കൊച്ചി: അവയവദാന ചരിത്രത്തില്‍ പുതു ചരിത്രം സൃഷ്ടിച്ചാണ് പത്തുമാസം മാത്രം പ്രായമുള്ള ആലിന്‍ യാത്രയായത്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിനെ അനുസ്മരിച്ച് ഹൃദ്യമായ കുറിപ്പ് പങ്കു വെച്ചിരിക്കുകയാണ് മോഹന്‍ലാല്‍. തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകള്‍ക്ക് പുനര്‍ജന്മത്തിന്റെ പ്രതീക്ഷകള്‍ നല്‍കിയാണ് ആലിന്‍ ഷെറിന്‍ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിട പറഞ്ഞത്.

ഈ ലോകം മനോഹരമായി നിലനില്‍ക്കുന്നതു തന്നെ ഇതുപോലെയുള്ള നിസ്വാര്‍ത്ഥ സ്‌നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണ്. ആലിന്‍ ഇനിയും ജീവിക്കും അവളുടെ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളില്‍ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളില്‍ കൂടിയും..മോഹന്‍ലാല്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകള്‍ക്ക് പുനര്‍ജന്മത്തിന്റെ പ്രതീക്ഷകള്‍ നല്‍കിയാണ് ആലിന്‍ ഷെറിന്‍ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറഞ്ഞത്. ആലിന്‍ മോളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനമെടുത്ത മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യസ്‌നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണ്. ഈ ലോകം മനോഹരമായി നിലനില്‍ക്കുന്നതു തന്നെ ഇതുപോലെയുള്ള നിസ്വാര്‍ത്ഥ സ്‌നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണ്. ആലിന്‍ ഇനിയും ജീവിക്കും അവളുടെ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളില്‍ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളില്‍ കൂടിയും.

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുണ്‍ എബ്രഹാമിന്റെയും ഷെറിന്‍ ആന്‍ ജോണിന്റെയും മകളാണ് ആലിന്‍. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എംസി റോഡ് വഴി കാറില്‍ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോര്‍മ കവല ജംഗ്ഷന് സമീപം വച്ചാണ് അപകടമുണ്ടായത്. ഗുരുതമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച മസ്തിഷ്‌ക മരണം സംഭവിച്ചതിനുപിന്നാലെയാണ് ആലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചത്. കരള്‍, രണ്ട് വൃക്ക, ഹൃദയവാല്‍വ്, രണ്ട് നേത്ര പടലങ്ങള്‍ എന്നിവ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തയ്യാറായതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന്‍ ഷെറിന്‍ മാറി. ഇതുവഴി 5 പേര്‍ക്കാണ് പുതുജീവന്‍ ലഭിച്ചത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിനെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് കൊച്ചി അമൃത ആശുപത്രിയില്‍നിന്ന് നിന്ന് യാത്രയാക്കിയത്.