550പ്പരം ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് പിന്നണി പാടിയ, അൽക യാഗ്നിക് എന്ന ഇതിഹാസ ഗായികയുടെ കേഴ്‌വി നഷ്ടപ്പെട്ടുവെന്ന വാർത്ത ഞെട്ടലോടെയാണ് ചലച്ചിത്രലോകം കേട്ടത്. സഡൻ സെൻസറി ന്യൂറൽ ഡെഫ്നസ് എന്ന രോഗത്തെക്കുറിച്ചും അപ്പോൾ മാത്രമാണ് പൊതുസമൂഹം അറിയുന്നത്. പക്ഷേ ഈ രോഗം സാധാരണം എന്ന് പറയാൻ കഴിയില്ലെങ്കിലും, അത്ര അപൂർവങ്ങളിൽ അപൂർവമുമല്ല എന്നാണ് വിദഗ്ദ്ധർ പറയുന്നത്. 1966 മാർച്ച് 20ന് പശ്ചിമബംഗാളിലെ ജനിച്ച അൽക യാഗ്നിക്, ഉർദു-ഹിന്ദി ചലച്ചിത്രരംഗത്തെ അതികായയാണ്. ഏഴ് തവണ മികച്ച പിന്നണി ഗായികക്കുള്ള ഫിലിംഫെയർ അവാർഡ് നേടിയ ഈ ഗായികക്ക് പൊടുന്നനെയാണ് രോഗബാധയുണ്ടായത്.

ഒരു സുപ്രഭാതത്തിൽ ബധിരരാവുന്നു

സഡൻ സെൻസറി ന്യൂറൽ ഡെഫ്നസ് എന്ന രോഗം ഇതു പൊതുവേ ഏതെങ്കിലും ഒരു ചെവിയെയാണ് ബാധിക്കുക. വളരെ അപൂർവമായി രണ്ടു ചെവിയെയും ബാധിക്കും. അൽക്കയുടെ രണ്ട് ചെവിയെയും ബാധിച്ചതായാണ് അറിയുന്നത്. ചെവിക്കുള്ളിലെ കോക്ലിയയെയാണ് രോഗം ബാധിക്കുന്നതെന്നും ഗൗരവമായി കാണേണ്ട അവസ്ഥയാണ് ഇതെന്നും ഡോക്ടർമാർ പറയുന്നു. കോക്ലിയയോടനുബന്ധമായി സ്റ്റീരിയോസിലിയ എന്നറിയപ്പെടുന്ന ചെറിയ രോമങ്ങളുണ്ട്. ഈ രോമങ്ങളാണ് ശബ്ദ തരംഗങ്ങളിൽ നിന്നുള്ള വൈബ്രേഷനുകളെ ന്യൂറൽ സിഗ്നലുകളാക്കി മാറ്റി തലച്ചോറിന് കൈമാറുന്നത്.

പതിവായി ശബ്ദമലിനീകരണത്തിന് ഇരയാകുന്നവരുടെ ചെവിയുടെ ആന്തരിക ഭാഗങ്ങളുടെ ശേഷി കുറഞ്ഞുവരും. ഈ ഘട്ടത്തിൽ ശരീരത്തിലുണ്ടാകുന്ന ഏതൊരു അണുബാധയും കോക്ലിയ ഉൾപ്പെടെയുള്ള ഭാഗങ്ങളിലേക്ക് കടന്നുവരും. ഇത് കേൾവി നഷ്ടമാക്കും. അപകടങ്ങൾ സംഭവിക്കുമ്പോൾ കോക്ലിയയിൽ നിന്നുള്ള ഞരമ്പുകൾ പൊട്ടുമ്പോഴും ഞരമ്പുകളിൽ ട്യൂമർ രൂപപ്പെടുമ്പോഴും ഈ അസുഖം ഉണ്ടാവാം. ഹെർപ്സ്, വരിസെല്ല, മുംപ്സ് തുടങ്ങിയ വൈറസുകളും 85 ഡെസിബലിന് മുകളിലുള്ള ശബ്ദം തുടർച്ചയായി കേൾക്കുന്നതും ഈ രോഗാവസ്ഥയ്ക്ക് കാരണമോയേക്കും. തലയ്ക്ക് ഏൽക്കുന്ന ആഘാതവും ഈ രോഗത്തിന് കാരണമാകും.

ഹെഡ്സെറ്റിന്റെ ഉപയോഗം ശ്രദ്ധിക്കണം

ഉച്ചത്തിൽ പാട്ടുകേൾക്കുന്നതും ഹെഡ്സെറ്റിന്റെ അമിത ഉപയോഗവും ശ്രദ്ധിക്കണമെന്ന് അൽക്ക തന്നെ തന്റെ ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ ആരാധകർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇടയ്ക്കിടെ കേൾവിക്കുറവ്, ചെവിക്കുള്ളിൽ മൂളൽ, തലകറക്കം, ചെവിക്കുള്ളിൽ എന്തോ വീർത്തതുപോലുള്ള തോന്നൽ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ജലദോഷം ഉൾപ്പെടെയുള്ള വൈറൽ ഇൻഫെക്ഷനുകൾക്കു ശേഷമാകും ഇത് രൂക്ഷമാകുക. അതിനാൽ ലക്ഷണങ്ങളെ അവഗണിക്കാതെ ഇഎൻടി ഡോക്ടറെ കണ്ട് ഇയർ ടെസ്റ്റ് നടത്തണം. ഇത്തരം പ്രശ്നങ്ങൾ ഉള്ളവർ അമിതശബ്ദമുള്ള സ്ഥലങ്ങളിൽ പതിവായി നിൽക്കരുത്. ഇയർ ഫോൺ പതിവായി ഉപയോഗിക്കരുത്. 10 മിനിട്ട് ഉപയോഗിച്ചാൽ അഞ്ചുമിനിട്ടെങ്കിലും മാറ്റിവയ്ക്കണം.

ഭൂരിഭാഗം സഡൻ സെൻസറി ന്യൂറൽ ഡെഫ്നസ് കേസുകളും സ്റ്റിറോയ്ഡ് മരുന്നുകളിലൂടെ പരിഹരിക്കാം. അല്ലാത്ത സാഹചര്യത്തിൽ കോക്ലിയർ ഇംപ്ലാന്റേഷനിലൂടെ കേൾവി തിരിച്ചെടുക്കാം. പക്ഷേ ഇത് രണ്ടുചെവികളെയും ബാധിച്ച അവസ്ഥയിൽ, പഴയ നിലയിലേക്ക് മടങ്ങിവരുന്നത് ദുഷ്‌ക്കരമാണെന്നാണ് വിദഗ്ദ്ധർ പയറുന്നത്. ഉടൻ ചികിത്സ തേടിയില്ലെങ്കിൽ ഗുരുതരമായേക്കാവുന്ന രോഗാവസ്ഥയാണിത്.. 48-72 മണിക്കൂറിനുള്ളിൽ ചികിത്സ ലഭിച്ചില്ലെങ്കിൽ കേൾവി വീണ്ടെടുക്കാൻ ബുദ്ധിമുട്ടാണെന്ന് ഡോക്ടർമാർ പറയുന്നു.

വേദനസംഹാരികളുടെ അമിതമായ ഉപയോഗം, കീമോതെറാപ്പി, ട്യൂമർ കംപ്രഷൻ, മെനിഞ്ചൈറ്റിസ്, സ്ട്രോക്ക് തുടങ്ങിയ കാരണങ്ങളാലും അപൂർവമായി ഈ അസുഖം ഉണ്ടാകാമെന്നും ഡോക്ടർമാർ സൂചിപ്പിക്കുന്നു. രോഗനിർണയം നടത്തി ചികിത്സ ആരംഭിച്ചുകഴിഞ്ഞാൽ കേൾവി വീണ്ടെടുക്കാനുള്ള സാധ്യത 70 ശതമാനത്തിനു മുകളിലാണെന്നും ഡോക്ടർമാർ പറയുന്നു.