- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓർത്തോവിഭാഗത്തിൽ അടിയന്തിരശസ്ത്രക്രിയക്ക് എല്ലുപൊട്ടിയ രോഗികൾ കാത്തിരിക്കേണ്ടത് ഒരാഴ്‌ച്ച; പ്രസവത്തിനായെത്തുന്നവരുടെ ബന്ധുക്കൾ ഡോക്ടറെ സ്പെഷ്യലായി കണ്ടില്ലെങ്കിൽ ജീവൻ തന്നെ നഷ്ടമാകും; പ്ലസ് വൺ വിദ്യാർത്ഥിയുടെ ഒരുകൈ നഷ്ടപ്പെടാൻ ഇടയാക്കിയ ചികിത്സാ പിഴവ് ഒറ്റപ്പെട്ടതല്ല; ഈജിയൻ തൊഴുത്തായി തലശേരി ജനറൽ ആശുപത്രി
തലശേരി: തലശേരി ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവിനു കാരണം കൈക്കൂലിയും അനാസ്ഥയുമാണെന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പരാതി ശക്തമാകുമ്പോഴും നടപടിയെടുക്കാതെ ആരോഗ്യവകുപ്പ് മൗനംപാലിച്ചതിന്റെ ഭവിഷ്യത്താണ് ഇപ്പോൾ ചികിത്സ വൈകിയതിനാൽ പ്ളസ്വൺ വിദ്യാർത്ഥിയുടെ ഒരുകൈ നഷ്ടപ്പെടുന്നതിന് ഇടയാക്കിയതെന്ന ആരോപണം ശക്തമാക്കുന്നു. നേരത്തെജനറൽ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർമാർ വീട്ടിലെത്തി പണം നൽകിയാൽ മാത്രമേ ഗർഭിണികൾക്ക് മതിയായചികിത്സ നൽകുന്നുള്ളൂവെന്ന ആരോപണം ഇവിടെ അഡ്‌മിറ്റായ ഒരു രോഗിയുടെ ബന്ധു തെളിവുകൾ സഹിതം പരസ്യമായി ഉന്നയിച്ചിട്ടും നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് അധികൃതർ തയ്യാറായിരുന്നില്ല. അപകടത്തിൽ എല്ലുകൾക്ക് പരുക്കേറ്റ് തലശേരി ജനറൽ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ശസ്ത്രക്രിയ വേണ്ടിവരികയാണെങ്കിൽ ചുരുങ്ങിയത് ഒരാഴ്‌ച്ചയെങ്കിലും വേദനസഹിച്ചു വാർഡിൽകഴിയേണ്ടി വരുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
തലശേരി ചേറ്റംകുന്നിലെ ഫുട്ബോൾ മൈതാനത്തിൽ കൂട്ടുകാരോടൊപ്പംകളിക്കുന്നതിനിടെ വീണു പരുക്കേറ്റു എല്ലുപൊട്ടിയ നിലയിൽ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ പതിനേഴുവയസുകാരനായ സിദ്ദിഖിന് സംഭവിച്ചതും അടിയന്തിര ചികിത്സ നൽകാതെ ആശുപത്രി അധികൃതർ അനാസ്ഥ കാണിച്ചതിന്റെ ഫലമായാണെന്ന് ബന്ധുക്കൾ പറയുന്നു. ഖത്തർ ലോകകപ്പിൽ പന്തുരുളാൻ തുടങ്ങിയതിന്റെ ആവേശം നാടുമുഴുവൻ അലയടിക്കുമ്പോഴും ഒരു കൈ നഷ്ടപ്പട്ടു ചിറകറ്റ കുഞ്ഞുപക്ഷിയെപ്പോലെ പുല്യോട് ഈസ്റ്റിലുള്ള പിതൃസഹോദരിയുടെ വീട്ടിലെ കൊച്ചുമുറിയിൽ കഴിയുകയാണ് സുൽത്താൻ.
എല്ലുപൊട്ടിയാൽ ചികിത്സ വേണമെങ്കിൽ ഒരാഴ്‌ച്ച കഴിയണം
അപകടത്തിൽ എല്ലുകൾക്ക് പരുക്കേറ്റ് തലശേരി ജനറൽ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ശസ്ത്രക്രിയ വേണ്ടിവന്നാൽ ചുരുങ്ങിയത് ഒരാഴ്‌ച്ചയെങ്കിലും വേദനസഹിച്ചു ആശുപത്രിയിൽ കഴിയേണ്ടിവരും. ഫുട്ബോൾ കളിക്കിടെ എല്ലുപൊട്ടിയ വിദ്യാർത്ഥി സുൽത്താന് ചികിത്സ ലഭിക്കാത്തതിനു പിന്നിൽ ഈ അനാസ്ഥയാണെന്നാണ് ബന്ധുക്കൾ പറയുന്നത്. ഓർത്തോവിഭാഗത്തിലെ ഡോക്ടർമാരെ വീട്ടിൽ പോയി കണ്ടു സ്വകാര്യമായി കൈമടക്ക് നൽകിയാൽ ചികിത്സ അതിവേഗം ലഭിക്കുകയും ചെയ്യും.ഇതറിയാത്ത പാവങ്ങളാണ് ചികിത്സാ പിഴവിനു ഇരയായി മാറുന്നത്.
നിലവിൽ അനസ്തേഷ്യാ ഡോക്ടറുടെ സേവനമനുസരിച്ചു തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മാത്രമേ ഓർത്തോവിഭാഗത്തിൽ ശസ്ത്രക്രിയ നടത്താറുള്ളൂ. ഒരാഴ്‌ച്ച മുൻപ് തീരുമാനിക്കുന്ന ശസ്ത്രക്രിയകളാണ് തുടർപരിശോധനകൾ നടത്തി ഈ ദിവസങ്ങളിൽ നടത്തിവരുന്നത്. നിരവധി രോഗികളാണ് അതുവരെ ശസ്ത്രക്രിയക്കായി കാത്തുകെട്ടിനിൽക്കേണ്ടിവരുന്നത്. അപകടത്തിലും മറ്റും പെട്ട് അത്യാഹിത വിഭാഗത്തിൽ എത്തുന്ന ഓർത്തോവുമായി ബന്ധപ്പെട്ട രോഗികൾക്ക് അടിയന്തിര ശസ്ത്രക്രിയ വേണ്ടി വന്നാൽ അതു നടക്കാത്ത സാഹചര്യമാണ് ഈ സർക്കാർ ആശുപത്രിയിലുള്ളത്.
ജീവൻ വേണമെങ്കിൽ ഓടിക്കോ...
എന്നാൽ ഇത്തരം ഗൗരവകരമായ കേസുകൾ വരുമ്പോൾ ഇവിടെ ചികിത്സ വൈകും മറ്റിടങ്ങളിലേക്ക് രോഗിയെ കൊണ്ടു പോയി കൊള്ളൂവെന്ന് പറയാനുള്ള സാമാന്യമര്യാദപോലും ഇവിടുത്തെ ഡോക്ടർമാരോ ആശുപത്രി ജീവനക്കാരോ കാണിക്കാറില്ലെന്നതാണ് വിചിത്രം. ഇതുകാരണം അത്യാസന്ന നിലയിലെത്തുന്ന രോഗികളുടെ ജീവൻ തന്നെ ഈ ചികിത്സ വൈകിപ്പിക്കിലൂടെ നഷ്ടമാവുകയാണ് ചെയ്യുന്നത്.സ്വകാര്യ ആശുപത്രികളിൽ പോകാൻ ശേഷിയില്ലാത്ത പാവങ്ങളാണ് പലപ്പോഴും സർക്കാർ ആശുപത്രികളെ സമീപിക്കുന്നത്.
പൊതുജനാരോഗ്യ ചികിത്സാ രംഗത്തെ മികവിനെ കുറിച്ചുള്ള വായ്ത്താരിയും ഗതിമുട്ടിയാൽ സർക്കാർ ആശുപത്രികളെ സമീപിക്കാൻ ഇടത്തരക്കാരെ പോലും പ്രേരിപ്പിക്കുന്നുമുണ്ട്. സ്വകാര്യ ആശുപത്രികളിൽ ശസ്ത്രക്രിയ വേണ്ടിവന്നാൽ മണിക്കൂറുകൾക്കുള്ളിൽ പരിശോധന നടക്കുമെന്നിരിക്കെ സർക്കാർ മേഖലയിൽ ഒരാഴ്‌ച്ച മുതൽ ഒരുമാസംവരെ കാലതാമസമാണ് അസഹ്യമായ വേദന കടിച്ചിറക്കേണ്ടി വരുന്ന രോഗികൾ അനുഭവിക്കേണ്ടി വരുന്നത്.ഇത്തരത്തിൽ ശസ്ത്രക്രിയക്കായി കാത്തുനിൽക്കുന്ന രോഗികളിൽ പലർക്കും ജീവൻ തന്നെ നഷ്ടമാവുന്ന സാഹചര്യമുണ്ടാകാറുണ്ടെങ്കിലും പലരും ഭയം കാരണം പരസ്യമായി പരാതി പറയാറില്ലെന്നാണ് വിവരം.
എക്സറേ പോലും പ്രവർത്തിക്കാത്ത ആശുപത്രി
രാത്രികാലങ്ങളിൽ അപകടത്തിൽപ്പെട്ട് എത്തുന്നവർക്ക് എക്സറേ പോലും എടുക്കാൻ പോലും ജനറൽ ആശുപത്രിയിൽ സൗകര്യമില്ലെന്നുള്ളത് തലശേരി ജനറൽ ആശുപത്രിയിലെ കെടുകാര്യസ്ഥതയ്ക്കു ഉദാഹരണമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. സാധാരണ തീയേറ്ററിനു പുറമേ തീയേറ്റർ എക്സറേ, പോർട്ടബിൾ എക്സറേ, ദന്തൽ എക്സറെ എന്നിവയാണ് തലശേരി ജനറൽ ആശുപത്രിയിലുള്ളത്. വേണ്ടത്ര ടെക്നീഷ്യൻ ഉൾപ്പെടെയുള്ള ജീവനക്കാർ ഇല്ലാത്തതിനാൽ എക്സറേ യൂനിറ്റുകൾ 24- മണിക്കൂറും പ്രവർത്തിക്കാറില്ല. രാത്രികാലങ്ങളിൽ അപകടത്തിൽപ്പെട്ടവർ എക്സറെയ്ക്കായി സഹകരണ ആശുപത്രികളിലേക്ക് നെട്ടോട്ടമോടെണ്ട സാഹചര്യമാണുള്ളത്. പണമില്ലാത്ത നിർധനരായ രോഗികൾ എക്സറേ വേണ്ടിവന്നാൽ രാത്രിയിൽ നട്ടംതിരിയേണ്ട സാഹചര്യമാണുള്ളത്.
തലശേരിയിൽ സഹകരണ മേഖലയിൽ രണ്ടു വൻകിടആശുപത്രികളും ഏതാനും സ്വകാര്യ ആശുപത്രികളും പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നുണ്ട്. തലശേരി ജനറൽ ആശുപത്രിയിലെത്തുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും പരമാവധി വെറുപ്പിച്ചു ഇവിടേക്ക് ആളുകളെകൂട്ടുന്ന പണിയാണ് തലശേരി ജനറൽ ആശുപത്രിയിലെ ചില ഡോക്ടർമാരും ജീവനക്കാരും ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ എംഎൽഎ മുൻ ചെയർമാനായ സിപിഎം നിയന്ത്രിത സഹകരണാശുപത്രിയും മമ്പറം ദിവാകരനിൽ നിന്നും സുധാകര വിഭാഗം പിടിച്ചെടുത്ത മഞ്ഞോടിയിലെ സഹകരണാശുപത്രിയുമാണ് തലശേരിയിലെ പ്രധാനആതുരാലയങ്ങൾ. തലശേരി ജനറൽ ആശുപത്രിയിൽ ഗുണമേന്മയാർന്ന ചികിത്സ ലഭിച്ചാൽ ഇവിടേക്ക് ആളൊഴുകുമെന്ന സാഹചര്യമൊഴിവാക്കാനുള്ള കളികളാണ് ചിലർ നടത്തുന്നതെന്ന ആരോപണവും ശക്തമായിട്ടുണ്ട്.
സങ്കടക്കടലിൽ സുൽത്താൻ
ലോകം കാൽപന്തിന് പുറകെ ആഹ്ളാദരവത്തോടെ പായുമ്പോൾ ഇങ്ങ് തലശേരിയിൽ കേരളത്തിന്റെ നിയമസഭാ സ്പീക്കറുടെ മണ്ഡലത്തിൽ അധികൃതടുടെ അതിക്രൂരമായ അനാസ്ഥയിൽ ഒരു കൈനഷ്ടപ്പെട്ട് പതിനേഴുവയസുകാരനായ സുൽത്താൻ സങ്കടക്കടലിൽ കഴിയുകയാണ്. ഖത്തറിൽ കാൽപന്തിന്റെ ആരവമുയരുന്നതിന്റെ സന്തോഷത്തിൽ കളിക്കളത്തിൽ ആർത്തുലസിച്ച പതിനേഴുവയസുകാരന് കണ്ണില്ലാത്ത അധികൃതരുടെ ക്രൂരതയിൽ ഒരു ജന്മം മുഴുവൻ അനുഭവിക്കേണ്ടിവരുന്നതുകൊടുംവേദനയും അംഗഭംഗവുമാണ്. കാൽപന്തിനു പിന്നാലെ ഇരുകൈകളും വീശി ഓടിയിരുന്ന സുൽത്താന് ഇനി കളിക്കളത്തിൽ കൂട്ടുകാർ ആഹ്ളാദത്തിൽ കളിച്ചുലസിക്കേണ്ടിവരുമ്പോൾ പുറത്തിരുന്നു കാണേണ്ടി വരുന്ന ദുർഗതിയാണ് വന്നത്.
ഒരു കൈമുറിച്ചു മാറ്റേണ്ടി വന്ന ഈ ബാലന് ഇനി പന്തിനു പിന്നാലെ ഓടാനും നെഞ്ചോട് ചേർത്ത് പന്ത് വാരിപ്പുണരാനും കഴിയില്ല. ഇടതുകൈ മുട്ടിനു താഴെ മുറിച്ചുമാറ്റിയതിന്റെ അസഹീനയമായ വേദന അനുഭവിച്ചു കഴിയുകയാണ് ഈകൗമാരക്കാരൻ. സുൽത്താനെ കാണാനും സമാശ്വസിപ്പിക്കാനും സമൂഹത്തിലെ നിരവധിയാളുകൾ പുല്യോട്ടുള്ള ബന്ധുവീട്ടിലെത്തുന്നുണ്ട്. സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾ കഴിഞ്ഞ ദിവസം വിവരങ്ങൾ അറിയാൻ ഇവിടെ എത്തിയിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്