കോഴിക്കോട്: സംവരണവും ഏക സിവിൽ കോഡും അടക്കമുള്ള ചർച്ചകൾ വരുമ്പോൾ കേരളത്തിലെ ഇസ്ലാമിസ്്റ്റ് ബുദ്ധിജീവികൾ ഒന്നടങ്കം ഉയർത്തുന്ന വാദമാണ് തങ്ങൾ ന്യൂനപക്ഷമാണെന്നത്. ജാതി സംവരണത്തിന് പകരം, ഒരു മതത്തിനുമൊത്തമായി സംവരണം കൊടുക്കുന്ന രീതിയാണ് കേരളത്തിലെ മുസ്ലിം സംവരണത്തിൽ ഉള്ളതെന്നും, ഇതോടൊപ്പം മൈനോരിറ്റി സ്റ്റാററസും കൂടിയാവുന്നതോടെ ഡബിൾ സംവരണമാണ് ഉള്ളതെന്നും, സി രവിചന്ദ്രനെപ്പോലുള്ള സ്വതന്ത്രചിന്തകർ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം വാദങ്ങൾ ഉയരുമ്പോഴൊക്കെ കേരളത്തിലടക്കം ഇസ്ലാമിസ്റ്റുകൾ ഉയർത്തുന്ന പരിചയാണ്, തങ്ങൾ ന്യൂനപക്ഷം ആണെന്നത്.

പക്ഷേ ചരിത്രത്തിൽ ആദ്യമായി ഒരു ഇസ്ലാമിക പണ്ഡിതൻ അത് തിരുത്തുകയാണ്. സോഷ്യൽ മീഡിയയിൽ അടക്കം നിറഞ്ഞു നിൽക്കുന്ന അലിയാർ ഖാസിമിയാണ്, കേരള സാഹചര്യം ചുണ്ടിക്കാട്ടി തങ്ങൾ ന്യൂനപക്ഷമല്ല എന്ന് സമർഥിക്കുന്നത്. അലിയാർ ഖാസിമിയും, പ്രശ്സത യു ട്യുബറും ഇസ്ലാമിസ്റ്റുമായ ഡോ അനിൽ മുഹമ്മദും തമ്മിൽ നടന്ന യുട്യൂബ് സംഭാഷണത്തിന്റെ വിവാദഭാഗം ഇപ്പോൾ ഫേസ്‌ബുക്കിൽ വൈറൽ ആണ്.

'നമ്മൾ ഇക്കാലമത്രയായിട്ടും, കേരളം ഭൂരിപക്ഷ മുസ്ലീമീങ്ങളുള്ള സ്റ്റേറ്റ് ആണ്. 26 ശതമാനം മുസ്ലീങ്ങളുണ്ട്. 22 ശതമാനമേ ഈഴവർ ഉള്ളൂ. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 2011ലെ സർവേ പ്രകാരം അത്രയേ ഈഴവർ ഉള്ളൂ. 12 ശതമാനമേ നായർ ഉള്ളൂ. അവരൊക്കെ വിവാഹംപോലും പരസ്പരം ആലോചിക്കാത്ത രണ്ടു മതം തന്നെയാണ്. ഹിന്ദുവെന്ന് സാങ്കേതികമായി പറയാമെന്നേയുള്ളൂ. ക്രിസ്ത്യാനികൾ 19തേ ഉള്ളൂ. ആരാണ് ഈ കേരളത്തിലെ ഭുരിപക്ഷം. മുസ്ലിം സമുദായമാണ്. മുസ്ലിമീങ്ങളാണ്. കേരളത്തിൽ'- ഇങ്ങനെയാണ് അലിയർ ഖാസിമി പറയുന്നത്. എന്നാൽ ദേശീയ തലത്തിലെ സാഹചര്യം അതല്ല എന്നും പറയുന്നുണ്ട്.

ഖാസിമിയുടെ വീഡിയോ വൈറൽ ആയതോടെ സോഷ്യൽ മീഡിയയിലും ചൂടുപിടിച്ച ചർച്ച നടക്കുകയാണ്. കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ പിന്നെന്തിനാണ് മൈനോരിറ്റി പദവിയുടെ പേരിൽ നിരവധി മെഡിക്കൽ കോളുജുകളും എഞ്ചിനീയറിങ്ങ് കോളജുകളും ഉണ്ടാക്കിയതെന്ന് ചോദിച്ചാണ്, സ്വതന്ത്രചിന്തകർ ഈ വിഷയത്തിൽ തിരിച്ചടിക്കുന്നത്. ഒബിസി സംവരണം, മുസ്ലിം ഗേൾസ് സ്‌കോളർഷിപ്പ് തുടങ്ങി എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റുകയും അതേ സമയം തങ്ങളുടെ മതം ഏറ്റവും ശ്രേഷ്ഠം എന്ന് വിളിച്ചു കൂവുകയും ചെയ്യുന്ന വൈരുദ്ധ്യം കൊണ്ടു നടക്കാൻ യാതൊരു മടിയുമില്ലേ എന്നും ചോദ്യം ഉയരുന്നു. എന്നാൽ നൂറ്റാണ്ടുകളായി ഉണ്ടായ അടിച്ചമർത്തലിന്റെ ഭാഗമായുള്ള സാമൂഹിക അവശത പരിഹരിക്കാനാണ് സംവരണമെന്നും, അവിടെ ജനസംഖ്യാ അടിസ്ഥാനത്തിലുള്ള കണക്കുകൾ ബാധകമല്ല എന്നും ചില ഇസ്ലാമിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. ചിലർ ആകട്ടെ ഖാസിമി പറഞ്ഞത് ശരിയല്ലെന്നും, ഈഴവരെയും നായർമ്മാരെയും ചേർത്തുതന്നെയാണ്, ഹിന്ദുക്കൾ എന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.

നേരത്തെ ന്യൂനപക്ഷമായ യഹൂദന്മാരെ കുട്ടിക്കൊല ചെയ്തതുപോലെ ഇന്ത്യയിൽ മുസ്സ്ലീംങ്ങളെ ഉന്മൂലനം ചെയ്യാൻ കഴിയുമോ എന്ന ചോദ്യം വന്നപ്പോൾ, അത്തരത്തിലുള്ള ഒരു മൈക്രോസ്‌കോപ്പിക്ക് ന്യൂനപക്ഷമല്ല, മുസ്ലീങ്ങൾ എന്നും അവരെ വംശഹത്യചെയ്യാൻ കഴിയില്ലെന്നും സ്വതന്ത്രചിന്തകനായ സി രവിചന്ദ്രൻ പറഞ്ഞത്, ഇസ്ലാമോഫോബിയ ആണെന്ന് പറഞ്ഞ് ഒരു വിഭാഗം പ്രചരിപ്പിച്ചിരുന്നു. എന്നാൽ അതേവാദം തന്നെ ഇപ്പോൾ അലിയാർ ഖാസിമിയും പറയുകയാണ്.

ഈ വിവാദത്തിൽ സി രവിചന്ദ്രൻ ഇങ്ങനെ പ്രതികരിക്കുന്നു. ''ജർമ്മനിയിൽ യഹൂദർ ന്യൂനപക്ഷമായിരുന്നു. ഒരു ശതമാനത്തിലും താഴെ. മാത്രമല്ല അവർ ക്രിസ്തുവിന്റെ ഘാതകരെന്നും വിശ്വസിക്കാൻകൊള്ളാത്തവർ എന്ന നിലയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും വേട്ടയാടപെട്ടിരുന്നു. ലോകജനസംഖ്യ നോക്കിയാൽ കാൽ ശതമാനംപോലും അവരില്ല. ഇസ്രയേലിൽ മാത്രമാണ് ഭൂരിപക്ഷം. അവിടുത്തെ യഹൂദജനസംഖ്യ 80 ലക്ഷം മാത്രം. എന്താണ് ഇന്ത്യയിലെ മുസ്ലിങ്ങളുടെ കാര്യം? ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് മൂന്ന് രാജ്യങ്ങൾ ഉണ്ടായി. പാക്കിസ്ഥാൻ-ഇന്ത്യ-ബംഗ്ലാദേശ്... രണ്ടെണ്ണം മുസ്ലിം രാജ്യങ്ങൾ.

ഇന്ത്യ ഭരിച്ചത് മുസ്ലിം രാജാക്കന്മാരാണ്. ഔറംഗസീബിന്റെ സാമ്ര്യാജ്യം ഒരു ഘട്ടത്തിൽ ബ്രിട്ടീഷ് ഇന്ത്യയെക്കാൾ വലുതായിരുന്നു. ഇന്ത്യയ്ക്ക് ചുറ്റും മുസ്ലിംഭൂരിപക്ഷ രാജ്യങ്ങൾ നിരവധി. ഇന്ത്യയിൽതന്നെ 20 കോടിയാണ് അവരുടെ ജനസംഖ്യ. ഇതൊരു കൂറ്റൻ ജനസംഖ്യയാണ്. ഇരുപത് യൂറോപ്യൻ രാജ്യങ്ങളിലെ ജനസംഖ്യ. മുസ്ലിങ്ങൾ ലോകത്തെ തന്നെ രണ്ടാമത്തെ മതമാണ്. 180 കോടിയാണ് അവരുടെ എണ്ണമായി പറയുന്നത്. ഭാവിയിൽ ലോകത്തെതന്നെ ഏറ്റവും വലിയ മുസ്ലിം പോപ്പുലേഷൻ ഉള്ള ഇന്ത്യയിലായിരിക്കും. കാശ്മീർപോലുള്ള സംസ്ഥാനങ്ങളിൽ അവർ ഭൂരിപക്ഷമാണ്. 30 ശതമാനത്തിലധികം ഉള്ള സംസ്ഥാനങ്ങൾ നിരവധി. ഭൂരിപക്ഷം എന്ന പറയുന്ന ഹിന്ദുമതം മതം എന്നനിലയിൽ വളരെ വിഭജിതമാണ്.

മതത്തെക്കാൾ അതൊരു ജാതിമാല ആണ്. ഒരു ശതമാനംപോലുമില്ലാത്ത ജർമ്മനിയിൽ യഹൂദരെ ന്യൂനപക്ഷമായി കാണുന്നത് ശരിയാണ്. അത്രമാത്രം പീഡിപിക്കപെട്ടിരിക്കുന്നു, പിൻതള്ളപെട്ടിരുന്നു. ജനസംഖ്യയുടെ അഞ്ച് ശതമാനത്തിന് അപ്പുറമുള്ള ജനതകളെ ന്യൂനപക്ഷമാക്കുന്നത് കൗമാരക്കാർക്ക് ബേബിഫുഡ് കൊടുക്കുന്നത് പോലെയാണ്. ന്യൂനപക്ഷത്തോട് വലിയ ആദരവ് ഉണ്ടെന്ന് അവകാശപെടുന്നവരാരും ബൗദ്ധർ, ജൈനർ, പാഴ്‌സികൾ, നിരീശ്വരവാദികൾ.തുടങ്ങിയ ശരിക്കും ന്യൂനപക്ഷമായവരെ കുറിച്ച് കുണ്ഠിതപെടാറില്ല. മുസ്ലിംഭൂരിപക്ഷരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ കുറിച്ച് ആവലാതിയില്ലെങ്കിൽ ആ രാഷ്ട്രീയം ന്യൂനപക്ഷപ്രേമം അല്ലെന്ന് വ്യക്തമാണണ്''- സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു. എന്തായാലും എതിർത്തും അനുകൂലിച്ചും വാദങ്ങളുമായി സോഷ്യൽ മീഡിയയിൽ സംവാദം കൊഴുക്കുകയാണ്.