കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ വിഭാഗത്തിൽ നടന്ന അഴിമതിക്ക് പിന്നാലെ നേഴ്സിന്റെ ആത്മഹത്യ ശ്രമം. തുടർന്ന്  ആർ.എം.ഒ സ്്ഥാനം രാജി വച്ച് മന്ത്രി ബന്ധു കൂടിയായ സർജൻ. ഒരു മാസത്തെ മെഡിക്കൽ അവധിയിൽ പ്രവേശിച്ചിട്ടുമുണ്ട്. ഈ വിഷയം ചർച്ചയാകുമ്പോൾ രാജിക്ക് പിന്നിൽ എന്തെന്നുള്ള കാര്യത്തിൽ വിശദീകരണമില്ല. മെഡിക്കൽ കോളേജിലെ സർജറി വിഭാഗത്തിൽ ഏറെ സീനിയർ ആയിരുന്ന സർജൻ കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ കാലത്താണ് നിയമിതനാകുന്നത്.

കഴിഞ്ഞ ഏതാനും നാളുകളായി ഇദ്ദേഹവും ശാസ്ത്രക്രിയ തിയേറ്ററിലെ നഴ്‌സുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ഒരുമാസം മുൻപ് അത്യാഹിത വിഭാഗത്തിന് മുന്നിൽവച്ചു ഇരുവരും തമ്മിൽ പരസ്യമായി വാക്‌പോരും നടന്നു. തുടർന്ന് ഈ നഴ്‌സിനെ തിയറ്ററിൽ നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റി. ആശുപത്രി വികസന സമിതിയുടെ ശുപാർശ പ്രകാരം നിയമിതയായ നഴ്സ് ആർ. എം. ഒയുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കഴിഞ്ഞ ദിവസം കുമാരനല്ലൂർ റെയിൽവേ ക്രോസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. നേഴ്്സിന്റെ സഹോദരന്മാർ ഇവരെ കൂട്ടികൊണ്ടു പോയിരുന്നു. എന്നാൽ ഈ സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ലെന്ന് ഗാന്ധിനഗർ പൊലീസ് അറിയിച്ചു.

കഴിഞ്ഞ മാസം ശസ്ത്രക്രിയ വിഭാഗത്തിൽ നടന്ന തട്ടിപ്പ് പുറത്തു വന്നതോടെ താൽക്കാലിക ജീവനക്കാരനെ പുറത്താക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു പറയുമെന്ന് കാട്ടി നേഴ്സും ആർ. എം. ഒയും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നുവത്രെ. സർജറിക്ക് ആവിശ്യമില്ലാത്ത സർജിക്കൽ ഉപകരണങ്ങൾ ഡോക്ടർമാർ പറയാതെ തന്നെ രോഗികളുടെ ബന്ധുക്കളെ കൊണ്ടു വാങ്ങിപ്പിക്കുകയായിരുന്നു. അമിത വില നൽകി വാങ്ങുന്ന ഉൽപ്പന്നങ്ങൾ പത്ത് മിനിട്ടിനകം സ്വകാര്യ സർജിക്കൽ സ്ഥാപനത്തിലെ ജീവനക്കാർ വന്ന് തിരികെ കൊണ്ടു പോകുന്നു.

അതിരമ്പുഴ സ്വദേശിയെ കൊണ്ട് മാത്രം 7650 രൂപയുടെ ഉൽപ്പന്നങ്ങൽ അധികമായി വാങ്ങിപ്പിച്ചതാണ് പരാതിയക്ക് ഇടയാക്കിയത്. ഡോക്ടർ ആവശ്യപ്പെട്ട പ്രകാരം 13530 രൂപയുടെ ഉപകരണങ്ങൾ വാങ്ങി നൽകിയിരുന്നു. ഇത് കൂടാതെയാണ് ഡോക്ടർ അറിയാതെ 7650 രൂപയുടെ ഉപകരണങ്ങൾ വാങ്ങിപ്പിച്ചതത്രേ. ജൂലൈ മാസം 27 ന് ഹെർണിയ ഓപ്പറേഷന് വിധേയനായ യുവാവിനെയാണ് കൊള്ളയടിച്ചത്. ഈ വിവരം ഡോക്ടറോട് പറഞ്ഞതോടെയാണ് തട്ടിപ്പ് പുറത്തായത്.

ഈ സംഭവത്തിൽ സി. പി. എം. അനുഭാവിയായ ഒരു താൽക്കാലിക ജീവനക്കാരന് നേരെയാണ് നടപടിയെടുത്തത്. എന്നാൽ ഇതിൽ ഡോക്ടർമാർക്കും പങ്കുള്ളതായി രോഗികൾ ആരോപിക്കുന്നു. ഉൽപ്പന്നങ്ങൾ വാങ്ങുന്നതിലുള്ള കമ്മീഷനു പിന്നാലെ തട്ടിപ്പ് നടത്തുന്ന പണവും ഡോക്ടർമാരുടെ കീശയിൽ വീഴും. സ്ഥാപനങ്ങൾ വാങ്ങേണ്ട കടയുടെ പേര് ഉൾപ്പെടെയാണ് പറഞ്ഞു വിടുന്നത്.

താൽക്കാലിക ജീവനക്കാരന് നേരെ മാത്രം നടപടി ഒതുങ്ങിയതിൽ ജീവനക്കാർക്കിടയിൽ അമർഷമുയർന്നു. ശസ്ത്രക്രിയ വിഭാഗത്തിലെ നേഴ്സുമായി അഭിപ്രായ വ്യത്യാസം ഉയർന്നതോടെ കൂടുതൽ വിവരങ്ങൾ വെളിച്ചത്തു വരുമെന്ന് ഭയം മൂലമാണോ ആർ. എം. ഒയുടെ രാജിയും നിർബന്ധിത അവധിയെന്നുമൊക്കെ ആക്ഷേപം ഉയരുന്നു.