- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെർപ്പുളശേരിയിലെ സ്വാശ്രയ മെഡിക്കൽ കോളജിന് എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് പുതുക്കി നൽകിയത് ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് അവഗണിച്ച്; ആരോഗ്യ മന്ത്രി കെ കെ ശൈലജ നേരിട്ട് ഇടപെട്ടെന്ന് തെളിയിക്കുന്ന രേഖയും പുറത്ത്; പ്രവേശനം വിലക്കിയ സ്വാശ്രയ മെഡിക്കൽ കോളജിനായി കെ കെ ശൈലജ നടത്തിയത് ക്രമവിരുദ്ധ ഇടപെടൽ
പാലക്കാട്: പിണറായി സർക്കാറിലെ ഏറ്റവും മികച്ച മന്ത്രിയായി പേരെടുത്തെ കെ കെ ശൈലജ. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ മുൻ മന്ത്രിക്ക് കുറച്ചുകാലമായി കഷ്ടകാലമാണ്. കോവിഡ് പർച്ചേസിലെ അഴിമതിയിൽ ആരോപണ വിധേയയായ കെ കെ ശൈലജയെ വെട്ടിലാക്കി ഇപ്പോൾ മറ്റൊരു വിവാദവും അണപൊട്ടുകയാണ്. പാലക്കാട് ചെർപ്പുളശ്ശേരിയിലെ സ്വാശ്രയ മെഡിക്കൽ കോളജിന് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് പുതുക്കി നൽകിയത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ പരിശോധന നടത്താതെ ആണെന്ന വിവരാവകാശ രേഖയാണ് പുറത്തുവന്നത്.
ഈ രേഖയിലെ വിവരങ്ങൾ കെ കെ ശൈലജയെ വെട്ടിലാക്കുന്നതാണ്യ 2020 ഏപ്രിലിലാണ് കോളജ് അപേക്ഷ നൽകിയത്. നവംബർ 5ന് ആരോഗ്യവകുപ്പ് കോളജിന് എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് അനുവദിച്ചു. എന്നാൽ 2020ൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് (ഡിഎംഇ) ഈ കോളജിൽ ഒരു പരിശോധനയും നടത്തിയിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം വകുപ്പിൽ നിന്നു ലഭിച്ച മറുപടി.
ഒരു പ്രദേശത്ത് മെഡിക്കൽ കോളജ് അനിവാര്യമെന്ന് സർക്കാർ സാക്ഷ്യപ്പെടുത്തുന്നതാണ് എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ്. ഇതിനൊപ്പം മെഡിക്കൽ കോളജിന് 330 കിടക്കകളുള്ള ആശുപത്രിയും അവിടെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ മാനദണ്ഡപ്രകാരമുള്ളത്രയും രോഗികളും ഉണ്ടോ എന്നും പരിശോധിക്കണം. എന്നാൽ ഇത്തരം പരിശോധന നടത്താതെയാണ് എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകിയത്.
ആവശ്യമായ പരിശോധനകളില്ലാതെ കോളജിന് എസൻഷ്യാലിറ്റി സർട്ടിഫിക്കിറ്റ് നൽകിയെന്ന പരാതിയിൽ സുപ്രീം കോടതി കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിനോടു വിശദീകരണം തേടിയിരുന്നു. എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് പുതുക്കിനൽകാൻ ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് അവഗണിച്ച് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇടപെട്ടെന്നു തെളിയിക്കുന്ന രേഖകളും പുറത്തുവന്നു. പരിശോധന കൂടാതെ സർട്ടിഫിക്കറ്റ് നൽകിയെന്ന പരാതിയിൽ സുപ്രീം കോടതി കഴിഞ്ഞ ദിവസം സർക്കാരിനോടു വിശദീകരണം തേടിയിരുന്നു.
കോളജിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് 2018 ൽ ഇന്ത്യൻ മെഡിക്കൽ കൗൺസിലും ആരോഗ്യ സർവകലാശാലയും നടത്തിയ പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്ന് 149 വിദ്യാർത്ഥികളെ സംസ്ഥാനത്തെ മറ്റ് 9 സ്വാശ്രയ കോളജുകളിലേക്കു മാറ്റിയിരുന്നു. 2 വർഷത്തേക്ക് എംബിബിഎസ് പ്രവേശനം കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലക്കുകയും ചെയ്തു. വിലക്കിന്റെ കാലാവധി അവസാനിച്ചതോടെ 2020 ൽ കോഴ്‌സ് പുനരാരംഭിക്കാനായി എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റിന് കോളജ് ആരോഗ്യ വകുപ്പിൽ അപേക്ഷ നൽകി.
കോളജിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതും 149 വിദ്യാർത്ഥികളെ മറ്റു കോളജുകളിലേക്കു മാറ്റിയ സംഭവവും ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ മെയ് 28നു റിപ്പോർട്ട് നൽകി. അനുമതി നൽകേണ്ടെന്നും നിർദേശിച്ചു. പക്ഷേ, 'നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് റീവാലിഡേറ്റ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുക' എന്നു മന്ത്രി ഫയലിൽ കുറിച്ചു. ഇതനുസരിച്ച് സർട്ടിഫിക്കറ്റിന്റെ കരട് തയാറാക്കി. എന്നാൽ, വിദ്യാർത്ഥികൾക്ക് ഒരു കോടിയോളം രൂപ കോളജ് തിരിച്ചു നൽകാനുണ്ടെന്ന വിവരം ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
ചെർപ്പുളശ്ശേരിയിലെ സ്വാശ്രയ മെഡിക്കൽ കോളജിന് എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് പുതുക്കിനൽകാൻ മന്ത്രി കെ.കെ.ശൈലജ ഇടപെട്ടെന്നു തെളിയിക്കുന്ന രേഖ.
പണം തിരിച്ചുനൽകാത്ത സാഹചര്യത്തിൽ റവന്യു റിക്കവറി നടത്താൻ അഡ്‌മിഷൻ ആൻഡ് ഫീസ് റഗുലേറ്ററി കമ്മിറ്റി നടപടി ആരംഭിച്ചിട്ടുണ്ടെന്നും അറിയിച്ചു. വിദ്യാർത്ഥികൾക്ക് നൽകാനുള്ള പണം തിരിച്ചുനൽകാൻ കോളജിനോട് ആവശ്യപ്പെടണമെന്നും അതു നടപ്പാക്കിയ ശേഷം തീരുമാനമെടുക്കണമെന്നും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെ ഫയലിൽ കുറിച്ചു. എന്നാൽ, 'സമയപരിധി ഉള്ളതിനാൽ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകുക, തുടർന്നു മറ്റു നടപടികൾ സ്വീകരിക്കുക' എന്നായിരുന്നു മന്ത്രിയുടെ നിർദ്ദേശം.
മറുനാടന് മലയാളി ബ്യൂറോ