- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുറമുഖ വകുപ്പിന്റെ സ്ഥലം ചുളുവിലയ്ക്കു പാട്ടത്തിന്; രണ്ട് ലക്ഷം രൂപ വാടക ലഭിക്കേണ്ട സ്ഥലം നല്കിയത് 45,000 രൂപക്ക്; പാട്ടത്തിനെടുത്തത് സ്പീക്കറുടെ സഹോദരൻ; ടെൻഡർ പോലും ഇല്ലാതെ കരാർ നൽകി 6 മാസം കഴിഞ്ഞിട്ടും ഒരു രൂപ പോലും വാടക നൽകിയതുമില്ല; ഷംസീറിനെ വിവാദത്തിലാക്കി കോഴിക്കോട്ടെ സ്ഥല ഇടപാട്
കോഴിക്കോട്: സ്പീക്കർ എ എൻ ഷംസീറിനെ വിവാദത്തിലാക്കി കോഴിക്കോട്ട് ബീച്ചിൽ തുറമുഖ വകുപ്പ് കെട്ടിടം പാട്ടത്തിന് നൽകിയ സംഭവം. തുറമുഖ വകുപ്പിന്റെ കെട്ടിടം ചുളുവിലയ്ക്കു 10 വർഷത്തേക്ക് പാട്ടത്തിന് നൽകിയത് സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരൻ എ എ ൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ്. നേരത്തെ ടെൻഡർ വിളിച്ചു പാട്ടത്തിന് നൽകാൻ ഒരുങ്ങിയിരുന്നെങ്കിലും ഇത് റദ്ദാക്കി കൊണ്ടാണ് പിന്നീട് ടെൻഡർ വിളിക്കാതെ സ്ഥലം വിട്ടു നിൽകിയത്. ലക്ഷങ്ങൾ വാടകയായി ലഭിക്കേണ്ട സ്ഥലമാണ് ചുളുവിലക്ക് സ്പീക്കറുടെ സഹോദരന് ലഭിച്ചിരിക്കുന്നത്.
ടെൻഡർ പോലുമില്ലാതെയാണു കെട്ടിടം പാട്ടത്തിനു നൽകിയതെന്നാണ് മലയാള മനോരമ റിപ്പോർട്ടു ചെയ്യുന്നത്. വിവാരാവകാശ രേഖയെ അടിസ്ഥാനമാക്കിയാണ് വാർത്ത. കരാർ നൽകി 6 മാസം കഴിഞ്ഞിട്ടും ഒരു രൂപ പോലും വാടക നൽകിയിട്ടുമില്ലെന്നതും വിഷയത്തിൽ സ്വജനപക്ഷപാത ആരോപണം ശക്തമാകാൻ ഇടയാക്കുന്നു. അതേസമയം കോർപറേഷന്റെയോ തീരദേശ പരിപാലന അഥോറിറ്റിയുടേയോ അനുമതിയില്ലാതെയാണു കടൽത്തീരത്തു കെ.കെ. പ്രദീപ് ആൻഡ് പാർട്‌ണേഴ്‌സ് എന്ന സ്ഥാപനം അനധികൃത നിർമ്മാണം നടത്തിയത്.
സ്പീക്കറുടെ സഹോദരൻ ഷാഹിർ, ആർ.പി.അമർ, കെ.കെ. പ്രദീപ് എന്നിവരാണു സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണർമാർ. പോർട്ട് ഓഫിസർ കെ.അശ്വിനി പ്രതാപുമായി ജനുവരിയിൽ ഒപ്പിട്ട കരാർ രേഖകളിൽ ഷാഹിറും കക്ഷിയാണ്. തുറമുഖ വകുപ്പിന്റെ 'സീമാൻ ഷെഡ്' കെട്ടിടവും 15 സെന്റ് സ്ഥലവുമാണു പാട്ടത്തിനു നൽകിയത്. പ്രതിമാസം 45,000 രൂപയാണു വാടക. അതേസമയം ഈ തുക വളരെ കുറവാണെന്നാണ് ഉയരുന്ന അഭിപ്രായം.
2 ലക്ഷം രൂപ വരെ വാടകയുള്ള പ്രദേശമാണിത്. പ്രദീപ് നേരത്തേ ഈ കെട്ടിടം പാട്ടത്തിനെടുത്തതാണെന്നും അതുകൊണ്ടാണു വീണ്ടും നൽകിയതെന്നുമാണു തുറമുഖ വകുപ്പ് വിശദീകരിക്കുന്നത്. കൂടാതെ 3 കോടിയോളം രൂപയുടെ നിക്ഷേപം സ്ഥാപനം ഇവിടെ നടത്തി. 10 വർഷം കഴിഞ്ഞാൽ അതു പോർട്ടിന് മുതൽക്കൂട്ടാകുമെന്നാണു തുറമുഖവകുപ്പിന്റെ വിശദീകരിച്ചിരിക്കുന്നത്.
അതേസമയം, ടെൻഡർ വിളിച്ചാണ് കെട്ടിടം പാട്ടത്തിനു നൽകിയതെന്ന തുറമുഖ വകുപ്പിന്റെ വാദവും പൊളിഞ്ഞു. മാരിടൈം ബോർഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു കെട്ടിടം നൽകിയതെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. നേരത്തേ തുറമുഖ വകുപ്പ് താൽപര്യപത്രം ക്ഷണിച്ചിരുന്നു. പത്തിലേറെ പേർ പങ്കെടുത്ത ടെൻഡറിൽ 2 ലക്ഷം രൂപ വരെ ക്വോട്ട് ചെയ്തവരുണ്ടായിരുന്നു. എന്നാൽ, ഈ ടെൻഡർ റദ്ദാക്കി. ഇതെല്ലാം ഈ ്സ്ഥാപനത്തെ സഹായിക്കാൻ വേണ്ടിയാണെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്. സ്പീക്കർ എ എൻ ഷംസീറിനെ വിവാദത്തിലാക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ആരോപണങ്ങൾ. അതേസമയം വിവാദത്തോട് ഷംസീർ പ്രതികരിച്ചിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ