തിരുവനന്തപുരം: രാജ്യത്താകമാനം ഒരു പെർമിറ്റിൽ വാഹനമോടിക്കാൻ കഴിയുന്ന ഓൾ ഇന്ത്യാ പെർമിറ്റിന് കേരളം വിലക്കേർപ്പെടുത്തുന്നു. ഇത്തരം പെർമിറ്റിലുള്ള വാഹനങ്ങൾ സംസ്ഥാനത്തേക്ക് കടക്കണമെങ്കിൽ പ്രത്യേകം നികുതി നൽകേണ്ടിവരും. നികുതി നൽകാത്ത വാഹനങ്ങൾ നവംബർ ഒന്നുമുതൽ സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നത് തടയുമെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ അറിയിച്ചു.

കേന്ദ്രീകൃത പെർമിറ്റ് സംവിധാനത്തിന്റെ ഭാഗമായിട്ടാണ് കേന്ദ്രസർക്കാർ 2021-ൽ ടൂറിസ്റ്റ് വാഹനങ്ങൾക്കും ഓൾ ഇന്ത്യാ പെർമിറ്റ് സംവിധാനം കൊണ്ടുവന്നത്. വാഹന ഉടമകളിൽനിന്ന് പണംവാങ്ങി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം പെർമിറ്റ് നൽകും. ഈ തുക പിന്നീട് കേന്ദ്രസർക്കാർ വിവിധ സംസ്ഥാനങ്ങൾക്ക് വീതിച്ചുനൽകും. ഇത് മൂലം സംസ്ഥാനങ്ങൾക്ക് നികുതി നഷ്ടം ഉണ്ടാകുന്നു എന്ന വാദം സജീവമാണ്.

സംസ്ഥാനത്തുള്ള ചില ഓപ്പറേറ്റർമാർ നാഗലാൻഡ്, ഒഡിഷ, അരുണാചൽപ്രദേശ് എന്നിവിടങ്ങളിൽ വാഹനങ്ങൾ രജിസ്റ്റർചെയ്തശേഷം ഓൾ ഇന്ത്യാ പെർമിറ്റ് എടുത്ത് കേരളത്തിലേക്ക് ഓടുന്നതായി മോട്ടോർവാഹനവകുപ്പ് കണ്ടെത്തിയിരുന്നു. ഈ വാഹനങ്ങൾ സംസ്ഥാനത്തേക്ക് രജിസ്ട്രേഷൻ മാറ്റണമെന്ന് നിർദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്.

വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്രസർക്കാർ ഓൾ ഇന്ത്യാ പെർമിറ്റ് ഏർപ്പെടുത്തിയത്. വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത നികുതിവ്യവസ്ഥകൾ കാരണമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനായിരുന്നു പുതിയ സംവിധാനം. സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയ്ക്ക് വിലക്ക് തിരിച്ചടിയാകുമെന്ന ആശങ്കയുണ്ട്.

നവംബർ ഒന്നിനകം കേരളത്തിലേക്ക് രജിസ്‌ട്രേഷൻ മാറ്റിയില്ലെങ്കിൽ കേരള മോട്ടോർ വാഹന ടാക്‌സേഷൻ നിയമ പ്രകാരം നികുതി ഈടാക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ അറിയിച്ചു. രജിസ്‌ട്രേഷൻ മാറ്റുകയോ കേരളത്തിലെ നികുതി അടയ്ക്കുകയോ ചെയ്യാത്ത വാഹനങ്ങൾ ചൊവ്വാഴ്ച മുതൽ സർവീസ് നടത്താനും അനുവദിക്കില്ല.

തമിഴ്‌നാട് ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ നേരത്തെ തന്നെ ഇത്തരം നികുതി ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം കേരളത്തിൽ നികുതി അടയ്ക്കണമെന്ന പുതിയ ഉത്തരവിനെതിരെ പ്രതിഷേധവുമായി ടൂറിസ്റ്റ് ബസ് ഉടമകൾ രംഗത്തെത്തി. അന്തർ സംസ്ഥാന യാത്രകൾ സുഗമമാക്കുന്നതിന് കേന്ദ്രം ആവിഷ്‌കരിച്ച ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് സംവിധാനം അട്ടിമറിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ബസ് ഉടമകൾ.

നിയമം പ്രാബല്യത്തിലാക്കി ഒന്നര വർഷത്തിനുശേഷം തമിഴ്‌നാട്ടിൽ നികുതി പിരിക്കുന്നുവെന്ന കാരണം പറഞ്ഞ് കേരളത്തിലെ നികുതി പിരിക്കാനുള്ള മോട്ടോർ വാഹന വകുപ്പിന്റെ നടപടി അംഗീകരിക്കില്ലെന്നാണ് ടൂറിസ്റ്റ് ബസ് ഉടമകളുടെ വാദം. കേന്ദ്ര നിയമങ്ങൾക്ക് വിരുദ്ധമായി ഇരട്ട നികുതി പിരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ കേരള ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ടൂറിസ്റ്റ് ബസ് ഉടമകൾ എന്നാണ് റിപ്പോർട്ടുകൾ.

കേന്ദ്രീകൃത പെർമിറ്റ് സംവിധാനത്തിന്റെ ഭാഗമായിട്ടാണ് 2021ൽ കേന്ദ്ര സർക്കാർ എല്ലാ ടൂറിസ്റ്റ് വാഹനങ്ങൾക്കും ഓൾ ഇന്ത്യാ പെർമിറ്റ് സംവിധാനം കൊണ്ടുവരുന്നത്. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ നീക്കം. വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത നികുതി വ്യവസ്ഥകൾ കാരണമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനായിരുന്നു പുതിയ ഓൾ ഇന്ത്യാ പെർമിറ്റുകൊണ്ട് കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടത്. വാഹന ഉടമകളിൽ നിന്ന് നിശ്ചിത തുക ഫീസായ ഈടാക്കി കേന്ദ്ര റോഡ് ഗതാഗതമന്ത്രാലയമാണ് ഈ പെർമിറ്റുകൾ അനുവദിക്കുന്നത്. ഈ തുക പിന്നീട് കേന്ദ്ര സർക്കാർ വിവിധ സംസ്ഥാന സർക്കാരുകൾക്കായി വീതിച്ചു നൽകാനായിരുന്നു തീരുമാനം.