ശബരിമല: കളഭാഭിഷേകത്തിന്റെ പേരിൽ സന്നിധാനത്ത് ദേവസ്വം ബോർഡിന്റെ പകൽക്കൊള്ള. അഭിഷേകത്തിന് കളഭം കൊണ്ടു വരുന്നവരും അല്ലാത്തവരും ഒരേ നിരക്ക് തന്നെ അടക്കണം. കൂപ്പണിൽ തുക അടിച്ചു പോയെന്ന സാങ്കേതികത്വം പറഞ്ഞ് കളഭം കൊണ്ടു വരുന്നവരിൽ നിന്ന് മൂന്നിരട്ടിയോളം അധിക തുകയാണ് ഈടാക്കുന്നത്. സന്നിധാനത്തെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടിന്റെ മറവിലാണ് കൈയിട്ടു വാരൽ.

കളഭാഭിഷേകം വഴിപാടിന് ഒരാൾ 38,400 രൂപ ദേവസ്വം ബോർഡിന് അടയ്ക്കുമ്പോൾ അരച്ച കളഭം, തന്ത്രി, മേൽശാന്തി എന്നിവർക്കുള്ള വസ്ത്രം എന്നിവ നൽകും. ഇതിനായി സപ്ലെയർക്ക് എന്ന പേരിൽ 25,900 രൂപയാണ് വകയിരുത്തുന്നത്. സ്വന്തം ചെലവിൽ ചന്ദനം വാങ്ങി അരച്ച് സന്നിധാനത്ത് എത്തിക്കുന്നവർക്ക് ദേവസ്വം മുതൽക്കൂട്ടായ 12500 രൂപ മാത്രം നൽകിയാൽ മതിയാകും. എന്നാൽ സാധനങ്ങൾ കൊണ്ടു വരുന്നരോടും വഴിപാട് നടത്തണമെങ്കിൽ മുഴുവൻ തുകയായ 38,400 രൂപ അടയ്ക്കണമെന്നാണ് ദേവസ്വം ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്നത്.

ഇങ്ങനെ അധികമായി വാങ്ങുന്ന തുക മടക്കി നൽകുന്നില്ല. ഇത് ഉദ്യോഗസ്ഥർ കൈക്കലാക്കുന്നുവെന്നാണ് പരാതി. ശബരിമലയിൽ കളഭം നൽകുന്നതിന് ടെണ്ടർ വിളിച്ചിട്ടില്ല. കളഭത്തിന്റെ ഗുണമേന്മ പരിശോധിക്കാൻ സംവിധാനങ്ങളുമില്ല. ദേവസ്വം നൽകുന്ന ചന്ദനത്തിന് ഗുണമേന്മയില്ലെന്ന പരാതിയും നിലനിൽക്കുന്നു. ഉദ്ദിഷ്ട കാര്യ സിദ്ദിഖും ഐശ്വര്യത്തിനും ആഗ്രഹപൂർത്തികരണത്തിനും ശേഷമാണ് പലപ്പോഴും ഇത്തരത്തിലുള്ള വഴിപാടുകൾ ഭക്തർ ദേവന് നടത്തുന്നത്. ഇക്കാരണത്താൽ ഏറ്റവും ഗുണമേന്മയുള്ള സാധനങ്ങൾ ഉപയോഗിക്കാൻ വഴിപാടുകാർ ശ്രമിക്കും.

മറയൂരിൽ നിന്ന് ഉൾപ്പെടെ മേൽത്തരം ചന്ദനത്തടി വാങ്ങി കുങ്കുമപ്പൂവും പച്ച കർപ്പൂരവും മറ്റ് സാധനങ്ങളും ചേർത്തരച്ചാണ് കളഭമാക്കന്നത്. ഇതിനു തന്നെ നല്ലൊരു തുക വഴിപാടുകാരന് ചെലവാകും. ദേവസ്വം ബോർഡിന്റെ മറ്റ് വഴിപാട് രസീതുകൾ നൽകുന്നതിൽ നിന്നും വ്യത്യസ്തമായി കളഭാഭിഷേകത്തിന് മുഴുവൻ തുകയും രേഖപ്പെടുത്തിയ കൂപ്പണുകളാണ് നൽകുന്നത്. ഇക്കാരണത്താൽ തുക മടക്കി നൽകാൻ സാങ്കേതികമായി തടസമുണ്ടെന്നാണ് ദേവസ്വം ഉദ്യോഗസ്ഥർ പറയുന്നത്. വഴിപാട് സാധനങ്ങൾ കൊണ്ടുവരുന്നവർ അധികമായി വാങ്ങിയ പണം മടക്കി നൽകണമെന്ന് ആവശ്യപ്പെട്ടാൽ പിന്നീട് നൽകാമെന്ന് പറഞ്ഞ് മടക്കി അയയ്ക്കും. ദൂരദേശങ്ങളിൽ നിന്ന് വരുന്ന ഭക്തർ ഈ പണത്തിനായി പിന്നീട് സന്നിധാനത്ത് എത്താറില്ല. ഈ തുക ഉദ്യോഗസ്ഥർ കീശയിലാക്കുന്നുവെന്നാണ് ആക്ഷേപം.