തിരുവല്ല: പോലീസ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി നിഷാന്ത് പി. ചന്ദ്രന്‍ ചട്ടം ലംഘിച്ച് തിരുവല്ല ഡിവൈ.എസ്.പി ഓഫീസില്‍ ജോലി ചെയ്യുന്നുവെന്ന് ആക്ഷേപം ഉയരുന്നു. നിഷാന്ത് പ്രതിയായ മര്‍ദനക്കേസ് തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണ നടക്കുമ്പോഴാണ് ഇതേ കേസ് രജിസ്റ്റര്‍ ചെയ്ത തിരുവല്ല സ്റ്റേഷനില്‍ ഇയാള്‍ ജോലിയില്‍ തുടരുന്നത്.

തിരുവല്ല സ്റ്റേഷനിലെ സിപിഓ ആയിട്ടുള്ള നിഷാന്തിനെ ഡിവൈ.എസ്.പി ഓഫീസിലേക്ക് അറ്റാച്ച് ചെയ്തിരിക്കുകയാണ്. അഞ്ചു വര്‍ഷത്തിലേറെയായി ഇയാള്‍ തിരുവല്ല സ്റ്റേഷനില്‍ ജോലി ചെയ്യുന്നു. മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ഒരാളെയും ഒരു സ്റ്റേഷനില്‍ ജോലി ചെയ്യാന്‍ അനുവദിക്കാന്‍ പാടില്ല. എന്നാല്‍, അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എന്ന പിന്‍ബലത്തില്‍ ഇവിടെ ഇയാള്‍ ഇരിപ്പുറപ്പിച്ചിരിക്കുകയാണ്. മാത്രവുമല്ല, നിഷാന്തിന്റെ മാതൃസ്റ്റേഷനാണ് തിരുവല്ല. നഗരത്തോട് ചേര്‍ന്ന ചുമത്ര എന്ന സ്ഥലത്താണ് നിഷാന്തിന്റെ വീട്.

നിഷാന്തിനെതിരേ ഗുരുതരമായ നിരവധി ആരോപണങ്ങള്‍ നിലവിലുണ്ട്. അതിലൊന്നാണ് ഗുണ്ടാബന്ധം. പീച്ചി സ്വര്‍ണ കവര്‍ച്ച കേസില്‍ ഒന്നാം പ്രതി തിരുവല്ല സ്വദേശി റോഷന്‍, 10-ാം പ്രതി കിരണ്‍ എന്നിവരുമായി നിഷാന്തിന് അടുത്ത ബന്ധമുളളതായി രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള സാഹചര്യം നിഷാന്ത് ഒരുക്കിയെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, അസോസിയേഷനുമായി അടുത്ത ബന്ധമുള്ളതിനാല്‍ ഇയാള്‍ക്കെതിരേ ഒരു നടപടിയും വന്നില്ലെന്ന് മാത്രമല്ല, ഈ സ്റ്റേഷനില്‍ തന്നെ നിലനിര്‍ത്തുകയും ചെയ്തു.

തിരുവല്ല പോലീസ് സ്റ്റേഷനില്‍ 2019 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നിഷാന്ത് പി. ചന്ദ്രന്‍ പ്രതിയായിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിജോ ചെറിയാനെയും മറ്റും കോവിഡ് സമയത്ത് മര്‍ദിച്ചതിനാണ് കേസ് എടുത്തിട്ടുള്ളത്. കോടതിയില്‍ വിചാരണ തുടരുന്ന കേസ് അട്ടിമറിക്കാന്‍ നിഷാന്തിന് എളുപ്പം കഴിയുമെന്നാണ് പരാതി. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സ്റ്റേഷനില്‍ തന്നെ ജോലി ചെയ്യുന്നതിനാല്‍ തെളിവുകള്‍ നശിപ്പിക്കുന്നത് അടക്കമുള്ള പ്രവൃത്തികള്‍ ഇയാള്‍ക്ക് ചെയ്യാന്‍ കഴിയുമെന്നാണ് വാദിഭാഗം ഭയക്കുന്നത്.

അസോസിയേഷന്‍ നേതാവ് എന്ന നിലയില്‍ കേസുകളില്‍ വഴിവിട്ട് ഇടപെടുന്നതായും നിഷാന്തിനെതിരേ പരാതിയുണ്ട്. മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെടുന്ന സുഹൃത്തുക്കളെ ഇറക്കി വിടുന്നതിനും മറ്റും വേണ്ടി ഇയാള്‍ സ്റ്റേഷനുകളില്‍ വിളിച്ച് സ്വാധീനം ചെലുത്താറുണ്ടെന്നും പറയുന്നു. അസോസിയേഷന്‍ നേതാവ് ആയതിനാല്‍ അച്ചടക്ക നടപടിയൊന്നും ബാധകമല്ല എന്നാണ് പോലീസില്‍ നിന്ന് തന്നെയുളള ആക്ഷേപം.