ലയാളത്തിലെ പത്രങ്ങൾ തൊട്ട് ലോക മാധ്യമങ്ങൾ വരെ കഴിഞ്ഞ ദിവസം ആഘോഷിച്ച ഒരു 'പഠനം' ആയിരുന്നു, അന്യഗ്രഹ ജീവികൾ ഭൂമിയിൽ ഒളിഞ്ഞ് തമാസിക്കുന്നുണ്ടെന്ന്, ലോക പ്രശസ്തമായ ഹാർവാഡ് സർവകലാശാലയിലെ ചില ഗവേഷകർ അഭിപ്രായപ്പെടുന്നുവെന്നത്. ഹാർവാഡിലെ ടിം ലോമസ്, ബ്രെൻഡൻ കേസ് എന്നീ ഗവേഷകരും, മൊണ്ടാന സാങ്കേതിക സർവകലാശാലയിലെ മൈക്കൽ പോളുമാണ് പഠനത്തിനു പിന്നിലെന്നാണ് വാർത്ത. ഫിലോസഫി ആൻഡ് കോസ്‌മോളജി എന്ന ശാസ്ത്ര ജേണലിലാണ് ഈ പ്രബന്ധം നൽകിയിരിക്കുന്നത്. ലേഖനം ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോർട്ട്.

അന്യഗ്രഹ ജീവികളുണ്ടാകാൻ സാധ്യതയുണ്ടെന്നും ഇവരെ സന്ദർശിക്കാനായി ഭൂമിയിലെത്തുന്ന വാഹനങ്ങളാകാം യുഎഫ്ഒ എന്ന പേരിൽ കാണപ്പെടുന്ന തിരിച്ചറിയാനൊക്കാത്ത പേടകങ്ങളെന്നും ഈ ശാസ്ത്രജ്ഞർ പറയുന്നുവെന്ന് വാർത്ത പറയുന്നു. വളരെ വിചിത്രമായ പല സാധ്യതകളും ഈ പേപ്പർ മുന്നോട്ടുവയ്ക്കുന്നു. ക്രിപ്‌റ്റോ ടെറസ്ട്രിയൽസ് എന്നാണ് ഇവയെ വിളിക്കുന്നത്. ഭൂമിയിലെത്തിയ അന്യഗ്രഹജീവികൾ ആദികാലത്ത് സാങ്കേതികപരമായി ഉയർന്ന തലത്തിലുള്ള ജീവിതം നയിച്ചെന്നും എന്നാൽ വെള്ളപ്പൊക്കം പോലെയുള്ള പ്രകൃതി ദുരന്തത്തിൽപെട്ട് അവരുടെ സംസ്‌കാരം നശിച്ചെന്നും പ്രബന്ധം പറയുന്നു. എന്നാൽ ഈ ജീവികൾ പൂർണമായി നശിച്ചില്ല. ഇവർ അഗ്നിപർവതങ്ങളുടെ അടിയിലും സമുദ്രത്തിനു താഴെയുമൊക്കെ താമസസ്ഥലങ്ങൾ ഉറപ്പിച്ചു.

മറ്റൊരു തരത്തിലുള്ള ക്രിപ്‌റ്റോകൾ മനുഷ്യരുടെ രൂപം ഇല്ലാത്തവരാണ്. ഇവർ ഉരഗങ്ങളോ അല്ലെങ്കിൽ ആൾക്കുരങ്ങുകളോട് സാമ്യമുള്ളവരോ ആണ്. മെക്‌സിക്കോയിലെ പ്രോപോ കാറ്റെപ്റ്റൽ അഗ്നിപർവതം, യുഎസിലെ ശസ്ത പർവതം തുടങ്ങിയവ ഇവരുടെ ബേസുകളാണ്. ഇവിടങ്ങളിൽ യുഎഫ്ഒകളുടെ സന്ദർശനം കൂടുതൽ കാണപ്പെടുന്നതിനു കാരണവും ഇതാകാമെന്ന് പ്രബന്ധം സംശയം പ്രകടിപ്പിക്കുന്നു.

ഭൂമി വിട്ട് ചന്ദ്രനിലേക്കും ഈ ഗവേഷകരുടെ ഭാവന എത്തുന്നുണ്ട്. ചന്ദ്രൻ ഒരു അന്യഗ്രഹജീവി ബേസാണെന്നും ഏലിയൻസ് ഇവിടെ ജീവിക്കുന്നുണ്ടാകാമെന്നും ഇവർ സംശയം പ്രകടിപ്പിക്കുന്നു.എന്നാൽ സാധ്യതകൾ മാത്രമാണ് തങ്ങൾ മുന്നോട്ടുവയ്ക്കുന്നതെന്നും ഇതു സത്യമാകണമെന്ന് നിർബന്ധമില്ലെന്നും ഗവേഷകർ മുൻകൂർ ജാമ്യവും എടുക്കുന്നുണ്ട്. ക്രിപ്‌റ്റോ ടെറസ്ട്രിയൽസ് ഉണ്ടാകാൻ 10 ശതമാനം സാധ്യതയാണ് തങ്ങൾ കൽപ്പിക്കുന്നതെന്നും അവർ പറയുന്നു.

എന്താണ് വാസ്തവം?

സത്യത്തിൽ ഇത് ഒരു ശാസ്ത്രീയ പഠനമല്ല എന്നതാണ് ആദ്യത്തേത്ത്. ഇത് തെളിവുകൾ ഇല്ലാത്ത ഒരു അഭിപ്രായ പ്രകടനം മാത്രമാണ്. ശാസ്ത്രീയമായ ഒരു പഠനം എന്നാൽ പരീക്ഷണ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി, കൃത്യമായ ഡാറ്റകളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുന്നതാണ്. ഇതിനെ ഒരു പഠനം എന്നതിനേക്കാൾ ഉപരി ഒരു പറ്റം ആളുകളുടെ ഒരു വിഷയത്തിലുള്ള അഭിപ്രായ പ്രകടനം എന്ന് മാത്രം കണ്ടാൽ മതിയെന്നാണ്, പ്രമുഖരായ ശാസ്ത്രജ്ഞർ പറയുന്നത്. ഇനി ഫിലോസഫി ആൻഡ് കോസ്‌മോളജി എന്നത് , നേച്ചറും, ലാൻസെറ്റുംപോലെ പൂർണ്ണമായും ഒരു ആധികാരിക ശാസ്ത്ര മാസികയല്ല. അതിൽ ഫിലസോഫിക്കലായ കാര്യങ്ങളും ധാരാളം വരാറുണ്ട്. അതുപോലെ ഒന്നാണ് ഇപ്പോഴെത്തേതും.

ഇനി ഈ പ്രബന്ധം പ്രസദ്ധീകരിക്കുമെന്ന് തന്നെ യാതൊരു ഉറപ്പുമില്ല. പ്രി വ്യൂവിൽ തന്നെ ഇത്തരം കഥകൾ തള്ളിക്കളയുകയാണ് സാധാരണ ചെയ്യാറുള്ളത്. ഈ അഥവാ പ്രബന്ധം പ്രസിദ്ധീകരിക്കപ്പെട്ടാൽ തന്നെ അത് ശാസ്ത്ര സമൂഹം നിശിതമായി വിചാരണ ചെയ്യും. തുടർന്ന നിരവധി ഫാൾസിഫിക്കേഷനുകൾക്കും ഡിബേറ്റുകൾക്കും ശേഷമാണ്, ശാസ്ത്രലോകം ഒരു തീരുമാനത്തിൽ എത്തുക. ഇവിടെ പ്രാഥമിക തെളിവുകൾ തന്നെ ഇല്ലാത്തതിനാൽ പിന്നെ എന്ത് ചർച്ചയാണ ഉണ്ടാവുക.

അതേ സമയം അന്യഗ്രഹജീവികൾ ഭൂമിയിൽ ഇറങ്ങിയതായി വിശ്വസിക്കാവുന്ന ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വാസ്തവം. പക്ഷേ പറക്കും തളികളെ കണ്ടുവെന്ന് അവകാശപ്പെടുന്ന നിരവധിപേർ വിദേശരാജ്യങ്ങളിൽ ഉണ്ട്. അവരിൽ പലരും മാനസിക വിഭ്രാന്തിയുള്ളവരോ, ലഹരിക്ക് അടിമകളോ ആയിരുന്നുവെന്ന് പിന്നീട് കണ്ടെത്തിയിട്ടുണ്ട്. ചിലർ ചീപ്പ് പബ്ലിസിറ്റിക്കുവേണ്ടിയും ഇങ്ങനെ പുളുവടിക്കാറുണ്ട്. ദ സൺ പോലുള്ള പത്രങ്ങൾ വ്യൂവർഷിപ്പ് കൂട്ടുന്നതിനായി ഇത്തരം ഹോക്സ് വാർത്തകൾ പ്രോൽസാഹിപ്പിക്കാറുണ്ട്. ഈയിടെ വന്ന വാർത്ത ഒരു അന്യഗ്രഹജീവിയിൽ നിന്ന് ഒരു യുവതി ഗർഭിണിയായെന്നായിരുന്നു. എങ്കിൽ ആ യുവതി എവിടെ എന്ന ചോദ്യത്തിന് മറുപടിയില്ല.

ബഹിരാകാശത്ത് അന്യഗ്രഹ ജീവനെക്കുറിച്ച് സൂചന ലഭിക്കാനും, കൂടുതൽ പഠനത്തിനും വേണ്ടി പല സംഘടനകളും നിരന്തരശ്രമം നടത്തുന്നുണ്ട്. ഈ സംഘടനകൾക്കൊക്കെ യുഎസിന്റെ ഫണ്ട് കിട്ടുന്നതിനായി ഇടക്കിടെ അന്യഗ്രഹജീവികളെ ലൈവാക്കി നിർത്തുകയാണെന്നാണ് ആക്ഷേപം.

ഇതുപോലെ ഹാർവാഡിന്റെ പേര് ഉപയോഗിച്ചും ചീപ്പ് പബ്ലിസ്റ്റിക്ക് ലഭിക്കുന്നവരെക്കുറിച്ച് വിമശനം ഉയരുന്നുണ്ട്. നേരത്തെ ഹാർവഡ് സർവകലാശാലയിലെ ഗവേഷകനായ ആവി ലീബ് അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട് വാദങ്ങളുയർത്തി വിവാദമുണ്ടാക്കിയിരുന്നു. വർഷങ്ങൾക്ക് മുൻപ് സൗരയൂഥത്തിനു വെളിയിൽ നിന്നു വന്ന ഔമാമുവ എന്ന വസ്തു അന്യഗ്രഹപേടകമാണെന്നായിരുന്നു ലീബിന്റെ വാദം. പക്ഷേ ഇതിനും യാതൊരു തെളിവുമില്ല.

ക്രിപ്‌റ്റോടെറസ്ട്രിയൽ എന്ന ഗൂഢവാദക്കാരുടെ ഇഷ്ടപ്പെട്ട സങ്കൽപത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഗവേഷണം. അന്യഗ്രഹജീവികൾ വേഷം മാറി ഭൂമിയിൽ ജീവിക്കുന്നുണ്ടെന്നും നമുക്ക് കണ്ടെത്താൻ കഴിയാത്ത രീതിയിൽ ഇവ നമ്മളെ അനുകരിച്ച് നമ്മളുമായി ഇടകലർന്നു ജീവിക്കുകയാണെന്നുമാണ് ഈ സങ്കൽപം പറയുന്നത്. അന്യഗ്രഹജീവികൾ ഭൂമിയിലെ സർക്കാരുകളിലും ശക്തമായ മറ്റു സ്ഥാപനങ്ങളിലുമൊക്കെ കടന്നുകൂടി ഭൂമിയുടെ ഗതി തങ്ങളുടെ ഇച്ഛയ്ക്ക് അനുസരിച്ച് മാറ്റി വിടുകയാണെന്നു വിചാരിക്കുന്നവരുമുണ്ട്. വിൽ സ്മിത്ത് അഭിനയിച്ച 'മെൻ ഇൻ ബ്ലാക് 'സിനിമാപരമ്പരയൊക്കെ ഈ ഗണത്തിൽ പെടുന്നതാണ്.