയിട്ടില്ല.

ലിത്വാനിയന്‍ പൗരനായ അലക്സേജ് വര്‍ഷങ്ങളായി വര്‍ക്കലയിലെ സ്ഥിരംസന്ദര്‍ശകനാണ്. വര്‍ഷത്തില്‍ മൂന്നോ നാലോ മാസങ്ങള്‍ ഇയാള്‍ വര്‍ക്കലയിലെത്തി താമസിക്കാറുണ്ട്. ഒരുവര്‍ഷത്തിന് അഞ്ചുലക്ഷം രൂപ നല്‍കിയാണ് നിലവിലെ ഹോംസ്റ്റേ ഇയാള്‍ വാടകയ്ക്കെടുത്തിരുന്നത്. ഇത്തവണ കുടുംബവുമെത്തി. അലക്സേജിന് വര്‍ക്കലയില്‍ ഒരു ഇരുചക്രവാഹനവും ഉണ്ടായിരുന്നു. വര്‍ക്കലയിലെ കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങി സ്വയം പാകംചെയ്ത് കഴിക്കും. ചൊവ്വാഴ്ച വൈകീട്ടത്തെ വിമാനത്തില്‍ ഇന്ത്യയില്‍നിന്ന് മടങ്ങാനായിരുന്നു ഇയാളുടെ പദ്ധതി. ഇതിനായി ബാഗുകളെല്ലാം തയ്യാറാക്കിയിരുന്നു. ചൊവ്വാഴ്ച വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഡല്‍ഹിയിലെത്തിച്ചു. അങ്ങനെ സിബിഐയിലൂടെ ഈ പ്രതി അമേരിക്കയിലേക്കും എത്തും.

വിനോദ സഞ്ചാരിയെന്ന വ്യാജേന വര്‍ക്കലയില്‍കുരയ്ക്കണ്ണി ഭാഗത്ത് ഹോം സ്റ്റേയിലായിരുന്നു താമസം. ഇയാളുടെ ജീവിത പങ്കാളി റഷ്യയിലേക്ക് മടങ്ങിയിരുന്നുവെന്നാണ് കണ്ടെത്തല്‍. പിന്നാലെ ഇയാളും റഷ്യയിലേക്ക് കടക്കാന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. മയക്കുമരുന്നു കച്ചവടം, ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്, സൈബര്‍ ആക്രമണം, കമ്പ്യൂട്ടര്‍ ഹാക്കിങ് തുടങ്ങി വിവിധ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. ടൂറിസ്റ്റ് വിസയിലെത്തിയ ഇയാള്‍ ഏറെക്കാലമായി രാജ്യത്തുള്ളതായാണ് വിവരം.ഇയാളുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേരളത്തിലിരുന്നും അലക്സേജ് തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കും. വര്‍ക്കലയില്‍ താമസിക്കുമ്പോള്‍ പ്രദേശവാസികളുമായോ മറ്റ് വിദേശികളുമായോ ഇദ്ദേഹത്തിന് വലിയ ബന്ധമൊന്നുമില്ലായിരുന്നു. അമേരിക്കയുടെ അപേക്ഷപ്രകാരം ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി അലക്സേജിനെതിരേ വാറന്റ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് പട്യാല ഹൗസ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് വര്‍ക്കലയില്‍നിന്ന് പൊലീസ് ഇയാളെ പിടികൂടിയത്. വര്‍ക്കല പൊലീസ് സ്റ്റേഷനിലെ എസ്എച്ച് ഒ വി ദിപിന്‍, സിപിഒ മാരായ രാകേഷ് ആര്‍ നായര്‍ ,ജോജിന് രാജ് ,ഡി സുജിത് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.