താനൂർ: താനൂരിലെ ബോട്ട് ദുരന്തം വന്നത് മന്ത്രിതലത്തിൽ പോലും പരാതികൾ അവഗണിച്ചതോടെയാണ് എന്നാണ് പുറത്തുവരുന്ന വിവരം. ബോട്ട് സർവീസിനെതിരെ കൂടുതൽ പരാതികൾ ഉയർന്നിരുന്നു എന്നാണ് വ്യക്തമാകുന്നത്. മന്ത്രി വി അബ്ദുറഹിമാനെതിരെ ഉയരുന്നത് വലിയ ആരോപണമാണ്. ഒട്ടുപുറം തൂവൽത്തീരം ബീച്ചിലെ ദുരന്തത്തിനിടയാക്കിയ അറ്റ്ലാന്റിക്ക ബോട്ടിനെ കുറിച്ച് പരാതി പറഞ്ഞയാളെ മന്ത്രി അബ്ദുറഹിമാൻ ശകാരിച്ചെന്നതാണ് ഉയരുന്ന ആരോപണം.

താനൂരിലെ മത്സ്യത്തൊഴിലാളിയും ഉല്ലാസ ബോട്ട് നടത്തിപ്പുകാരനുമായ മാമുജിന്റെ പുരയ്ക്കൽ മുഹാജിദാണ് രംഗത്തെത്തിയത്. താനൂരിൽ ഫ്ളോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യാൻ മന്ത്രി പി.എ.മുഹമ്മദ് റിയാസും മന്ത്രി വി.അബ്ദുറഹിമാനും എത്തിയപ്പോഴാണ് 'അറ്റ്‌ലാന്റിക്' ബോട്ടിനെക്കുറിച്ച് പരാതിപ്പെട്ടത്.'നെഞ്ചിൽ തട്ടി അന്നു മന്ത്രിമാരോട് പറഞ്ഞു.. 'അറ്റ്ലാന്റിക്ക' ബോട്ട് അനധികൃതമാണെന്ന്.. പക്ഷേ, മന്ത്രി വി.അബ്ദുറഹിമാൻ തട്ടിക്കയറി.. മന്ത്രി മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറി..' മുഹാജിദ് പറഞ്ഞതായി മലയാള മനോരമ റിപ്പോർട്ടു ചെയ്തു.

ബോട്ടിന് രജിസ്ട്രേഷനില്ലെന്നും ലൈസൻസില്ലാത്ത സ്രാങ്കാണ് ഓടിക്കുന്നതെന്നും പറഞ്ഞപ്പോൾ മന്ത്രി അബ്ദുറഹിമാൻ തട്ടിക്കയറിയെന്നാണ് മുഹാജിദ് പറയുന്നത്. 'ബോട്ടിന് രജിസ്ട്രേഷനില്ലായെന്ന് താനാണോ തീരുമാനിക്കുന്നതെന്ന്' ചോദിച്ചാണത്രെ മന്ത്രി തട്ടിക്കയറിയത്. മന്ത്രി പി.എ.മുഹമ്മദ് റിയാസിനോട് പരാതി പറഞ്ഞപ്പോൾ പിഎയ്ക്ക് പരാതി നൽകാൻ പറയുകയും പിഎ പരാതി എഴുതിയെടുക്കുകയും ചെയതു. പക്ഷേ, തുടർ നടപടികളൊന്നുമുണ്ടായില്ല.

പക്ഷേ, തുടർ നടപടികളൊന്നുമുണ്ടായില്ല. കഴിഞ്ഞ 23ന് ആണ് താനൂരിൽ ഫ്‌ളോട്ടിങ് ബ്രിജ് ഉദ്ഘാടനം നടന്നത്. പതിനാലാമത്തെ ദിവസം 'അറ്റ്‌ലാന്റിക്' ബോട്ട് ദുരന്തത്തിൽ അകപ്പെട്ടു. 23ന് രണ്ട് മന്ത്രിമാർക്കുമൊപ്പം നിൽക്കുന്ന ഫോട്ടോയും മുജാഹിദിന്റെ കൈവശമുണ്ട്. അതേസമയം സാധാരണ ബോട്ട് തിരിക്കാറുള്ള സ്ഥലത്തും മുൻപേ പൂരപ്പുഴയുടെ വീതി കുറഞ്ഞഭാഗത്ത് ബോട്ട് തിരിക്കാനുള്ള ശ്രമമാണ് അപകടത്തിനു കാരണമെന്നു ജലഗതാഗത വിദഗ്ധരുടെ നിഗമനം. അഴിമുഖത്തുനിന്ന് ഏകദേശം മുക്കാൽ കിലോമീറ്റർ അകലെ വച്ചാണ് പതിവായി ബോട്ട് തിരിക്കാറ്. പുഴയുടെ വീതി 140 മീറ്ററിലേറെ വരുന്ന ഭാഗമാണിത്. എന്നാൽ ഈ സ്ഥലം എത്തുന്നതിനു മുൻപ് പുഴയുടെ വീതി 100 മീറ്ററിൽ താഴെയുള്ള ഭാഗത്തുവച്ചാണ് അപകടത്തിൽപെട്ട ബോട്ട് തിരിച്ചത്.

പുഴയുടെ വീതിക്കുറവ് മറികടക്കാൻ ബോട്ട് പൊടുന്നനെ തിരിച്ചപ്പോൾ അകത്തുണ്ടായിരുന്ന യാത്രക്കാർ ഒരു വശത്തേക്കു തെറിക്കുകയും ബോട്ട് മറിയുകയും ചെയ്‌തെന്നാണു വിലയിരുത്തൽ. രക്ഷപ്പെട്ട യാത്രക്കാരും ഇക്കാര്യം സ്ഥിരീകരിക്കുന്നു. എന്നാൽ എന്തിനാണ് ജീവനക്കാർ ഇത്തരമൊരു നീക്കം നടത്തിയതെന്നു വ്യക്തമല്ല.

അപകടത്തിൽപെട്ട ബോട്ടിനു രജിസ്റ്റ്രേഷനോ ബോട്ട് ഓടിച്ച സ്രാങ്കിനു ലൈസൻസോ ഇല്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. സർവേ നടപടികൾ പൂർത്തിയാക്കിയതിന്റെ ഭാഗമായുള്ള ഫയൽ നമ്പർ രജിസ്റ്റ്രേഷൻ നമ്പറായി എഴുതിച്ചേർത്ത് ബോട്ട് ഉടമ തട്ടിപ്പ് നടത്തുകയായിരുന്നു. ഉദ്യോഗസ്ഥർ ഇതിനു കൂട്ടുനിന്നതിന്റെ വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇതൊന്നും വിനോദ സഞ്ചാര മേഖലയിലുണ്ടായിരുന്ന ടൂറിസം വകുപ്പും അറിഞ്ഞില്ല. പൊലീസിന് നാട്ടുകാർ പരാതി നൽകിയിരുന്നു. അതും പൂഴ്‌ത്തി. അതിന് ശേഷം ബോട്ട് ഓടിക്കുകയും ചെയ്തു.

മാർച്ച് 23നു കുസാറ്റ് ഷിപ് ടെക്നോളജി വിഭാഗം ബോട്ടിനു സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് നൽകി. പിന്നാലെ ആലപ്പുഴ പോർട്ട് ചീഫ് സർവേയറുടെ പരിശോധനയ്ക്കുശേഷം ഫിറ്റ്നസ് സർട്ടിഫിക്കറ്റും ലഭിച്ചു. എന്നാൽ, തുറമുഖ വകുപ്പിന്റെ രജിസ്റ്റ്രേഷൻ നടപടികൾ പൂർത്തിയാകും മുൻപ് ഏപ്രിൽ 22നു സർവീസ് തുടങ്ങി. ഇതിന്റെ 16ാം ദിവസമാണു ദുരന്തം സംഭവിച്ചത്. ബോട്ടിന്റെ സ്റ്റെബിലിറ്റി റിപ്പോർട്ട് പുനഃപരിശോധിക്കാനാണു സാധ്യത. ലൈസൻസ് ഇല്ലാത്ത ബോട്ട് ഓടിയിട്ടും എന്തുകൊണ്ട് ടൂറിസം വകുപ്പ് അറിഞ്ഞില്ലെന്നതാണ് ഉയരുന്ന ചോദ്യം.