- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആശുപത്രിയില്‍ ഉള്ളവരോട് എന്തെങ്കിലും ചോദിച്ചാല്‍ നായയെ നോക്കുന്ന കണ്ണുകൊണ്ട് പോലും തിരിഞ്ഞു നോക്കുന്നില്ല'; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി; മരിച്ചത് ഓട്ടോ ഡ്രൈവറായ പന്മന സ്വദേശി വേണു; മരിക്കും മുമ്പുള്ള വേണുവിന്റെ ശബ്ദസന്ദേശം പുറത്തുവന്നതോടെ വിവാദം
'ആശുപത്രിയില്‍ ഉള്ളവരോട് എന്തെങ്കിലും ചോദിച്ചാല്‍ നായയെ നോക്കുന്ന കണ്ണുകൊണ്ട് പോലും തിരിഞ്ഞു നോക്കുന്നില്ല'
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി. ഓട്ടോ ഡ്രൈവറായ പന്മന സ്വദേശി വേണുവാണ് മരിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് നിര്‍ദേശിച്ച് ആറ് ദിവസം കിടന്നിട്ടും ശസ്ത്രക്രിയ നടത്തിയില്ല. എന്ത് ചോദിച്ചാലും ആശുപത്രി അധികൃതര്‍ മറുപടി തരുന്നില്ലെന്ന് വേണു പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നതോടെ വിവാദം ശക്തമായി. സുഹൃത്തിന് അയച്ച ശബ്ദസന്ദേശമാണ് പുറത്തുവന്നത്.
ആശുപത്രിയില്‍ എന്തെങ്കിലും കാര്യത്തെപ്പറ്റി ആരോടെങ്കിലും ചോദിച്ചാല്‍ ഒരക്ഷരം മിണ്ടില്ലെന്ന് വേണു പറയുന്നു. നായയെ നോക്കുന്ന കണ്ണുകൊണ്ട് പോലും അവര്‍ തിരിഞ്ഞുനോക്കില്ല. മറുപടി പറയില്ല. കൈക്കൂലിയുടെ കേന്ദ്രമാണിത്. എമര്‍ജന്‍സി ആന്‍ജിഗ്രാം ചെയ്യാന്‍ വെള്ളിയാഴ്ച താന്‍ ഇവിടെ എത്തിയതാണ്. അഞ്ച് ദിവസമായിട്ടും തിരിഞ്ഞുനോക്കിയില്ല. റൗണ്ട്സിനിടെ പരിശോധിക്കാന്‍ വന്ന ഡോക്ടറോട് എപ്പോള്‍ ശസ്ത്രക്രിയ നടത്തുമെന്ന് ചോദിച്ചിരുന്നു. അവര്‍ക്ക് ഇതേപ്പറ്റി യാതൊരു ധാരണയുമില്ല.
കൈക്കൂലിക്ക് വേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. സാധാരണക്കാരുടെ ആശ്രയമാകേണ്ടതാണ് മെഡിക്കല്‍ കോളേജുകള്‍. എന്നാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് രോഗികളുടെ ശാപംപേറുന്ന പറുദീസയാണ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പുറംലോകത്തെ അറിയിക്കണമെന്നും വേണു സുഹൃത്തിനോട് പറയുന്നു.
ശബ്ദരേഖയുടെ പശ്ചാത്തലത്തില്‍ വേണുവിന് ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം ആരോപിക്കുന്നു. ഇന്നലെയാണ് രോഗിക്ക് ഹാര്‍ട്ട് ഫെയ്‌ലര്‍ ഉണ്ടായത്. നെഞ്ചുവേദനയെ തുടര്‍ന്ന് ചവറ പ്രാഥമിക ആശുപത്രിയിലായിരുന്നു വേണു ആദ്യം ചികിത്സ തേടിയത്. പിന്നാലെ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. അടിയന്തരമായി ആന്‍ജിയോഗ്രാം ചെയ്യണമെന്നായിരുന്നു ജില്ലാ ആശുപത്രിയില്‍ നിന്ന് അറിയിച്ചത്. തുടര്‍ന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാത്രിയായിരുന്നു വേണു മരിക്കുന്നത്.
സുഹൃത്തിന് ശബ്ദസന്ദേശം അയച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം മരിച്ചു. അതേസമയം, ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതര്‍ വിശദീകരിക്കുന്നത്. സാധ്യമായ എല്ലാ ചികിത്സയും നല്‍കിയെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ വിശദീകരിക്കുന്നു. രോഗിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ആന്‍ജിയോപ്ലാസ്റ്റി ചെയ്യാനുള്ള സമയം കഴിഞ്ഞിരുന്നു. രോഗിയുടെ നില ആദ്യം തൃപ്തികരമായിരുന്നു. പെട്ടെന്നാണ് നില വഷളായതെന്നുമാണ് ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.




