ന്യൂഡൽഹി: ഞായറാഴ്ച രാത്രി ഗസ്സയിലെ റഫ നഗരത്തിൽ, ഉണ്ടായ ഇസ്രയേലി മിസൈൽ ആക്രമണത്തിൽ, കുട്ടികൾ അടക്കം 45 പേർ കൊല്ലപ്പെട്ടിരുന്നു. അഭയാർഥികളായി എത്തിയവർ താമസിച്ച ടെന്റിന് മിസൈൽ ആക്രമണത്തിൽ തീപിടിച്ചതോടെയാണ് ദുരന്തത്തിന്റെ വ്യാപ്തി വലുതായത്. കൊല്ലപ്പെട്ടവരിൽ പകുതിയിലേറെ പേർ സ്ത്രീകളും കുട്ടികളും, പ്രായമായവരുമാണ്. ഗുരുതരമായി പൊള്ളലേറ്റ നിരവധി പേരുള്ളതിനാൽ മരണസംഖ്യ കൂടാനിടയുണ്ട്. രാഷ്ട്രീയ പ്രവർത്തകരും, മനുഷ്യാവകാശ പ്രവർത്തകരും, ബോളിവുഡ്, ഹോളിവുഡ് സെലിബ്രിറ്റികളും എല്ലാം ഫലസ്തീൻകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 'എല്ലാ കണ്ണുകളും റഫയിലേക്ക്'എന്ന സോഷ്യൽ മീഡിയ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുകയാണ്.

ബോളിഡുഡിന്റെ ഇൻസ്റ്റ ക്യാമ്പെയിൻ

'എല്ലാ കണ്ണുകളും റഫയിലേക്ക് 'ഇൻസ്റ്റ ക്യാമ്പെയിൻ ഏറ്റെടുത്തിരിക്കുകയാണ് ബോളിവുഡ്. റഫയിലെ മനുഷ്യരുടെ ദീനത വെളിവാക്കുന്ന ചിത്രങ്ങൾ എക്‌സിലും പലരും പങ്കുവച്ചു.

പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്. കരീന കപൂർ, മാധുരി ദീക്ഷിത്, വരുൺ ധവാൻ, സോനം കപൂർ, സാമന്ത റൂത് പ്രഭു. ദുൽഖർ സൽമാൻ, കൊങ്കോണ സെൻ ശർമ, സ്വര ഭാസ്‌കർ, റിച്ച ഛദ്ദ, ജവാൻ സംവിധായകൻ ആറ്റ്‌ലി, ദിയ മിർസ, ത്രിപ്തി ദിംറി, രാകുൽ പ്രീത് സിങ്. ഭൂമി പട്‌നേക്കർ, ഇലിയേന ഡിക്രൂസ്, നോറ ഫത്തേഹി എന്നിവരെല്ലാം ഇൻസ്റ്റയിൽ പിന്തുണ അറിയിച്ചു.

' എല്ലാ കുട്ടികളും സ്‌നേഹം അർഹിക്കുന്നു. എല്ലാ കുട്ടികളും സുരക്ഷ അർഹിക്കുന്നു. എല്ലാ കുട്ടികളും സമാധാനം അർഹിക്കുന്നു. എല്ലാ കുട്ടികളും ജീവിതം അർഹിക്കുന്നു. ഇതെല്ലാം തങ്ങളുടെ കുട്ടികൾക്ക് നൽകാൻ എല്ലാ അമ്മമാർക്കും അർഹതയുണ്ട്', എല്ലാം കണ്ണുകളും റഫയിലേക്ക് ഹാഷ്ടാഗ് പങ്കുവച്ചുകൊണ്ട് ആലിയ ഭട്ട് ഇൻസറ്റ് സ്റ്റോറിയിൽ കുറിച്ചു.

ഇസ്രയേൽ മിസൈൽ ആക്രമണത്തെ അപലപിക്കുന്ന യുനിസെഫിന്റെ പോസ്റ്റാണ് കരീന പങ്കുവച്ചത്. ദിയ മിർസ ഹൃദയം തകർന്ന ഇമോജിയോടെയാണ് ചിത്രം പങ്കുവച്ചത്.

' കുഞ്ഞുങ്ങളുടെ ശിരസ്സ് ഛേദിക്കുന്ന നിങ്ങളുടെ രാജ്യം ഈ ഭൂമുഖത്ത് ആവശ്യമില്ല".- എന്നാണ് നടൻ നകുൽ മേത്ത കുറിച്ചത്.

'അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി വന്ന് 48 മണിക്കൂറിനുള്ളിൽ ഇസ്രയേൽ റഫയിൽ 60 തവണ ബോംബിട്ടു. റഫയിലെ യു എൻ എച്ച് സി ആർ സ്‌കൂളിന് പിന്നിൽ കുട്ടികൾ അഭയം തേടിയ ക്യാമ്പ് അവർ ബോംബിട്ട് തകർത്തു. കത്തിക്കരിഞ്ഞ, ശിരഛേദം ചെയ്യപ്പെട്ട അനേകം കുട്ടികളെയും പൊള്ളലേറ്റ മാതാപിതാക്കളെയും മുതിർന്നവരെയും തീജ്വാലകൾക്കിടയിൽ കണ്ടെത്തി. ഇത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണ്. ഐ.സി.ജെ. വിധിയുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്‌നമായ ലംഘനമാണ്."-എന്നാണ് രാധിക ആപ്‌തെ കുറിച്ചത്.

മലയാളി താരങ്ങളായ നിമിഷ സജയൻ, കീർത്തി സുരേഷ്, രാജേഷ് മാധവൻ, ബേസിൽ ജോസഫ്, നൈല ഉഷ, ഭാവന, പാർവതി, നിഖില വിമൽ, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, സുപ്രിയ മേനോൻ, റിമ കല്ലുങ്കൽ, അന്ന ബെൻ, നിരഞ്ജന, തൻവി റാം, മണികണ്ഠൻ ആചാരി, മീര നന്ദൻ, മൃദുല, അനുമോൾ, രമ്യ നമ്പീശൻ, ഷെയിൻ നിഗം, അനാർക്കലി, ഗൗരി കിഷൻ, അനുപമ, ഷറഫുദ്ധീൻ, അശ്വതി ശ്രീകാന്ത്, റോഷ്‌ന റോയ്, മഖ്ബൂൽ സൽമാൻ, നീരജ് മാധവ്, ആഷിഖ് അബു എന്നിവരും പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.

ഓൾ ഐസ് ഓൺ റഫ എന്ന എഐ നിർമ്മിത ചിത്രമാണ് ലക്ഷക്കണക്കിന് പേർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ഹാഷ്ടാഗ് പ്രചാരണം തുടരുന്നത്. ഇൻസ്റ്റഗ്രാം ചരിത്രത്തിലെ തന്നെ ഏറ്റവും ഷെയർ ചെയ്യപ്പെട്ട ചിത്രങ്ങളിൽ ഒന്നായി മാറി ഇത്. ഹോളിവുഡ് താരങ്ങളും ചിത്രം പങ്കുവയ്ക്കുന്നുണ്ട്.

അതേസമയം, റഫയിൽ ഹമാസിനെ ലക്ഷ്യമാക്കി തൊടുത്തുവിട്ട എട്ട് മിസൈലുകൾ ലക്ഷ്യം തെറ്റി അഭയാർഥി ക്യാമ്പിൽ പതിച്ചതിനെ കുറിച്ച് അന്വേഷിക്കുകയാണെന്ന് ഇസ്രയേൽ സൈന്യം പ്രതികരിച്ചു. ' റഫയിൽ 10 ലക്ഷത്തോളം സാധാരണക്കാരെ ഞങ്ങൾ ഒഴിപ്പിച്ചിരുന്നു. സാധാരണക്കാരെ ഉപദ്രവിക്കാതിരിക്കാനാണ് ഞങ്ങൾ ഏറ്റവും അധികം ശ്രമിക്കുന്നതെങ്കിലും, ദൗർഭാഗ്യവശാൽ എന്തോ അബദ്ധത്തിൽ സംഭവിച്ചു', ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതൻയ്യാഹു പറഞ്ഞു. റഫയിലെ സൈനിക നടപടിക്കെതിരെ ഇസ്രയേലിലെ പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.